Latest News

കൊപ്പല്‍ അബ്ദുല്ല അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭ മുന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും മുസ്ലിംലീഗിന്റെയും നാഷണല്‍ ലീഗിന്റെയും നേതാവുമായിരുന്ന കൊപ്പല്‍ അബ്ദുല്ല (65) അന്തരിച്ചു. ആലുവയിലെ സുഹൃത്തിനെ കാണാന്‍ പോകുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ആലുവ രാജഗിരി ആസ്പത്രിയില്‍ പ്രവേശിപ്പിച്ച കൊപ്പല്‍ അബ്ദുല്ല ബുധനാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്.
ചൊവ്വാഴ്ച  രാവിലെ മകളുടെ ഭര്‍ത്താവ് നാസറിനൊപ്പം കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ ചെന്ന് അവിടെ നിന്നാണ് ഒരു സുഹൃത്തിനെ കാണാന്‍ ആലുവയിലേക്ക് യാത്ര തിരിച്ചത്. തീവണ്ടിയില്‍ വെച്ച് തന്നെ അസ്വസ്ഥത പ്രകടിപ്പിച്ച അദ്ദേഹത്തെ ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച  രാത്രി മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുകയായിരുന്നു.
കാസര്‍കോട്ടെ രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന കൊപ്പല്‍ അബ്ദുല്ല ഏത് പ്രതിസന്ധികളേയും ആര്‍ജ്ജവത്തോടെ നേരിടാന്‍ കെല്‍പ്പുകാണിച്ച നേതാവായിരുന്നു. നാലു തവണ കാസര്‍കോട് നഗരസഭാംഗമായിരുന്നു. ഒരു വര്‍ഷം സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
കാസര്‍കോട് തട്ടകമായി പ്രവര്‍ത്തിക്കുമ്പോഴും കേരളത്തിലങ്ങോളമിങ്ങോളമുള്ള രാഷ്ട്രീയ, സാമൂഹ്യ, സിനിമാ രംഗത്തെ പ്രഗത്ഭരുമായി ഇടപെടാനും സൗഹൃദം നിലനിര്‍ത്താനും കൊപ്പലിന് കഴിഞ്ഞിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ എം.ജി രാധാകൃഷ്ണന്‍, നടന്‍ ജഗതി ശ്രീകുമാര്‍ തുടങ്ങിയവരുമായി അടുത്ത ബന്ധമാണ് സ്ഥാപിച്ചിരുന്നത്. 

സുലൈമാന്‍ സേട്ട് അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളുമായും കൊപ്പലിന് അടുത്തവ്യക്തിബന്ധമാണുണ്ടായിരുന്നത്. മുസ്ലിംയൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. പിന്നീട് നാഷണല്‍ ലീഗില്‍ ചേര്‍ന്നു. നാഷണല്‍ ലീഗിന്റെ സംസ്ഥാന കമ്മിറ്റി അംഗവും പ്രഥമ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടുമായിരുന്നു. ഐ.എന്‍.എല്‍. കാസര്‍കോട് മണ്ഡലം ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

കലാ-സാംസ്‌കാരിക രംഗത്തും കൊപ്പലിന്റെ കയ്യൊപ്പുണ്ടായിരുന്നു. കാസര്‍കോട്ട് വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു.
കാസര്‍കോട്ടെ ബൈക്ക് യാത്രക്കാരെ ഒരു സംഘടനക്ക് കീഴില്‍ കൊണ്ടുവരാനുള്ള കൊപ്പലിന്റെ ശ്രമം ഏറെ കുറെ വിജയം കണ്ടിരുന്നു. ടൂ വീലേഴ്‌സ് അസോസിയേഷന്റെ പ്രസിഡണ്ടായിരുന്നു.
ദീര്‍ഘകാലം മാര്‍ക്കറ്റ് റോഡിലെ സഅദിയ കോംപ്ലക്‌സില്‍ കൊപ്പല്‍ എക്‌സ്പ്രസ് എന്ന പേരില്‍ ട്രാവല്‍സ് സ്ഥാപനം നടത്തിയിരുന്നു.
ഭാര്യ: സുഹ്‌റ. മക്കള്‍: റിഷാദ്, സറീന, സിയാന, സാഹിന, ഷബീബ. മരുമക്കള്‍: പരേതനായ നാസര്‍, ഇംതിയാസ്, നാസര്‍, ആസിഫ്, ദില്‍ഷാദ് റൈഹാന.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.