Latest News

കൊച്ചി നഗരത്തില്‍ മിഠായി നല്‍കി കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; കൈ കടിച്ചുമുറിച്ച് കുട്ടി ഓടി രക്ഷപ്പെട്ടു

കൊച്ചി: നഗരം കേന്ദ്രീകരിച്ച് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വീണ്ടും സജീവമാകുന്നു. കഴിഞ്ഞ ദിവസം പൂത്തോട്ട ജംഗ്ഷനില്‍ നിന്നും സ്‌കൂളില്‍ പോയി വരികയായിരുന്ന ഒരു കുട്ടിയെ മിഠായി നല്‍കി തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നതായും കുട്ടി കടിച്ചുമുറിച്ച ശേഷം ഓടി രക്ഷപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ഉച്ചസമയത്ത് വീട്ടിലേക്കുള്ള ഇടവഴിയിലൂടെ പോകുമ്പോള്‍ പിന്നാലെ വന്ന ഒരാള്‍ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കുട്ടിയുടെ പിന്നാലെ കൂടുകയും പിടിക്കുകയും ആയിരുന്നു. കയ്യില്‍ നിന്നും കുട്ടി വിടാനും തനിക്ക് വീട്ടില്‍ പോണമെന്നും കുട്ടി പറഞ്ഞെങ്കിലും ഇയാള്‍ പിടി വിട്ടില്ല. തുടര്‍ന്ന് ഇയാള്‍ കുട്ടിയുടെ കാലിലും ചെവിയിലുമായി മുറുക്കിപ്പിടിച്ചു. എന്നാല്‍ കൈയ്യില്‍ കടിച്ചുപറിച്ച ശേഷം പിടി വിടുവിച്ച് കുട്ടി ഓടി രക്ഷപ്പെട്ടതായിട്ടാണ് വിവരം.

കുട്ടിയുടെ കാലിലും ചെവിയിലും കയ്യിലും പരിക്കേറ്റിട്ടുണ്ട്. കുട്ടി ഓടുന്നതിന്റെ ദൃശ്യം സമീപത്തെ ഒരു വീടിന്റെ സിസിടിവി ക്യാമറയില്‍ പതിയുകയും ചെയ്തിട്ടുണ്ട്. അതേസമയം തട്ടിക്കൊണ്ടു പോകല്‍ സംഘത്തിനായി പോലീസ് വ്യാപകമായ തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായിട്ടില്ല. അതേസമയം പൂത്തോട്ട ജംഗ്ഷനിലെ ബസ് സ്‌റ്റോപ്പില്‍ രണ്ടു പേര്‍ കുട്ടിക്കടുത്ത് നില്‍ക്കുന്നതായി കണ്ടവരുണ്ട്. എന്നാല്‍ സംഘത്തിന് വേണ്ടിയും ഇവരുടെ വാഹനത്തിന് വേണ്ടിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം വേറൊരു വാഹനം പോലീസ് പിടി കുടിയെങ്കിലും തട്ടിക്കൊണ്ടുപോകലുമായി ബന്ധമില്ലെന്ന് കണ്ടതോടെ വിട്ടയച്ചു.

കൊച്ചി കേന്ദ്രീകരിച്ച തട്ടിക്കൊണ്ടു പോകല്‍ വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണെങ്കിലും പോലീസിന് ഇതു സംബന്ധിച്ച ഒരു തെളിവും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസവും പിന്നിലൂടെ വന്ന് ഒരാള്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയെന്ന് ഒരു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ വന്നിരുന്നു. എന്നാല്‍ ഇത് വ്യാജപ്രചരണമാണെന്നായിരുന്നു പോലീസിന്റെ ഭാഷ്യം.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.