Latest News

ഗള്‍ഫുകാരന്റെ കാര്‍ കത്തിച്ച സംഭവത്തില്‍ കൊലക്കേസ്‌ പ്രതികളായ മൂന്നുപേര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ഗള്‍ഫുകാരന്റെ വീട്ടുമുറഅറത്ത്‌ നിര്‍ത്തിയിട്ടിരുന്ന പുത്തന്‍ ഇന്നോവ കാര്‍ തീവെച്ച്‌ നശിപ്പിച്ച കേസില്‍ കൊലക്കേസ്‌ പ്രതികളായ മൂന്നുപേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. [www.malabarflash.com]

കുമ്പള, പേരാല്‍, പൊട്ടോരിയിലെ എം എ അബ്‌ദുള്‍ സലാം (23), നായ്‌ക്കാപ്പ്‌ ലിറ്റില്‍ ലില്ലി സ്‌കൂളിന്‌ സമീപത്തെ വി എച്ച്‌ മുഹമ്മദ്‌ നൗഷാദ്‌ (22), ബന്തിയോട്‌, അടുക്ക മെയിന്‍ ജംഗ്‌ഷന്‍ അംഗന്‍വാടിക്ക്‌ സമീപത്തെ എം അബ്‌ദുള്‍ അസീര്‍ എന്ന സദ്ദു (23) എന്നിവരെയാണ്‌ കാസര്‍കോട്‌ സി ഐ അബ്‌ദുള്‍ റഹിമീന്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ ചെയ്‌തത്‌. അന്വേഷണ സംഘത്തില്‍ ജില്ലാ പോലീസ്‌ മേധാവിയുടെ കീഴിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും ഷാഡോ പോലീസും ഉണ്ടായിരുന്നു.

കഴിഞ്ഞ മാസം 25ന്‌ പുലര്‍ച്ചെയാണ്‌ കേസിനാസ്‌പദമായ സംഭവം. മൊഗ്രാല്‍പുത്തൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന്‌ സമീപത്തെ അലിയുടെ കാറാണ്‌ കത്തിച്ചത്‌. വീട്ടുമുറ്റത്ത്‌ നിര്‍ത്തിയിട്ടതായിരുന്നു കാര്‍. കാറിന്‌ തീ പിടിച്ചപ്പോള്‍ ഉണ്ടായ പൊട്ടിത്തെറിയുടെ ശബ്‌ദംകേട്ട്‌ വീട്ടുകാര്‍ ഉണര്‍ന്ന്‌ ലൈറ്റിട്ടപ്പോള്‍ ഹെല്‍മെറ്റ്‌ ധരിച്ചെത്തിയ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.

വീടിന്റെ മെയിന്‍ ഗേറ്റിന്‌ സമീപത്തെ ക്യാമറയില്‍ ചിത്രം പതിയാതിരിക്കുവാന്‍ അടുക്കള ഭാഗത്തെ മതില്‍ ചാടി കടന്നാണ്‌ അക്രമികള്‍ വീട്ടുവളപ്പില്‍ കയറിയത്‌. ഇവിടെയും ക്യാമറ സ്ഥാപിച്ചിരുന്നു. ഇക്കാര്യം അറിയാതെയാണ്‌ അക്രമികള്‍ എത്തിയത്‌. ഈ ക്യാമറയില്‍ ഹെല്‍മറ്റ്‌ ധരിച്ച യുവാക്കള്‍ മതില്‍ ചാടി വരുന്നതും പോകുന്നതുമായ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ അക്രമികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്‌.

ക്വട്ടേഷന്‍ സംഘത്തിന്റെ സൂത്രധാരന്‍ അബ്‌ദുള്‍ അസീര്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന്‌ പോലീസ്‌ പറഞ്ഞു. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത കേസ്‌, കര്‍ണ്ണാടക, പുത്തൂരിലെ രാജധാനി ജ്വല്ലറിക്ക്‌ നേരെ പട്ടാപ്പകല്‍ വെടിവെച്ച കേസ്‌, എന്നിവയിലും കര്‍ണ്ണാടക പോലീസ്‌ ആയുധ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്‌ത കേസിലും ഇയാള്‍ പ്രതിയാണെന്ന്‌ പോലീസ്‌ പറഞ്ഞു.

പേരാല്‍ സ്വദേശി ക്വട്ടേഷന്‍ നല്‍കിയത്‌ ഗള്‍ഫില്‍ വെച്ച്‌; കൃത്യം നടത്തിയത്‌ ദൃശ്യം മോഡലില്‍
കാസര്‍കോട്‌: ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്ത്‌ നിര്‍ത്തിയിട്ട പുത്തന്‍ ഇന്നോവ കാര്‍ കത്തിച്ചതിന്‌ പിന്നില്‍ 40 ലക്ഷം രൂപ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന്‌ സി ഐ അബ്‌ദുള്‍ റഹീം പറഞ്ഞു. 
ഗള്‍ഫില്‍ നിന്ന്‌ കുമ്പള പേരാലിലെ ഷംസു എന്ന ആള്‍ വാട്‌സ്‌ ആപ്പില്‍ കൂടിയാണ്‌ കൊലക്കേസ്‌ പ്രതികള്‍ക്ക്‌ ക്വട്ടേഷന്‍ നല്‍കിയതെന്ന്‌ പോലീസ്‌ പറഞ്ഞു.
സംഭവത്തെക്കുറിച്ച്‌ പോലീസ്‌ വിശദീകരിക്കുന്നത്‌ ഇങ്ങനെ. “2014 മാര്‍ച്ച്‌ 24ന്‌ പേരാലിലെ ഷെഫീഖ്‌ അഹമ്മദിനെ കൊലപ്പെടുത്തി മൃതദേഹം പൂഴിയില്‍ കുഴിച്ചിട്ട കേസില്‍ പ്രതികളാണ്‌ അറസ്റ്റിലായ അബ്‌ദുള്‍ സലാമും മുഹമ്മദ്‌ നൗഷാദും അബ്‌ദുള്‍ അസീര്‍ എന്ന സദ്ദുവും. പ്രതികളില്‍ ഒരാളുടെ ഫോണിലേക്ക്‌ ഗള്‍ഫില്‍ നിന്ന്‌ ഷംസു വാട്‌സ്‌ ആപ്പ്‌ വഴി ബന്ധപ്പെട്ടു. മൊഗ്രാല്‍പുത്തൂരിലെ അലി കോടിക്കണക്കിന്‌ രൂപയുമായി നാട്ടിലെത്തിയിട്ടുണ്ട്‌. ഇയാളില്‍ നിന്ന്‌ 40 ലക്ഷം രൂപ തട്ടിയെടുക്കണം. പേടിപ്പിച്ചാല്‍ പണം ലഭിക്കും എന്നായിരുന്നു സന്ദേശം. 

ഇതനുസരിച്ച്‌ സദ്ദുവിന്റെ നേതൃത്വത്തിലാണ്‌ ആക്ഷന്‍ പ്ലാന്‍ ചെയ്‌തത്‌. സംഭവ ദിവസം പുലര്‍ച്ചെ നൗഷാദും സലാമും ചേര്‍ന്ന്‌ ബൈക്കിലെത്തി, അലിയുടെ വീടിന്റെ അടുക്കള ഭാഗത്തെ മതില്‍ ചാടിക്കടന്ന്‌ അകത്തു കയറി തീയിടുകയായിരുന്നു. വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ വന്നവഴിയില്‍ തന്നെ രക്ഷപ്പെട്ടു. 

സംഭവത്തിന്‌ ശേഷം കുമ്പളയിലെ ഒരു കടയില്‍ നിന്ന്‌ 500 രൂപ കൊടുത്ത്‌ പഴയ ഫോണ്‍ വാങ്ങി. ഉത്തരേന്ത്യക്കാരുടെ മേല്‍വിലാസത്തില്‍ എടുത്ത സിം വാങ്ങി ഫോണിലിട്ടു. തുടര്‍ന്ന്‌ കാറുടമയായ അലിയെ വിളിക്കുകയും ഇതൊരു ടെസ്റ്റ്‌ ഡോസാണെന്നും 40 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വീടും താങ്കളെയും ചുട്ടെരിക്കുമെന്നും ഭീഷണിപ്പെടുത്തിയ ശേഷം ഫോണ്‍ കട്ടു ചെയ്‌തു. ഇക്കാര്യം അലി പോലീസിനെ അറിയിച്ചു. പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച ഫോണ്‍ ഉത്തരേന്ത്യയിലാണെന്ന്‌ മനസ്സിലായി. 

പോലീസ്‌ ഫോണിന്റെ പിന്നാലെ പോയി. ഇതിനിടയില്‍ പ്രതികള്‍ കുമ്പളയില്‍ നിന്നും ഉപ്പളയില്‍ നിന്നും സമാനമായ രീതിയില്‍ രണ്ട്‌ ഫോണുകള്‍ കൂടി വാങ്ങി തൃശൂരില്‍ നിന്ന്‌ വിളിക്കുന്നതായി പറഞ്ഞു ഭീഷണിപ്പെടുത്തി. ഭായി പറഞ്ഞിട്ടാണ്‌ വിളിക്കുന്നതെന്നും പണം നല്‍കിയില്ലെങ്കില്‍ വലിയ ഭവിഷ്യത്ത്‌ ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യവും അലി പോലീസിനെ അറിയിച്ചു. 

ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച ഫോണ്‍ പിന്നീട്‌ ഉപേക്ഷിച്ചു. അതിന്‌ ശേഷം ഇന്റര്‍നെറ്റിലൂടെ വിളിച്ച്‌ ഭീഷണി തുടര്‍ന്നു. എന്നാല്‍ പണം നല്‍കാന്‍ അലി തയ്യാറായില്ല.

സി ഐയുടെ നേതൃത്വത്തില്‍ പോലീസ്‌ തന്ത്രപരമായി നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ വാങ്ങിച്ച കടകള്‍ കണ്ടെത്തി. കടയുടമകളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തപ്പോഴാണ്‌ സംഭവത്തിന്റെ സൂത്രധാരനായ സദ്ദുവിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്‌. ഇയാളെ പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ്‌ മറ്റു രണ്ടുപേരെക്കുറിച്ചുംതീവെപ്പിന്റെയും ഭീഷണിയുടെയും വിവരങ്ങള്‍ ലഭിച്ചത്‌.

`ദൃശ്യം’ സിനിമയില്‍ സംഭവിച്ചതുപോലെ കുറ്റകൃത്യത്തിന്‌ ഉപയോഗിച്ച ഫോണ്‍ തലപ്പാടിയില്‍ വെച്ച്‌ ഉത്തരേന്ത്യയിലേക്ക്‌ പോകുന്ന ലോറിയില്‍ തിരുകിവെച്ചു. ഫോണിലെ ബാറ്ററിയുടെ ചാര്‍ജ്‌ തീരുന്നതുവരെ ഫോണ്‍ പ്രവര്‍ത്തിച്ചു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ഫോണ്‍ ടവറുകള്‍ മാറിക്കൊണ്ടിരുന്ന കാര്യം വ്യക്തമായി. ഇതു പോലീസിനെ വഴിതെറ്റിക്കാന്‍ ബോധപൂര്‍വ്വം നടത്തിയതാണെന്നും വ്യക്തമായി.”



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.