Latest News

ആദ്യ രാത്രിയില്‍ വരനെ കടത്തി കൊണ്ടുപോയ സുഹൃത്തിനെ വധുവിന്റെ വീട്ടുകാര്‍ കൈകാര്യം ചെയ്തു

മഞ്ചേശ്വരം:[www.malabarflash.com] വിവാഹം കഴിഞ്ഞു ആദ്യരാത്രിയില്‍ വധുഗൃഹത്തിലെത്തിയ വരനെ സുഹൃത്തുക്കള്‍ റാഗിങ്ങിന്റെ പേരില്‍ കടത്തിക്കൊണ്ടു പോയത് വിവാദമായി. മണിക്കൂറുകളോളം കാത്തിരുന്ന വധുവിന്റെ ബന്ധുക്കള്‍ വരനെ അന്വേഷിച്ചു ഇറങ്ങുകയും വരന്റെ സുഹൃത്തിനെ കൈകാര്യം ചെയ്യുകയും ചെയ്തു.

തിങ്കളാഴ്ച രാത്രിയില്‍ മഞ്ചേശ്വരത്തിനടുത്താണ് സംഭവം. വരനും നാട്ടിലെ തന്നെ യുവതിയും തമ്മില്‍ ഞായറാഴ്ച വിവാഹിതരായിരുന്നു. വിവാഹത്തിന് ശേഷം ആദ്യരാത്രി കൂടാന്‍ വധുവിന്റെ ഗ്രഹത്തിലെത്തിയ വരന്റെ കൂടെ പത്തോളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു.

ഇവിടെ നിന്നും ഭക്ഷണം കഴിച്ച ശേഷം രാത്രി പന്ത്രണ്ടു മണിയോടെ വധുവിന്റെ വീട്ടുകാരോട് വിവരം അറിയിക്കാതെ സുഹൃത്തുക്കള്‍ വരനെയും കൊണ്ട് കാറില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ഇവിടെ നിന്നും പോയ സുഹൃത്തുക്കള്‍ വരനെയും കൂട്ടി മഞ്ചേശ്വരം കടപ്പുറത്തെ തിരയെണ്ണാനാണ് പോയത്.

ഏറെ വൈകിയും വരനെ കാണാതായതിനെ തുടര്‍ന്ന് വധുവിന്റെ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ നിരന്തരം ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കാന്‍ സുഹൃത്തുക്കള്‍ വരനെ സമ്മതിച്ചില്ല. സഹികെട്ട വധുവിന്റെ ബന്ധുക്കള്‍ വരനെ അന്വേഷിച്ചു ഇറങ്ങുകയും പകുതിക്ക് വെച്ച് ഇവരെ കണ്ടെത്തുകയും ചെയ്തു.

ഇതോടെ വരനെ ഉപേക്ഷിച്ചു സുഹൃത്തുക്കള്‍ ഓടിരക്ഷപ്പെട്ടു. ഇതിനു ശേഷം സുഹൃത്തുക്കളില്‍ ഒരാളെ തിരിച്ചറിഞ്ഞ വധുവിന്റെ ബന്ധുക്കള്‍ പുലര്‍ച്ചെ ഇയാളുടെ വീട്ടില്‍ക്കയറി പിടിച്ചിറക്കി നന്നായി കൈകാര്യം ചെയ്തു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇയാളെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇരുവിഭാഗം വീട്ടുകാരും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസ് എടുത്തിത്തിട്ടില്ലെന്നു മഞ്ചേശ്വരം പോലീസ് അറിയിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.