Latest News

വിജയ ബാങ്ക്‌ കൊള്ള; അഞ്ചു പ്രതികള്‍ക്ക്‌ 10 വര്‍ഷം കഠിന തടവ്‌

കാസര്‍കോട്‌:[www.malabarflash.com] കോളിളക്കം സൃഷ്‌ടിച്ച ചെറുവത്തൂര്‍ വിജയ ബാങ്ക്‌ കൊള്ളക്കേസില്‍ അഞ്ചുപ്രതികളെ 10 വര്‍ഷം വീതം കഠിന തടവിന്‌ ശിക്ഷിച്ചു. ബാങ്കിന്‌ നഷ്‌ട പരിഹാരമായി 75 ലക്ഷം രൂപ നല്‍കണമെന്നും കോടതി വിധി പ്രസ്‌താവനയില്‍ പറഞ്ഞു. 
വിവിധ വകുപ്പുകളിലാണ്‌ അഞ്ച്‌ പ്രതികളെയും ശിക്ഷിച്ചത്‌. ഒരാളെ വെറുതെ വിട്ടു. ആറാം പ്രതി ഇപ്പോഴും ഒളിവിലാണ്‌. ഇയാള്‍ക്കെതിരെയുള്ള കേസ്‌ തുടരും.

കര്‍ണ്ണാടക, കുടക്‌, കുശാല്‍നഗര്‍ ബേക്കില ഹള്ളിയിലെ സുലൈമാന്‍ (42), ഹൊസ്‌ദുര്‍ഗ്ഗ്‌, ബളാല്‍ കല്ലഞ്ചിറയിലെ ലണ്ടന്‍ ഹൗസിലെ അബ്‌ദുല്‍ ലത്തീഫ്‌ (24), കാഞ്ഞങ്ങാട്‌, ബല്ല മുറിയനാവിയിലെ മുബഷീര്‍ (24), ഇടുക്കി, രാജഗിരി, പുളയങ്കോട്ടെ എ.ജെ.മുരളി എന്ന തുരപ്പന്‍ മുരളി (65). ചെര്‍ക്കള, ചെങ്കള, ബേര്‍ക്കയിലെ അബ്‌ദുല്‍ ഖാദര്‍ എന്ന മനാഫ്‌ (30) എന്നിവരെയാണ്‌ കാസര്‍കോട്‌ സി ജെ എം കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയത്‌.
കേസിലെ ഏഴാം പ്രതി മടിക്കേരി എരുമാട്‌, ദര്‍ഗ്ഗയ്‌ക്കു സമീപത്തെ പുരളി ഹൗസില്‍ അബ്‌ദുല്‍ ഖാദറി(48)നെയാണ്‌ വെറുതെവിട്ടത്‌. 
ആറാം പ്രതി കര്‍ണ്ണാടക, ശാന്തിഹള്ളിയിലെ അഷ്‌റഫ്‌ ഇപ്പോഴും ഒളിവിലാണ്‌.
2015 സെപ്‌തംബര്‍ 27ന്‌ രാത്രിയിലാണ്‌ വിജയബാങ്കിന്റെ ചെറുവത്തൂര്‍ ശാഖയില്‍ കൊള്ള നടന്നത്‌. ഇരുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബാങ്കിന്റെ താഴത്തെ നില വ്യാപാരാവശ്യത്തിനാണെന്ന വ്യാജേന വാടകയ്‌ക്ക്‌ എടുത്താണ്‌ കൊള്ള നടത്തിയത്‌. ഈ മുറിയുടെ സ്ലാബ്‌ തുരന്നാണ്‌ കൊള്ളക്കാര്‍ ബാങ്കിന്റെ സ്‌ട്രോംഗ്‌ റൂമിനകത്തു കടന്നത്‌. 20 കിലോ സ്വര്‍ണ്ണവും 2.95 ലക്ഷം രൂപയുമാണ്‌ കൊള്ളയടിക്കപ്പെട്ടത്‌. കവര്‍ച്ചാമുതലില്‍ നിന്നു രണ്ടു കിലോ സ്വര്‍ണ്ണം ഇനിയും കണ്ടെടുക്കാനുണ്ട്‌. ബാങ്ക്‌ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ്‌ കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞത്‌.
2016 ജൂണ്‍ രണ്ടിനാണ്‌ പ്രമാദമായ കേസിന്റെ വിചാരണ ആരംഭിച്ചത്‌. ഈ മാസം 9ന്‌ വിചാരണ പൂര്‍ത്തിയായി. പ്രോസിക്യൂഷനു വേണ്ടി 85 സാക്ഷികളെ കോടതി വിസ്‌തരിച്ചു. 745 റെക്കോര്‍ഡുകളും 1108 തൊണ്ടിമുതലുകളും കോടതി പരിഗണിച്ചു. അന്നത്തെ ജില്ലാ പോലീസ്‌ ചീഫായിരുന്ന ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ഡി വൈ എസ്‌ പി ഹരിശ്ചന്ദ്രനായക്‌, സി ഐ കെ ഇ പ്രേമചന്ദ്രന്‍, സി കെ സുനില്‍ കുമാര്‍, യു പ്രേമന്‍ എന്നിവരടങ്ങിയ 21 അംഗ സംഘമാണ്‌ കേസ്‌ അന്വേഷിച്ചത്‌.പ്രോസിക്യൂഷനു വേണ്ടി ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ്‌ പ്രോസിക്യൂഷന്‍ കെ പ്രഭാകരന്‍ ഹാജരായി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.