Latest News

മദ്രസകള്‍ക്ക് വെള്ളിയാഴ്ച അവധി നല്‍കാനാവില്ലെന്ന് അസം സര്‍ക്കാര്‍

ഗുവാഹാട്ടി:[www.malabarflash.com] സര്‍ക്കാരിന്റെ കീഴിലുള്ള മദ്രസകള്‍ക്ക് വെള്ളിയാഴ്ച അവധി ദിനമാക്കാനാകില്ലെന്ന് അസം സര്‍ക്കാര്‍. ഇത് സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് വെള്ളിയാഴ്ചകളിലും റംസാന്‍ മാസത്തിലും അവധി നല്‍കാനാകില്ലെന്ന് വ്യക്തമാക്കിയത്.

ഞായറാഴ്ചയാണ് സർക്കാർ അനുവദിച്ചിട്ടുള്ള അവധി. ഒരു ആഴ്ചയില്‍ രണ്ട് അവധി ദിനങ്ങള്‍ അനുവദിക്കാനാകില്ല. അങ്ങനെയൊരു നിയമം നിലവിലില്ല. മാത്രമല്ല, വെള്ളിയാഴ്ചകളില്‍ ജോലിചെയ്യുന്നതിന് അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ചട്ടങ്ങളില്‍ പെടാത്ത ദിവസം അവധി ദിനമാക്കാനാകില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വശര്‍മ വ്യക്തമാക്കി.

വെള്ളിയാഴ്ചകളില്‍ മദ്രസകള്‍ക്ക് അവധി നല്‍കുന്ന പ്രവണത ലഖിംപുര്‍, നഗാവ്, മരിഗാവ് ജില്ലകളിലാണ് കണ്ടുവരുന്നത്. സര്‍ക്കാര്‍ ഒരു മതത്തിനും എതിരല്ല. എന്നാല്‍ നിയമം നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. മദ്രസകള്‍ വെള്ളിയാഴ്ചകളില്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഉടന്‍ ഉത്തരവ് ഇറക്കുമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍, സംസ്ഥാനത്തെ മദ്രസകള്‍ക്ക് വെള്ളിയാഴ്ച ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ ഇടവേള നല്‍കിയിട്ടുണ്ട്. ഞായറാഴ്ച ദിവസങ്ങളില്‍ ലഭിക്കുന്ന അവധി കൂടാതെ വെള്ളിയാഴ്ചകളിലും അവധി വേണമെങ്കില്‍ അതിന് മദ്രസകള്‍ അപേക്ഷ നല്‍കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നും ബിശ്വശര്‍മ പറഞ്ഞു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.