Latest News

വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതായി പരാതി; ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജിവെച്ചു

ബാലുശ്ശേരി: വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കെ ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതായി പി.പി. രവീന്ദ്രനാഥ് പത്രക്കുറിപ്പില്‍ അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിയെ മുന്‍നിര്‍ത്തി വ്യക്തിപരമായും സി.പി.എമ്മിനെ രാഷ്ട്രീയമായും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ എതിരാളികളുടെ പ്രചാരണം അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്ന് കുറിപ്പില്‍ പറയുന്നു.

ആര്‍.എസ്.എസ് നേതാവിന്റെ മകനും എ.ബി.വി.പി പ്രവര്‍ത്തകനുമായ വിദ്യാര്‍ഥിയെ മുന്‍നിര്‍ത്തി നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചന ജനം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കള്ളപ്പരാതിയെ നിയമപരമായി നേരിടുമെന്നും പി.പി. രവീന്ദ്രനാഥ് അറിയിച്ചു.

ട്യൂഷനെടുക്കാന്‍ വീട്ടിലേക്ക് ക്ഷണിച്ച് വിദ്യാര്‍ഥിയെ പഞ്ചായത്ത് പ്രസിഡന്റ് പീഡിപ്പിച്ചതായാണ് പരാതി. ഒമ്പതാം ക്‌ളാസ് വിദ്യാര്‍ഥിയെ അധ്യാപകനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പി.പി. രവീന്ദ്രനാഥ് പീഡിപ്പിച്ചതായാണ് പരാതി. രണ്ടാഴ്ച മുമ്പാണ് സംഭവം. പീഡനവിവരം വിദ്യാര്‍ഥി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. സ്‌കൂള്‍ ജാഗ്രത സമിതിക്കു മുമ്പാകെ വിദ്യാര്‍ഥി പീഡനവിവരം അറിയിച്ചതിനെ തുടര്‍ന്ന് ജാഗ്രത സമിതി ചൈല്‍ഡ്‌ലൈനില്‍ പരാതി നല്‍കുകയായിരുന്നു.

ഇതേ തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിയുടെ വീട്ടിലെത്തി വ്യാഴാഴ്ച മൊഴി രേഖപ്പെടുത്തി. ചൈല്‍ഡ്‌ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലുശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. വിദ്യാര്‍ഥിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി. പേരാമ്പ്ര കോടതി മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയും മൊഴിയെടുത്തിട്ടുണ്ട്.

ബാലുശ്ശേരി പഞ്ചായത്തിലെ 10ാം വാര്‍ഡില്‍നിന്ന് 52 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ രവീന്ദ്രനാഥ് തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം ഏരിയ കമ്മിറ്റി അംഗവും അറിയപ്പെടുന്ന പ്രാസംഗികനുമാണ്. എല്‍.ഡി.എഫിന് ഒമ്പതും യു.ഡി.എഫിന് ആറും ബി.ജെ.പിക്ക് രണ്ടും സീറ്റാണ് പഞ്ചായത്ത് ഭരണസമിതിയിലുള്ളത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.