Latest News

മാവോവാദി നേതാവ് കുപ്പു ദേവരാജിന്റെ മൃതദേഹം കോഴിക്കോട്ട് സംസ്‌കരിച്ചു

കോഴിക്കോട്: നിലമ്പൂര്‍ കരുളായി വനത്തില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.പി.ഐ. (മാവോവാദി) കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജിന്റെ മൃതദേഹം കോഴിക്കോട്ട് സംസ്‌കരിച്ചു. 
മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയുടെ മുറ്റത്ത് പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ മുന്‍മന്ത്രിയും സി.പി.ഐ. നേതാവുമായ ബിനോയ് വിശ്വം ഉള്‍പ്പെടെ നിരവധിപേര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

കുപ്പുവിനൊപ്പം കൊല്ലപ്പെട്ട അജിതയുടെ മൃതദേഹം ബന്ധുക്കളാരും ഏറ്റുവാങ്ങാന്‍ എത്താത്തതിനാല്‍ മോര്‍ച്ചറിയില്‍ത്തന്നെ യാണുള്ളത്. മൃതദേഹം 13 വരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി വെള്ളിയാഴ്ച നിര്‍ദേശിച്ചിട്ടുണ്ട്. പിണറായി സര്‍ക്കാറിനെതിരെയും സി.പി.എമ്മിനെതിരെയും മുദ്രാവാക്യങ്ങളുയര്‍ന്ന അന്തരീക്ഷത്തിലായിരുന്നു സംസ്‌കാരം. മാവൂര്‍റോഡ് പൊതുശ്മശാനത്തില്‍ കുപ്പുവിന്റെ സഹോദരന്‍ ചിതയ്ക്ക് തീകൊളുത്തി.

മൂന്ന് അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തില്‍ കനത്ത പോലീസ് വലയത്തിലായിരുന്നു ചടങ്ങുകള്‍. മോര്‍ച്ചറിക്കുമുന്നിലും ശ്മശാനത്തിലുംനടന്ന പൊതുദര്‍ശനവും പോലീസ് വലയത്തിലായിരുന്നു.

നവംബര്‍ 26-ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗത്തില്‍ മൃതദേഹപരിശോധന നടത്തിയശേഷം ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പുറത്തെടുത്തത്.

മുതലക്കുളം മൈതാനിയിലും പൊറ്റമ്മലിലെ വര്‍ഗീസ് സ്മാരക വായനശാലയിലും മൃതദേഹം പൊതുദര്‍ശനത്തിനുവെക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. പൊറ്റമ്മലില്‍ പൊതുദര്‍ശനത്തിനുവെക്കുന്നത് പ്രതിരോധിക്കാന്‍ യുവമോര്‍ച്ച പ്രവര്‍ത്തകരെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.കനത്ത പോലീസ്‌കാവലിലാണ് മൃതദേഹം മാവൂര്‍റോഡ് ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. പത്ത് ജീപ്പിലും ഒരു ബസ്സിലുമായി പോലീസ് മൃതദേഹംവഹിച്ച ആംബുലന്‍സിനൊപ്പമുണ്ടായിരുന്നു.

കുപ്പു ദേവരാജിന്റെ അമ്മ അമ്മിണി, ഭാര്യ ഗജേന്ദ്രി, സഹോദരിമാരായ ധരണി, ആരോഗ്യം, സഹോദരഭാര്യ ലക്ഷ്മി, ബന്ധു വടിവേല്‍ എന്നിവരും ചടങ്ങുകളില്‍ പങ്കെടുത്തു. സംസ്ഥാനത്തെയും ആന്ധ്രാപ്രദേശിലെയും മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കുപുറമേ, തമിഴ്‌നാട്ടില്‍നിന്നുള്ള ആന്റി ഇംപീരിയലിസ്റ്റ് മൂവ്‌മെന്റ്, സി.പി.സി.എല്‍., പി.യു.സി.എല്‍. പ്രവര്‍ത്തകരും പങ്കെടുത്തു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.