Latest News

പരവനടുക്കം മഹിളാ മന്ദിരത്തില്‍ നിന്നു യുവതികളെ കാണാതായി


കാസര്‍കോട്: [www.malabarflash.com] പരവനടുക്കത്ത് പ്രവര്‍ത്തിക്കുന്ന മഹിളാമന്ദിരത്തില്‍ നിന്നു രണ്ടു യുവതികളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. സംഭവത്തില്‍ സൂപ്രണ്ടിന്റെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി മുല്ലേടത്ത് ഹൗസില്‍ പ്രകാശന്റെ ഭാര്യ അളകാദേവി (26), രാജപുരം പൂടംകല്ലിലെ പരേതനായ ബാലകൃഷ്ണന്റെ മകള്‍ ഉഷ (18) എന്നിവരെയാണ് കാണാതായത്. ചൊവ്വാഴ്ച വൈകുന്നേരം 3ന് തുണി അലക്കുന്നതിനുവേണ്ടിയാണ് ഇവര്‍ മന്ദിരത്തിനു പുറത്തിറങ്ങിയതെന്നു അധികൃതര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരും മഹിളാ മന്ദിരം വളപ്പില്‍ നിന്നു പുറത്തുപോയതായി വ്യക്തമായതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മഹിളാമന്ദിരം ജീവനക്കാരിയുടെ മോതിരവും മറ്റൊരാളുടെ 3000 രൂപയും കാണാതായതായും കണ്ടെത്തിയതായും പരാതിയില്‍ പറഞ്ഞു.

ഇതിനു മുമ്പും പരവനടുക്കത്തെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്നു കുട്ടികളെ കാണാതായ സംഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ യുവതികളെ കാണാതാകുന്ന സംഭവം ആദ്യത്തേതാണത്രേ. യുവതികളെ മഹിളാ മന്ദിരത്തില്‍ നിന്നു പട്ടാപ്പകല്‍ കാണാതായതായ സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്.

യുവതികളുടെ തിരോധാനത്തിനു പിന്നില്‍ പുറമെ നിന്നുള്ള ആരുടെയെങ്കിലും സഹായം ഉണ്ടായിരുന്നുവോ എന്നും സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരുന്നതായി പോലീസ് പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.