Latest News

ശരീഅത്തില്‍ ഭേദഗതി അനുവദിക്കില്ല: കാന്തപുരം

കൊച്ചി:[www.malabarflash.com] ഇസ്‌ലാമിക ശരീഅത്ത് സാര്‍വ്വ കാലികവും പ്രായോഗികവുമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി എറണാകുളത്ത് സംഘടിപ്പിച്ച ശരീഅത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ശരീഅത്ത് അല്ലാഹുവിന്റെ നിയമമാണ്. അത് ഒരു സര്‍വ്വേയിലൂടെയോ നിയമ നിര്‍മ്മാണത്തിലൂടെയോ മാറ്റാന്‍ കഴിയുന്ന ഒന്നല്ല. ഒരു മുസ്‌ലിം വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതം പൂര്‍ണ്ണമായും ശരീഅത്തുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഇസ്‌ലാമിക ശരീഅത്തിന് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. ഏക സിവില്‍ കോഡും മുത്വലാഖും പറഞ്ഞ് ശരീഅത്തിനെ പരിഹസിക്കുന്നവര്‍ ഇസ്‌ലാമിനെ പഠിക്കാന്‍ തയ്യാറാവണം. 

അല്ലാഹു അങ്ങേയറ്റം വെറുക്കപ്പെടുന്നൊരു സംഗതിയാണ് ത്വലാഖ് അഥവാ വിവാഹ മോചനം. വസ്തുത ഇതാണെന്നിരിക്കേ മുസ്‌ലിം സ്ത്രീയുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നവര്‍ക്ക് അവരുടെ നയല്ല മറ്റെന്തൊക്കെയോ ആണ് ലക്ഷ്യം. ഇന്ത്യയിലെ മുഴുവന്‍ പൗരന്‍മാര്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നീതി ഉറപ്പ് വരുത്താന്‍ ആവശ്യമായ നിര്‍ദ്ധേശങ്ങള്‍ നമ്മുടെ ഭരണഘടനയില്‍ വ്യക്തമായി പറയുന്നുണ്ട്. 

രാജ്യത്തെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളുടെ മൗലികാവകാശങ്ങളെ ഹനിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഇന്ത്യയുടെ ബഹുസ്വരതയില്‍ വിശ്വസിക്കുന്ന ഈ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന മതേതര വിശ്വാസികള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. 

കഴിഞ്ഞ എഴുപത് വര്‍ഷങ്ങളായി ഈ രാജ്യത്തിന്റെ ചരിത്രം മതങ്ങളുടെ വ്യക്തിത്വം അംഗീകരിച്ച് കൊണ്ട് മുന്നോട്ട് പോയതാണ്. ദേശീയോദ്ഗ്രഥനവും ദേശീയ ഐക്യവും നടപ്പിലാക്കേണ്ടവര്‍ യൂണിയന്‍ സിവില്‍ കോഡിന്റെയും മുത്വലാഖിന്റെയും പേരില്‍ രാജ്യത്ത് ശിഥിലീകരണത്തിന് ശ്രമിക്കുന്നത് അങ്ങേയറ്റം ഖേദകരമാണ്. കാന്തപുരം തുടര്‍ന്ന് പറഞ്ഞു.

സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ കൂടിയാലോചനാ സമിതിയിലെ നാല്പതംഗ പണ്ഡിതന്മാരുടെ സാന്നിധ്യത്തിലായിരുന്നു സമ്മേളനം സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്ത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമൈന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു.

സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സി.മുഹമ്മദ് ഫൈസി വിഷയമവതരിപ്പിച്ചു. കേരളാ മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഖലീല്‍ ബുഖാരി തങ്ങള്‍ ,വണ്ടൂര്‍ അബ്ദുല്‍ റഹ്മാന്‍ ഫൈസി, അബുല്‍ ബുഷ്‌റ മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), ബഷീര്‍ വഹബി (സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ) പ്രസംഗിച്ചു. എ.പി മുഹമ്മദ് മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അഡ്വ.എ.കെ ഇസ്മാഈല്‍ വഫ, പ്രൊഫ.കെ.എം.എ റഹീം, എന്‍ അലി അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.