Latest News

ഫ്‌ലാറ്റില്‍ കുടുങ്ങിയ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മ 14ാം നിലയില്‍ നിന്നു വീണ് മരിച്ച

കാക്കനാട്: വാതില്‍ അടഞ്ഞ് ഫ്‌ലാറ്റിനുള്ളില്‍ കുടുങ്ങിപ്പോയ രണ്ട് വയസ്സുകാരനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മ ഫ്‌ലാറ്റില്‍ നിന്നു വീണ് മരിച്ചു. മാവേലിക്കര ഓലകെട്ടിയമ്പലത്തിനു സമീപം പുഷ്പമംഗലത്ത് വീട്ടില്‍ എസ്. സുജിത്തിന്റെ ഭാര്യ മേഘ (23) യാണ് മരിച്ചത്.[www.malabarflash.com]

കാക്കനാട് വി.എസ്.എന്‍.എല്‍. റോഡിനു സമീപമുള്ള ഫ്‌ലാറ്റിന്റെ പതിനാലാം നിലയില്‍ നിന്നാണ് യുവതി വീണത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഇവരുടെ ഏക മകന്‍, രണ്ട് വയസ്സുകാരനായ ശിവത് ആണ് പതിനാലാം നിലയില്‍ കുടുങ്ങിയത്. സംഭവസമയം മേഘയും ശിവതും മാത്രമാണ് ഫ്‌ലാറ്റിലുണ്ടായിരുന്നത്.

അടുക്കളയിലെ വെയ്സ്റ്റ്, വാതിലിനു പുറത്തെ ബക്കറ്റില്‍ കൊണ്ടുപോയി ഇടുന്നതിന് മേഘ പുറത്തുവന്നപ്പോള്‍ കാറ്റത്ത് വാതില്‍ അടഞ്ഞുപോകുകയായിരുന്നു. വന്‍ ശബ്ദത്തില്‍ വാതില്‍ കൊട്ടിയടഞ്ഞതോടെ ശിവത് കരയാന്‍ തുടങ്ങി. ഓട്ടോമാറ്റിക് വാതിലായതിനാല്‍ യുവതിക്ക് തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഫ്‌ലാറ്റിലെ സുരക്ഷാ ജീവനക്കാരെ വിവരം അറിയിച്ചു. അവര്‍ ശ്രമിച്ചിട്ടും വാതില്‍ തുറക്കാനായില്ല.

ഇതിനിടെ, മുറിക്കുള്ളിലായ കുട്ടിയുടെ കരച്ചിലില്‍ മനംനൊന്ത യുവതി ഫ്‌ലാറ്റിനു പിന്നിലെ പിരിയന്‍ ഗോവണിയിലൂടെ ബാല്‍ക്കണിയിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. കയറുന്നതിനിടെ കാല്‍തെന്നി ഗോവണിയില്‍ കുറച്ച് നേരം തൂങ്ങിക്കിടന്ന ശേഷം താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ഇതിനു മുമ്പ് രണ്ട് പ്രാവശ്യം സമാനരീതിയില്‍ വാതില്‍ അടഞ്ഞപ്പോള്‍ സുരക്ഷാ ജീവനക്കാരന്‍ ഫ്‌ലാറ്റിന്റെ പിന്നിലൂടെ ബാല്‍ക്കണിയിലേക്ക് കയറി വാതില്‍ തുറക്കാറുണ്ടായിരുന്നു. ഇതായിരിക്കാം യുവതിയെ സാഹസത്തിന് പ്രേരിച്ചിച്ചതെന്നാണ് സമീപത്തെ താമസക്കാര്‍ പറയുന്നത്.

അന്നത്തെ സുരക്ഷാ ജീവനക്കാരന്‍ തിങ്കളാഴ്ച സ്ഥലത്തുണ്ടായിരുന്നില്ല. പകരം എത്തിയ സുരക്ഷാ ജീവനക്കാരന്‍ വാതില്‍ കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി ഫ്‌ലാറ്റിന്റെ പിന്നിലൂടെ ബാല്‍ക്കണിയിലേക്ക് കയറാന്‍ ശ്രമിച്ചത്. പതിനാലാം നിലയില്‍ നിന്നു വീണ യുവതി കാര്‍ ഷെഡ്ഡ് തകര്‍ത്താണ് നിലത്ത് പതിച്ചത്.

നിലത്ത് വീണ യുവതിയെ സുരക്ഷാ ജീവനക്കാരും അയല്‍ക്കാരും ചേര്‍ന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറ് മാസം മുമ്പാണ് ഇവരുടെ കുടുംബം ഫ്‌ലാറ്റില്‍ താമസം തുടങ്ങിയത്. തമ്മനത്തെ ഐ.ബി.ഐ.എസ്. മെഡിക്കല്‍സ് മാനേജിങ് ഡയറക്ടറാണ് സുജിത്ത്. മൃതദേഹം കാക്കനാട് സണ്‍റൈസ് ആശുപത്രയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കും. കായംകുളം പുളിമുക്ക് മോഹനന്‍ - ലത ദമ്പതിമാരുടെ മകളാണ് മരിച്ച മേഘ.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.