Latest News

വാട്‌സ്ആപ്പ് വീഡിയോ കോള്‍ ഇന്ത്യയിലെത്തി

[www.malabarflash.com]കാത്തിരിപ്പിനൊടുവില്‍ ചാറ്റിംഗ് ആപ്പായ വാട്‌സാപ്പില്‍ വീഡിയോ കോളിംഗ് സംവിധാനം നിലവില്‍ വന്നു. തങ്ങളുടെ ഏറ്റവും വലിയ മാര്‍ക്കറ്റായ ഇന്ത്യയിലാണ് വീഡിയോകോളിംഗ് ആദ്യം അവതരിപ്പിച്ചതെങ്കിലും അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 180-ലേറെ രാഷ്ട്രങ്ങളില്‍ ഈ സംവിധാനം ലഭ്യമാക്കുമെന്ന് വാട്‌സാപ്പ് സഹസംരഭകന്‍ ജന്‍ കോം അറിയിച്ചിട്ടുണ്ട്.

ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ഐഒഎസ് തുടങ്ങി എല്ലാ പ്ലാറ്റ്‌ഫോമുകളിലും വാട്‌സാപ്പ് കോളിംഗ് ലഭ്യമാണ്.

വാട്‌സാപ്പിന്റെ പുതിയ പതിപ്പിലാണ് വീഡിയോ കോളിംഗ് ഉള്ളത്. അതിനാല്‍ നിങ്ങളുടെ വാട്‌സാപ്പ് വേര്‍ഷന്‍ അപ് ടുഡേറ്റ് ആണെന്ന് ഉറപ്പാക്കുക

അപേഡേറ്റ് ചെയ്തിട്ടും വീഡിയോ കോളിംഗ് ഫീച്ചര്‍ ലഭിക്കാത്തവര്‍ നിരാശപ്പെടേണ്ടതില്ല, അടുത്ത മണിക്കൂറുകളില്‍ തന്നെ എല്ലാവര്‍ക്കും വാട്‌സാപ്പിന്റെ വീഡിയോ കോളിംഗ് സൗകര്യം ലഭ്യമാക്കും.

സാധാരണ വാട്‌സപ്പ് കോള്‍ ചെയ്യും പോലെയാണ് വീഡിയോ കോളും ചെയ്യേണ്ടത്. വാട്‌സാപ്പ് കോള്‍ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വീഡിയോ കോള്‍/ വോയിസ് കോള്‍ ഓപ്ഷനുകള്‍ ലഭിക്കും ഇതില്‍ നിന്ന് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം.

കോള്‍ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഉപഭോക്താവിന് ഫ്രണ്ട് ക്യാമറയും ബാക്ക് ക്യാമറയും മാറി മാറി ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്.

ഇന്ത്യയിലെ വേഗം കുറഞ്ഞ ഇന്റര്‍നെറ്റ് സര്‍വീസിന് യോജിച്ച രീതിയിലാണ് തങ്ങളുടെ വീഡിയോ കോളിംഗ് സംവിധാനം തയ്യാറാക്കിയിരിക്കുന്നതെന്നാണ് വാട്‌സാപ്പ് പറയുന്നത്.

ഹൈ എന്‍ഡ് സ്മാര്‍ട്ട് ഫോണുകളില്‍ മാത്രമല്ല സാധാരണക്കാര്‍ ഉപയോഗിക്കുന്ന ലോഎന്‍ഡ് ഫോണുകളിലും വാട്‌സാപ്പ് കോളിംഗ് അനായാസേന നടക്കും എന്നാണ് കമ്പനിയുടെ അവകാശവാദം.

വിഡീയോ കോളിംഗ് സൗകര്യം കൂടാതെ കൂടുതല്‍ വിപുലമായ സൗകര്യങ്ങള്‍ ഉപഭോക്താകള്‍ക്കായി വാട്‌സാപ്പ് പുറത്തിറക്കുമെന്നാണ് സൂചന. വാട്‌സാപ്പിന്റെ വരും പതിപ്പുകള്‍ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായിരിക്കും.

വാട്‌സാപ്പിന്റെ വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ് ബീറ്റാ പതിപ്പുകളില്‍ വീഡിയോ കോളിംഗ് സംവിധാനം വന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

ഗ്രൂപ്പ് ചാറ്റിംഗ്, വോയിസ് കോളിംഗ് സൗകര്യങ്ങള്‍ നേരത്തെയുണ്ടായിരുന്നെങ്കിലും ഉപഭോക്താക്കള്‍ ഏറെകാലമായി ആവശ്യപ്പെട്ടിരുന്നത് വിഡീയോ കോളിംഗ് സൗകര്യമായിരുന്നുവെന്നാണ് കമ്പനി പറയുന്നത്.

നേരത്തെ തന്നെ വീഡിയോ കോളിംഗ് സംവിധാനമുള്ള മുന്‍നിര ചാറ്റിംഗ് ആപ്ലിക്കേഷനുകളായ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, സ്‌കൈപ്പ്, ആപ്പിള്‍ ഫേസ്‌ടൈം, വൈബര്‍, ലൈന്‍, ഗൂഗിള്‍ ഡുയോ എന്നിവയ്ക്ക് ഇനി ശക്തമായ മത്സരമായിരിക്കും വാട്‌സാപ്പില്‍ നിന്ന് നേരിടേണ്ടി വരിക.

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പിന് ഇന്ത്യയില്‍ മാത്രം 16 കോടയിലേറെ സജീവഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്.


Keywords: National News, Tech Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.