Latest News

തിരിച്ചുപിടിക്കല്‍ തുടരും; മല്യയുടെ കിട്ടാക്കടം എഴുതിത്തള്ളിയിട്ടില്ലെന്ന് ജയ്റ്റ്‌ലി


ന്യൂഡല്‍ഹി: [www.malabarflash.com] രാജ്യം വിട്ട വിവാദ വ്യവസായി വിജയ്മല്യയുടെ ഉള്‍പ്പെടെയുള്ള കിട്ടാക്കടം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയിട്ടില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. രേഖകള്‍ സൂക്ഷിക്കാനുള്ള എളുപ്പത്തിനു വേണ്ടിയാണിത്. കുടിശിക തിരിച്ചുപിടിക്കാന്‍ ബാങ്കിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ മാധ്യമമായ ഡിഎന്‍എ ആണ് മല്യയുടെ കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റേതടക്കം (കെഎഫ്എ) നൂറു വ്യവസായികളുടെ 7016 കോടി രൂപയുടെ കുടിശിക എസ്ബിഐ എഴുതിതള്ളിയതായി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കെഎഫ്എക്ക് 1201 കോടി രൂപയുടെ കുടിശികയാണുള്ളത്. ഇവരാണ് കിട്ടാക്കടത്തിന്റെ പട്ടികയില്‍ മുന്നിലുള്ളതും.

അതേസമയം സാധാരണയായുള്ള ബാങ്കിങ് നടപടി  മാത്രമാണിതെന്നാണ് ബാങ്കിങ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വായ്പ കുടിശിക എഴുതിത്തള്ളുമെങ്കിലും പണം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ തുടരും. മല്യയുടേതുള്‍പ്പെടെയുള്ള വായ്പ അഡ്വാന്‍സ് അണ്ടര്‍ കലക്ഷന്‍ അക്കൗണ്ടിലേക്ക് (എയുസിഎ) മാറ്റുകയാണ് ചെയ്തിരിക്കുന്നത്. നിഷ്‌ക്രിയ ആസ്തിക്ക് തുല്യമായ തുക ബാങ്കിന്റെ ലാഭത്തില്‍ നിന്ന് വകയിരുത്തിയ ശേഷം മാത്രമാണ് ഈ എഴുതിത്തള്ളല്‍ പ്രക്രിയ നടത്തുന്നതും.

നിക്ഷേപകര്‍ക്കുണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കുക കൂടി ഈ എഴുതിത്തള്ളലിനു പിന്നിലുണ്ട്. ചെറിയ തുകയ്ക്കുള്ള വായ്പകളില്‍ പോലും ബാങ്കുകള്‍ ഈ നടപടി സ്വീകരിക്കാറുണ്ട്. എന്നു കരുതി കുടിശികയായ തുക തിരിച്ചു പിടിക്കാതിരിക്കില്ല. അത് സാധാരണ രീതിയില്‍ തന്നെ തുടരുമെന്നും ബാങ്കിങ് വിദഗ്ധര്‍ പറയുന്നു.

കുടിശ്ശിക വരുത്തിയവരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള 63 പേരുടെ കുടിശികയാണ് പൂര്‍ണമായും എഴുതിതള്ളിയത്. 31 പേരുടെ കടം ഭാഗികമായും ആറുപേരുടെത് നിഷ്‌ക്രിയ ആസ്തിയുമായി കണക്കാക്കിയാണ് ഒഴിവാക്കിയത്. ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ളതാണ് കണക്കുകള്‍. 48,000 കോടി രൂപയുടെ വായ്പ കുടിശ്ശികയാണ് എസ്ബിഐയ്ക്ക് ആകെ ഉണ്ടായിരുന്നത്. കെഎസ് ഓയില്‍ (596 കോടി), സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ് (526 കോടി), ജിഇടി പവര്‍ (400കോടി), സായി ഇന്‍ഫോ സിസ്റ്റം (376 കോടി) എന്നിവരാണ് കുടിശ്ശിക എഴുതി തള്ളിയവരുടെ പട്ടികയില്‍ മുന്നിലുള്ളത്.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.