Latest News

കണ്ണൂര്‍ വി.സി ഡോ.ഖാദര്‍ മാങ്ങാടിന് എതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി

തലശ്ശേരി:[www.malabarflash.com] പിഎച്ച്.ഡി നേടുന്നതിന് ഹാജര്‍ പുസ്തകത്തില്‍ കൃത്രിമം നടത്തി വ്യാജ ഹാജര്‍ സര്‍ട്ടിഫിക്കറ്റ് നേടിയെന്ന പരാതിയില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാടിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു. കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പിയോടാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് (സ്‌പെഷല്‍) ജഡ്ജി വി. ജയറാം നിര്‍ദേശം നല്‍കിയത്.

കണ്ണൂര്‍ സര്‍വകലാശാല ലൈബ്രറിയിലെ ജൂനിയര്‍ ലൈബ്രേറിയന്‍ പി. സുരേന്ദ്രന്‍ അഡ്വ. ബി.പി. ശശീന്ദ്രന്‍ മുഖേന നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ അസോസിയേറ്റ് പ്രഫസറായിരിക്കെയാണ് തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ ഡോ. ഖാദര്‍ മാങ്ങാട് ഗവേഷണം നടത്തിയത്. ആറുമാസം തുടര്‍ച്ചയായി ബ്രണ്ണന്‍ കോളജില്‍ ഹാജരായെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമേ പിഎച്ച്.ഡി ലഭിക്കുകയുള്ളൂ. ഇതിനായി ഒരേദിവസം കാഞ്ഞങ്ങാട് നെഹ്‌റു കോളജിലും തലശ്ശേരി ബ്രണ്ണന്‍ കോളജിലും അദ്ദേഹം ഒപ്പ് രേഖപ്പെടുത്തിയതായും കലണ്ടറിലില്ലാത്ത സെപ്റ്റംബര്‍ 31, ഫെബ്രുവരി 29 തീയതികളിലും ദേശീയ അവധി ദിവസങ്ങളിലും ഒപ്പിട്ടതായുമാണ് പരാതിക്കാരന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ പിഎച്ച്.ഡിയുടെ ഭാഗമായി രേഖപ്പെടുത്തിയ ഒപ്പുകള്‍ വ്യാജമാണെന്ന വാദമാണ് പരാതിക്കാരന്‍ വിജിലന്‍സ് കോടതിയില്‍ ഉന്നയിച്ചത്.

54 ദിവസം നെഹ്‌റു കോളജിലും തലശ്ശേരി ബ്രണ്ണന്‍ കോളജിലും ഒരേദിവസം ഒപ്പിട്ടതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതോടൊപ്പം ചില മൂല്യ നിര്‍ണയ ക്യാമ്പില്‍ ഖാദര്‍ മാങ്ങാട് പങ്കെടുത്തതായും പരാതിയില്‍ പറഞ്ഞിരുന്നു. 

പരാതിയില്‍ ത്വരിതാന്വേഷണം നടത്താന്‍ കോടതി നേരത്തേ കണ്ണൂര്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് പരാതിയില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പില്ലെന്ന റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍, പരാതിക്കാരന്‍ ഈ റിപ്പോട്ടില്‍ തടസ്സവാദമുന്നയിച്ചു. ഇതില്‍ വാദം കേട്ട കോടതി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിയല്ലെന്ന് കണ്ടത്തെിയിരുന്നു. 

ഇതേതുടര്‍ന്ന് തിങ്കളാഴ്ച കേസ് പരിഗണിച്ച വിജിലന്‍സ് കോടതി പരാതിക്കാരന്റെ വാദവും കോടതിയില്‍ സമര്‍പ്പിച്ച രേഖകളും പരിശോധിച്ച ശേഷമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. കേസ് ഡിസംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.