Latest News

പ്രതിഷേധ സാഗരം തീര്‍ത്ത് എസ് വൈ എസ് എയര്‍പോര്‍ട്ട് മാര്‍ച്ച്

മലപ്പുറം :[www.malabarflash.com] ‘കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല’ എന്നു പ്രഖ്യാപിച്ച് എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച എയര്‍പോര്‍ട്ട് മാര്‍ച്ചില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പതിനായിരങ്ങള്‍ അണിനിരന്നു.
ഒരു ജനതയുടെ സ്വപ്നവും പ്രതീക്ഷയുമായ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പഴയ പോലെ ജംബോ വിമാനമിറങ്ങാനുള്ള അനുമതി തടഞ്ഞുവെക്കുന്ന ഗൂഢശക്തികള്‍ക്കുള്ള ജനകീയ താക്കീതായി മാറി എസ് വൈ എസ് നടത്തിയ എയര്‍പോര്‍ട്ട് മാര്‍ച്ച്.

കൊളത്തൂര്‍ ജംഗ്ഷനില്‍ നിന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീന്‍ അഹ്്‌സനിയുടെ പ്രാര്‍ത്ഥയോടെ തുടക്കം കുറിച്ച മാര്‍ച്ചിന് സയ്യിദ് സീതിക്കോയ തങ്ങള്‍, ഇ കെ മുഹമ്മദ് കോയ സഖാഫി, എന്‍ എം സ്വദിഖ് സഖാഫി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, ടി അലവി പുതുപറമ്പ്, വി പി എം ബശീര്‍, കരുവള്ളി അബ്ദുറഹീം, എ പി ബശീര്‍, വടശ്ശേരി ഹസന്‍ മുസ്്‌ലിയാര്‍, പി അബ്ദുഹാജി വേങ്ങര, ഹസന്‍ സഖാഫി തറയിട്ടാല്‍, എ കെ കുഞ്ഞീതു മുസ്്‌ലിയാര്‍, പി എ ലത്വീഫ് മാസ്റ്റര്‍, മുസ്തഫ സഖാഫി ഇരിങ്ങല്ലൂര്‍ നേതൃത്വം നല്‍കി.

ചിട്ടയായി അച്ചടക്കത്തോടെ നീങ്ങിയ പ്രതിഷേധ പ്രകടനത്തില്‍ കരിപ്പൂരിനെതിരെ ചരടുവലിക്കുന്ന സ്വകാര്യ വിമാനത്താവള ലോബിക്കെതിരെയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു കേട്ടു. തങ്ങള്‍ മണ്ണും വിണ്ണും വിട്ടുകൊടുത്തു പടുത്തുയര്‍ത്തിയ വിമാനത്താവളം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന താക്കീതാണ് എസ് വൈ എസ് മാര്‍ച്ച് അധികൃതര്‍ക്ക് നല്‍കിയത്.

റണ്‍വേയുടെ അറ്റകുറ്റപണികള്‍ക്കായി മാത്രം ജംബോ വിമാന സര്‍വ്വീസ് നിര്‍ത്തുന്നുവെന്നാണ് 2015ല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പറഞ്ഞിരുന്നത്. അക്കാരണത്താല്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ ഹജ്ജ് സര്‍വ്വീസ് പോലും കരിപ്പൂരില്‍ നിന്നൊഴിവാക്കിയിരുന്നു. വലിയ വിമാനങ്ങളിറങ്ങിയാലേ ഹജ്ജ് സര്‍വ്വീസുകള്‍ കരിപ്പൂരില്‍ പുനരാരംഭിക്കാനാകൂ. റണ്‍വേയുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായിട്ടും 2015 ഏപ്രില്‍ 30 ലെ സ്റ്റാറ്റസ്‌കോ പുന:സ്ഥാപിച്ച് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ തടസ്സവാദങ്ങള്‍ നിരത്തുന്ന സിവില്‍ ഏവിയേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണ് വെളിച്ചത്തു കൊണ്ടുവരേണ്ടതെന്ന് റാലിയെ അഭിസംബോധന ചെയ്ത നേതാക്കള്‍ പറഞ്ഞു.

പ്രതിഷേധ മാര്‍ച്ചിന്റെ സമാപന സംഗമം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എ മുഹമ്മദ് പറവൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. കേരള ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പൊറേഷന്‍ ചെയര്‍മാന്‍ പ്രൊഫസര്‍ എ പി അബ്ദുല്‍ വഹാബ് മുഖ്യാതിഥിയായി. എം ഡി എഫ് ചെയര്‍മാന്‍ കെ എം ബശീര്‍, എം അബൂബക്കര്‍ മാസ്റ്റര്‍, അബ്ദുല്‍ അസീസ് സഖാഫി മമ്പാട് പ്രസംഗിച്ചു. കെ പി ജമാല്‍ കരുളായി സ്വഗതവും പി എ ബശീര്‍ അരിമ്പ്ര നന്ദിയും പറഞ്ഞു. സംസ്ഥാന നേതാക്കളായ പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, റഹ്്മത്തുള്ള സഖാഫി എളമരം, സയ്യിദ് തുറാബ് തങ്ങള്‍ സഖാഫി സംബന്ധിച്ചു. തുടര്‍ന്ന് ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് നിവേദനം നല്‍കി.
പ്രക്ഷോഭത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രാദേശിക തലങ്ങളില്‍ നിന്നും സ്വരൂപിക്കുന്ന അഞ്ച് ലക്ഷം ഒപ്പുകളടങ്ങിയ ഭീമ ഹരജി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് സമര്‍പ്പിക്കും.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.