Latest News

സുള്ള്യ പോലീസ് മർദിച്ചെന്നാരോപിച്ച് മജിസ്ട്രേറ്റ് പരാതി നൽകി

കാസര്‍കോട്:[www.malabarflash.com] സുള്ള്യ പോലീസ് തന്നെ ക്രൂരമായി മർദിച്ചുവെന്നാരോപിച്ചു കാസര്‍കോട് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് തൃശൂർ മുല്ലച്ചേരി സ്വദേശി വി.കെ. ഉണ്ണികൃഷ്ണൻ(45) കാസര്‍കോട് സിഐക്കു പരാതി നൽകി. 
സിഐ അബ്ദുൾ റഹീമിനാണു പരാതി നൽകിയത്.

മജിസ്ട്രേറ്റ് കാസര്‍കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കർണാടകയിലെ സുബ്രഹ്മണ്യ ക്ഷേത്ര ദർശനത്തിനു പോയി തിരിച്ചു വരുന്നതിനിടെ സുള്ള്യ പോലീസ് മർദിക്കുകയായിരുന്നുവെന്നാണു മജിസ്ട്രേറ്റിന്റെ പരാതിയിൽ പറയുന്നത്. സുള്ള്യ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘംതന്നെ മൂന്നാംമുറയ്ക്കു വിധേയനാക്കിയെന്ന് ഇദ്ദേഹം ആരോപിക്കുന്നു.

തന്നെ ചവിട്ടുകയും സ്റ്റേഷനിൽ വച്ചു വെള്ളം ചോദിച്ചപ്പോൾ കോളയിൽ മദ്യം കലർത്തി ബലമായി കുടിപ്പിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

സുബ്രഹ്മണ്യ ക്ഷേത്ര ദർശനം കഴിഞ്ഞ് ഓട്ടോയിലാണ് മജിസ്ട്രേറ്റ് സുള്ള്യ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിലിറങ്ങിയത്. ഓട്ടോഡ്രൈവർ അമിത വാടക ചോദിച്ചതിനെ ചോദ്യം ചെയ്തതോടെ വാക്കുതർക്കമുണ്ടായി. ഇതിനിടെ എത്തിയ പോലീസുകാരൻ ഓട്ടോ ഡ്രൈവറുടെ പക്ഷം ചേരുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു.

മജിസ്ട്രേറ്റാണെന്നുള്ള തിരിച്ചറിയൽ കാർഡ് കാട്ടിയപ്പോൾ പോലീസ് വലിച്ചെറിഞ്ഞതായും പരാതിയിൽ പറയുന്നു. അതിനിടെയാണ് സുള്ള്യ എസ്ഐയും മൂന്നു പോലീസുകാരും സ്‌ഥലത്തെത്തിയത്. ഇവർ ബലമായി തന്നെ ജീപ്പിൽ കയറ്റിക്കൊണ്ടുപോയി. ജീപ്പിനകത്തുവച്ചും പോലീസ് സ്റ്റേഷനിൽവച്ചും ക്രൂരമായി മർദച്ചു. പിന്നീടു സിഐ സ്‌ഥലത്തെത്തുകയും മജിസ്ട്രേറ്റാണെന്ന് അറിഞ്ഞതോടെ ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു.

700 രൂപ, തിരിച്ചറിയൽ കാർഡ്, സ്വർണമോതിരം എന്നിവ നഷ്‌ടപ്പെട്ടതായും ഭാര്യയെ വിളിക്കാൻ ഫോൺ ആവശ്യപ്പെട്ടപ്പോൾ പോലീസുകാർ അസഭ്യം പറഞ്ഞതായും മജിസ്ട്രേറ്റിന്റെ പരാതിയിൽ പറയുന്നു. മജിസ്ട്രേറ്റിന്റെ ഇരു കാലുകൾക്കും കൈക്കുമാണു പരിക്കേറ്റിട്ടുള്ളത്. 


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.