Latest News

ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ രംഭയുടെ ഹര്‍ജി


[www.malabarflash.com] താരങ്ങള്‍ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ മത്സരിക്കുന്ന കാലത്ത് വേറിട്ടൊരു ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് നടി രംഭ. വേര്‍പിരിഞ്ഞുകഴിയുന്ന ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കണം എന്നാണ് ചെന്നൈ രണ്ടാം അഡിഷണല്‍ കുടുംബ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ രംഭ ആവശ്യപ്പെട്ടിരിക്കുന്നത്. ഹിന്ദു മാര്യേജ് ആക്ടിലെ സെക്ഷന്‍ ഒന്‍പത് അനുസരിച്ചാണ് രംഭ ഹര്‍ജി നല്‍കിയത്. രംഭയുടെ ഹര്‍ജി പരിഗണിക്കുന്നത് കോടതി ഡിസംബര്‍ മൂന്നിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
കാനഡയിലെ ബിസിനസുകാരനായ ഭര്‍ത്താവ് ഇന്ദിരന്‍ പത്മനാഭനുമായി ഏതാനും നാളായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു, ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ ലോകം അടക്കിവാണ, രംഭ. 2010ലാണ് രംഭ ഇന്ദ്രന്‍ പത്മനാഭനെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ട്. ഭര്‍ത്താവിനെ ബിസിനസില്‍ സഹായിച്ച് രംഭയും ഏറെനാള്‍ കാനഡയിലെ ടൊറന്റോയിലായിരുന്നു.
ആന്ധപ്രദേശിലെ വിജയവാഡ സ്വദേശിയായ രംഭയുടെ യഥാര്‍ഥ പേര് വിജയലക്ഷ്മി എന്നാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഭോജ്പുരി, ബംഗാളി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
അമൃത എന്ന പേരില്‍ ഹരിഹരന്റെ സര്‍ഗത്തിലൂടെയാണ് ആദ്യമായി  മലയാളത്തില്‍ എത്തിയത്. മമ്മൂട്ടിയുടെയും ദിലീപിന്റെയും ജയറാമിന്റെയുമെല്ലാം നായികയായി ഒന്‍പത് ചിത്രങ്ങളില്‍ അഭിനയിച്ചു. സഞ്ജീവ് രാജിന്റെ ദിലീപ് ചിത്രമായ ഫിലിംസ്റ്റാറായിരുന്നു അവസാന ചിത്രം.


Keywords: Film News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.