Latest News

കാല്‍നൂറ്റാണ്ടുകാലം ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയ ക്ലിനിക്ക് ഉടമ അറസ്റ്റില്‍

ചിറ്റാരിക്കാല്‍:[www.malabarfalsh.com] കാല്‍ നൂറ്റാണ്ടുകാലമായി ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിവരികയായിരുന്ന ക്ലിനിക് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാല്‍ കമ്പല്ലൂരില്‍ സ്വകാര്യ ക്ലിനിക് ഉടമയായ ബേബി എന്ന കെ എം അബ്രഹാമിനെ(47)യാണ് ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

അബ്രഹാം കമ്പല്ലൂരില്‍ ഏറെ നാളായി ക്ലിനിക്ക് നടത്തിവരികയായിരുന്നു.
കഴിഞ്ഞ ദിവസം കമ്പല്ലൂരിലെ ഒരു കുട്ടി കടുത്ത പനി ബാധിച്ച് അബ്രഹാമിന്റെ ക്ലിനിക്കില്‍ ചികില്‍സ തേടിയെത്തിയിരുന്നു. ഇവിടെ നിന്നും നല്‍കിയ ഗുളിക വീട്ടിലെത്തിയ ശേഷം കഴിച്ച കുട്ടി തളര്‍ന്നുവീഴുകയായിരുന്നു. കുട്ടിയുടെ നില ഗുരുതരമായതോടെ കുട്ടിയെ വീട്ടുകാര്‍ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കുട്ടിക്ക് നല്‍കിയത് പനിക്കുള്ള ഗുളികയല്ലെന്ന് ഇവിടെ നടത്തിയ പരിശോധനയില്‍ വ്യക്തമാവുകയും ചെയ്തു.
ഇതേ തുടര്‍ന്ന് അബ്രഹാമിനെതിരെ കുട്ടിയുടെ വീട്ടുകാര്‍ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അബ്രഹാമിന്റെ ക്ലിനിക്കില്‍ റെയ്ഡ് നടത്തുകയും ചികില്‍സ നടത്താനുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഇയാള്‍ക്കില്ലെന്ന് ബോധ്യപ്പെടുകയും ചെയ്തു. 

ആശുപത്രിയില്‍ വെറും ജീവനക്കാരനായിരുന്ന അബ്രഹാം കാല്‍നൂറ്റാണ്ടുകാലത്തോളം വ്യാജചികില്‍സ നടത്തി ആളുകളെ കബളിപ്പിക്കുകയായിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. മുമ്പ് പയ്യന്നൂരിലെ ഒരു സ്വകാര്യാശുപത്രിയിലാണ് അബ്രഹാം ജോലി ചെയ്തിരുന്നത്. 

ആ സമയത്തും ഇയാള്‍ ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് പല തട്ടിപ്പുകളും നടത്തിയിരുന്നു. ആശുപത്രിയിലെ ജോലി നഷ്ടമായതോടെയാണ് അബ്രഹാം ചിറ്റാരിക്കാലില്‍ സ്വന്തമായി ക്ലിനിക്ക് തുടങ്ങിയത്. അബ്രഹാമിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഗ്രാമപ്രദേശമായതിനാല്‍ കമ്പല്ലൂരിലെ ' വ്യാജ ഡോക്ടറുടെ' ചികിത്സ തേടിയെത്തുന്നവര്‍ നിരവധിയായിരുന്നു. എബ്രഹാം മതിയായ രേഖകളില്ലാതെ പരിശോധന ബിസിനസ്സാക്കി മാറ്റുകയായിരുന്നു. നാട്ടുകാരുടെ പിന്തുണ ആര്‍ ജ്ജിച്ചാണ് ഇയാള്‍ കമ്പല്ലൂരില്‍ തമ്പടിച്ചത്. പോലീസ് കഴിഞ്ഞ 25 വര്‍ഷമായി എബ്ര ഹാം നടത്തിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പരിശോധിച്ച് വരുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.