Latest News

മലപ്പുറം ജലനിധി ഓഫിസ് തട്ടിപ്പ്: മുഖ്യപ്രതിയായ നീലേശ്വരം സ്വദേശി അറസ്റ്റില്‍

മലപ്പുറം:[www.malabarflash.com] ജലനിധി പദ്ധതി പ്രകാരം പഞ്ചായത്തുകള്‍ക്ക് നല്‍കുന്ന ഫണ്ടില്‍നിന്ന് കൃത്രിമ രേഖകളുണ്ടാക്കി ആറ് കോടിയിലധികം രൂപ തട്ടിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. 
കാസര്‍കോട് നീലേശ്വരം പൈനി വീട്ടില്‍ പ്രവീണ്‍കുമാറിനെയാണ് (40) മലപ്പുറം ഡിവൈ.എസ്.പി പി.എം. പ്രദീപിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ സി.ഐ കെ. പ്രേംജിത്തും സംഘവും അറസ്റ്റ് ചെയ്തത്.

മലപ്പുറം റീജനല്‍ ജലനിധി ഓഫിസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. ജലനിധി ഫണ്ട് പഞ്ചായത്തുകളുടെ അക്കൗണ്ടിലേക്ക് കൈമാറാന്‍ ജലനിധി റീജനല്‍ പ്രോജക്ട് ഡയറക്ടര്‍ ഒപ്പിട്ടുനല്‍കുന്ന കത്തിന് പകരം സ്വന്തം അക്കൗണ്ട് നമ്പര്‍ ചേര്‍ത്ത വ്യാജ കത്തുണ്ടാക്കി ബാങ്കില്‍ നല്‍കിയായിരുന്നു തട്ടിപ്പ്. 

സംഭവം പുറത്തായതിന് പിറകെ പ്രവീണ്‍കുമാര്‍ മുങ്ങി.
തട്ടിപ്പിന് കൂട്ടുനിന്ന കുറ്റത്തിന് പ്രവീണിന്റെ ഭാര്യ ദീപയെയും ഒളിവില്‍ കഴിയാന്‍ സഹായിച്ച കുറ്റത്തിന് ബന്ധു മിഥുന്‍ കൃഷ്ണയെയും നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജാമ്യം ലഭിച്ച ഭാര്യയെ കാണാന്‍ മംഗളൂരുവില്‍നിന്ന് നീലേശ്വരത്തേക്ക് ട്രെയിനില്‍ വരവെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ക്രമക്കേട് നടന്നതായി ജലനിധി മലപ്പുറം റീജനല്‍ പ്രോജക്ട് ഡയറക്ടര്‍ നല്‍കിയ പരാതിയില്‍ നവംബര്‍ നാലിനാണ് മലപ്പുറം പോലീസ് കേസെടുത്തത്.
ഇതേതുടര്‍ന്ന് മൊബൈല്‍ ഓഫ് ചെയ്ത് മുങ്ങിയ പ്രതി കാഞ്ഞങ്ങാട്, കുടക്, മംഗളൂരു എന്നിവിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞു. 

തട്ടിയ പണം ഉപയോഗിച്ച് എറണാകുളത്ത് രണ്ട് ഫ്‌ളാറ്റും പെരിന്തല്‍മണ്ണയില്‍ സ്വന്തം പേരിലും ഭാര്യാപിതാവിന്റെ പേരിലും വീടും സ്ഥലവും വാങ്ങി. 68 ലക്ഷം രൂപക്ക് ബി.എം.ഡബ്‌ള്യൂ കാര്‍, ജീപ്പ്, ആള്‍ട്ടോ കാര്‍ എന്നിവയും വാങ്ങി.
തട്ടിപ്പില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നത് അന്വേഷിച്ചുവരികയാണെന്നും തുടരന്വേഷണത്തിനായി വിജിലന്‍സിന് കേസ് കൈമാറുമെന്നും പോലീസ് അറിയിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.