Latest News

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ്

വാഷിങ്ടണ്‍:[www.malabarflash.com] ആകാംക്ഷയ്ക്കും കാത്തിരിപ്പിനും വിരാമമായി. പ്രവചനങ്ങളെ കാറ്റില്‍പറത്തി അമേരിക്കയുടെ 45 ാമത് പ്രസിഡന്റായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും പ്രമുഖ വ്യവസായിയുമായ ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു.

288 സീറ്റുകള്‍ നേടിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇലക്ട്രല്‍ കോളജില്‍ ഭൂരിപക്ഷം ഉറപ്പിച്ചത്. 50 സംസ്ഥാനങ്ങളില്‍ നിന്നും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയില്‍ നിന്നും 538 അംഗങ്ങളുള്ള ഇലക്ട്രല്‍ കോളേജാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക.

70 വയസുള്ള ട്രംപ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള പ്രസിഡന്റാണ്. മാര്‍ക്ക് പെന്‍സാണ് പുതിയ വൈസ് പ്രസിഡന്റ്. 57 കാരനായ പെന്‍സ് നിലവില്‍ ഇന്‍ഡ്യാന ഗവര്‍ണറാണ്.

219 വോട്ടുകള്‍ നേടിയ ഹില്ലരിയുടെ പരാജയത്തോടെ എട്ടു വര്‍ഷത്തെ ഡെമോക്രാറ്റിക്ക് ആധിപത്യമാണ് അവസാനിച്ചത്.

യു.എസ് ഹൗസിലേക്ക് 221 വോട്ടുകളിലൂടെയും യു.എസ് സെനറ്റിലേക്ക് 51 വോട്ടുകളിലൂടെയും റിപ്പബ്ലിക്കന്‍സ് ഭൂരിപക്ഷം നേടി.

യു.എസ്. കോണ്‍ഗ്രസിലേക്ക് പാലക്കാട്ട് വേരുകളുള്ള പ്രമീള ജയ്പാല്‍ തിരഞ്ഞെടുക്കപ്പെട്ടു. വാഷിങ്ടണ്‍ സ്റ്റേറ്റ് സെനറ്റര്‍ കൂടിയായ ഇവര്‍ സിയാറ്റിലില്‍ നിന്നാണ് വിജയിച്ചത്. യു.എസില്‍ മനുഷ്യാവകാശപ്രവര്‍ത്തനങ്ങളിലൂടെയാണ് മുഖ്യധാരയിലെത്തിയത്.

യു.എസ്. സെനറ്റിലെ ആദ്യ ഇന്ത്യന്‍ വനിതയായി കമല ഹാരിസും തിരഞ്ഞെടുക്കപ്പെട്ടു. കമലയുടെ അമ്മ ചെന്നൈ സ്വദേശിയും അച്ഛന്‍ ജമൈക്കക്കാരനുമാണ്.

ഡെമോക്രാറ്റ് കോട്ടകളില്‍ ആധിപത്യം സ്ഥാപിക്കാനായി എന്നതാണ് ട്രംപിന്റെ വിജയത്തിന്റെ സുപ്രധാന ഘടകമെന്നു പറയാം....

രാഷ്ട്രീയ വിദഗ്ധരുടെ പ്രവചനങ്ങളെല്ലാം ഹില്ലരിക്ക് അനുകൂലമായിരുന്നു. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ സംസ്ഥാനങ്ങള്‍ പലതും ഇത്തവണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്.

2012-ല്‍ ബറാക്ക് ഒബാമയെ വിജയിപ്പിച്ച സ്ഥലമാണ് മിഷിഗണ്‍. വ്യാവസായിക തകര്‍ച്ചയും തൊഴിലില്ലായ്മയും രൂക്ഷമായ മിഷിഗണിലെ ജനങ്ങള്‍ ഇത്തവണ ട്രംപിന് അനുകൂലമായി വോട്ടു ചെയ്തു. തിരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തെ തൊഴില്‍പ്രശ്നങ്ങളെ കുറിച്ചുള്ള ട്രംപിന്റെ നിലപാടുകള്‍ ജനങ്ങളെ അനുകൂലമാക്കിയെന്നാണ് ഇതുവ്യക്തമാക്കുന്നത്.

ഹിസ്പാനിക് വംശജരുടെ മേഖലയായ, മെക്സികോ അതിര്‍ത്തിയിലെ അരിസോണയിലും ട്രംപ് ഒന്നാമനായി. കഴിഞ്ഞ തവണ ഒബാമ തോറ്റ സംസ്ഥാനമാണെങ്കിലും ഹില്ലരിക്ക് സ്വാധീനമുണ്ടെന്ന് പ്രതീക്ഷിച്ച സ്ഥലമാണിത്. മെക്സികന്‍ അതിര്‍ത്തിയില്‍ മതിലുകെട്ടണമെന്നുള്ള പ്രസംഗവും

ഇലക്ട്രല്‍ കോളേജിലെ നിര്‍ണായകശക്തിയായ ഒഹിയോയുടെ വോട്ടും ട്രംപിന് തന്നെ ലഭിച്ചു. 1960 ഒഴികെ ഒഹിയോയില്‍ വിജയിക്കാതെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയിട്ടില്ല.

നിര്‍ണായകമായ ആറ് സ്വിങ് സ്റ്റേറ്റുകളില്‍ അഞ്ചിലും ട്രംപിന് വ്യക്തമായ ഭൂരിപക്ഷം നേടാനായി.

ഒബാമ പ്രചരണം നടത്തിയ സ്ഥലങ്ങളിലൊക്കെ ഹില്ലരി തോറ്റു എന്നതും അമേരിക്കന്‍ ജനതയുടെ ഭരണവിരുദ്ധ വികാരം വ്യക്തമാക്കുന്നു.

32 ലക്ഷം ഇന്ത്യന്‍ വോട്ടുകളാണ് അമേരിക്കയിലുള്ളത്. ഇതില്‍ ഭൂരിഭാഗവും റിപ്പബ്ലിക്കന്‍ ചായ്വുള്ളവരും. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഹിന്ദുക്കളെയും പുകഴ്ത്തി പ്രചാരണത്തില്‍ തിളങ്ങിയ ട്രംപിന് ഇന്ത്യന്‍ വോട്ടുകളും അനുകൂലമായി. മോദിയുടെ തിരഞ്ഞെടുപ്പ് പരസ്യം അനുകരിച്ച് അബ് കേ ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്ന പരസ്യം പോലും പ്രത്യക്ഷപ്പെട്ടിരുന്നു.
(കടപ്പാട്: മാതൃഭൂമി)


Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.