Latest News

സ്‌കൂള്‍ വാന്‍ ദേഹത്തേക്കു വീണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

ചാലക്കുടി: കെഎസ്ആര്‍ടിസി ബസ് ഇടിച്ചതിനെത്തുടര്‍ന്നു സ്‌കൂള്‍ വാനില്‍നിന്നു റോഡിലേക്കു തെറിച്ചുവീണ വിദ്യാര്‍ഥി അതേ വാന്‍ ദേഹത്തേക്കു മറിഞ്ഞുവീണു മരിച്ചു. [www.malabarflash.com]
അണ്ണല്ലൂര്‍ വിജയഗിരി പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയും ചേനത്തുനാട് കളങ്ങര കെ.ടി.കൃഷ്ണകുമാറിന്റെ മകനുമായ ധനുഷ് കൃഷ്ണയാണ് (14) മരിച്ചത്. വാനിലുണ്ടായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥികളും വാന്‍ ഡ്രൈവറും ആയയും അടക്കം 13 പേര്‍ക്കു പരുക്കേറ്റു.

ദേശീയപാത സര്‍വീസ് റോഡില്‍ സൗത്ത് ജംക്ഷനില്‍ സുരഭി തിയറ്ററിനു സമീപം ബുധനാഴ്ച 8.20നായിരുന്നു അപകടം. ചേനത്തുനാട്ടില്‍നിന്നു വിദ്യാര്‍ഥികളെ കയറ്റിവന്ന സ്‌കൂള്‍ വാന്‍ ഡി സിനിമാസിനു സമീപത്തെ അണ്ടര്‍ പാസ് കടന്നു സര്‍വീസ് റോഡിലൂടെ പോകുകയായിരുന്നു. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്നു വരികയായിരുന്ന ബസ് സുരഭി തിയറ്ററിനു സമീപം സര്‍വീസ് റോഡിലേക്കു തിരിയുമ്പോഴാണു വാനുമായി കൂട്ടിയിടിച്ചത്. രണ്ടു വാഹനങ്ങളും അമിത വേഗത്തിലായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി ബസ് ഇടിച്ചു മുകളിലേക്കുയര്‍ന്നു രണ്ടു തവണ മലക്കം മറിഞ്ഞ ശേഷമാണു 20 മീറ്റര്‍ അകലേക്കു സ്‌കൂള്‍ വാന്‍ മറിയുന്നത്. ഇതിനിടെ വാനിന്റെ വാതില്‍ തുറന്നു പോകുകയും വാനിനകത്തുണ്ടായിരുന്ന ധനുഷ് കൃഷ്ണ റോഡിലേക്കു തെറിച്ചു വീഴുകയുമായിരുന്നു. മറിഞ്ഞ വാന്‍ കുട്ടിയുടെ ദേഹത്തേക്കാണു പതിച്ചത്. ഉടന്‍ത്തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നു സ്‌കൂള്‍വാന്‍ പൊക്കിയുയര്‍ത്തി ധനുഷിനെ സെന്റ് ജയിംസ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ക്കെതിരെ പോലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യക്കു കേസെടുത്തു. ഡ്രൈവര്‍ മാള പൂവത്തുകടവ് സ്വദേശി രാധാകൃഷ്ണനെതിരെയാണ് (48) കേസെടുത്തതെന്ന് എസ്‌ഐ ജയേഷ് ബാലന്‍ പറഞ്ഞു. ധനുഷ് കൃഷ്ണയുടെ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിച്ചു. അമ്മ: റാണി (അധ്യാപിക, സിഎംഐ പബ്ലിക് സ്‌കൂള്‍). സഹോദരന്‍: മനേഷ് കൃഷ്ണ (വിജയഗിരി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥി)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.