Latest News

കാസര്‍കോട്ടെ ബിപിഎല്‍ സമ്പന്നര്‍

കാസര്‍കോട്: കാസര്‍കോട് താലൂക്ക് പരിധിയില്‍ റേഷന്‍ കാര്‍ഡ് പട്ടികയില്‍ ക്രമക്കേടുണ്ടെന്ന പരാതിയെത്തുടര്‍ന്നു താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ സംഘം കണ്ടെത്തിയതാണിത് നെട്ടിക്കുന്ന വിവരങ്ങളാണ്.[www.malabarflash.com]

ഉറങ്ങുന്നത് 4000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്ടില്‍. രണ്ടു മക്കള്‍ക്കും ഗള്‍ഫില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി. വീടിനു മുന്‍പില്‍ രണ്ടു കാറുകള്‍. എന്നാല്‍ കയ്യിലുള്ളത് ബിപിഎല്‍ റേഷന്‍ കാര്‍ഡും..!
ലഭിച്ച 76 പരാതികളില്‍ 28 എണ്ണം പരിശോധിച്ചതില്‍ 24 എണ്ണവും തെറ്റായ വിവരങ്ങള്‍ നല്‍കിയവയാണെന്നു സിവില്‍ സപ്ലൈസ് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ രണ്ടു കുടുംബങ്ങള്‍ ബിപിഎല്ലിലെ പിന്നാക്കക്കാര്‍ക്കുള്ള സൗജന്യ റേഷന്‍ കൈപ്പറ്റുന്ന അന്ത്യോദയ അന്നയോജന (എഎവൈ) വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകളാണെന്നും കണ്ടെത്തി.

കാസര്‍കോട് താലൂക്കിലെ തളങ്കര, ചെമ്മനാട് എന്നിവിടങ്ങളില്‍ സപ്ലൈ ഓഫിസര്‍ പി. അനിലചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടു ദിവസങ്ങളിലായാണ് പരിശോധന നടത്തിയത്. തളങ്കരയിലെ മറ്റൊരു ബിപിഎല്‍ വീട്ടില്‍ ഏകമകന്‍ കുവൈത്തില്‍ കമ്പനിയില്‍ മാനേജര്‍, പ്രതിമാസ ശമ്പളം ഒന്നരലക്ഷംരൂപ, സഞ്ചരിക്കാന്‍ കാര്‍, വീടിന്റെ വിസ്തീര്‍ണം 3000 ചതുരശ്രഅടി. ഒരു വീട്ടില്‍ രണ്ടു കാറുള്‍പ്പെടെ നാലു വാഹനങ്ങളുണ്ട്. താമസക്കാരായ അഞ്ചു പേര്‍ ഗള്‍ഫില്‍ ബിസിനസ് നടത്തുന്നു. എന്നാല്‍ അഞ്ചു പേരും തൊഴില്‍രഹിതരാണെന്നാണ് രേഖകളിലുള്ളത്.

പരാതി ലഭിച്ച വീടുകളില്‍ നേരിട്ടുപോയാണ് താലൂക്ക് സപ്ലൈഓഫിസര്‍ തെളിവെടുപ്പ് നടത്തുന്നത്. ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ചു 48 മുതല്‍ 49 ശതമാനം പേര്‍ മാത്രമേ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളൂ. ഇതനുസരിച്ചു കാസര്‍കോട് താലൂക്കില്‍ 25746 കാര്‍ഡുകളാണ് മുന്‍ഗണന പട്ടികയില്‍ ഉള്ളത്. അനര്‍ഹമായി പട്ടികയില്‍ കടന്നുകൂടിയവര്‍ക്കു സ്വമേധയാ വിവരങ്ങള്‍ സമര്‍പ്പിച്ചു പുറത്തുപോകാന്‍ കഴിഞ്ഞ പത്തുവരെ കലക്ടര്‍ സമയം അനുവദിച്ചിരുന്നു. 30 കാര്‍ഡുടമകള്‍ മാത്രമാണ് ഇതുവരെ ബിപിഎല്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെത്തിയത്.

എന്നാല്‍ സ്വത്തു വിവരങ്ങള്‍ രേഖപ്പെടുത്താന്‍ നല്‍കിയ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ ബോധപൂര്‍വം ഉള്‍പ്പെടുത്തിയതാണോ എന്നതു സംബന്ധിച്ചും അധികൃതര്‍ പരിശോധന നടത്തും. ക്രമക്കേട് കണ്ടെത്തിയ വീടുകളുടെ ചിത്രങ്ങളുള്‍പ്പെടെ സംഘം പകര്‍ത്തി. വിശദമായ റിപ്പോര്‍ട്ട് അധികൃതര്‍ കലക്ടര്‍ കെ. ജീവന്‍ബാബുവിന് കൈമാറും.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.