Latest News

ഐ.പി.എസ്. ട്രെയിനി ചമഞ്ഞ് പോലീസിനെ വട്ടംകറക്കിയ യുവാവ് പിടിയില്‍

മൂന്നാര്‍:[www.malabarflash.com] ഐ.പി.എസ്. ട്രെയിനി ചമഞ്ഞ് ഉന്നത പോലീസുദ്യോഗസ്ഥരടക്കമുള്ളവരെ വട്ടംകറക്കിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം ചിറപുരയിടം വീട്ടില്‍ മുഹമ്മദ് ഷാമോന്‍(28) ആണ് മൂന്നാര്‍ പോലീസിന്റെ പിടിയിലായത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ശനിയാഴ്ച കൊച്ചിയിലെ പോലീസ് കണ്‍ട്രോള്‍ റൂമില്‍നിന്നാണെന്നു പറഞ്ഞ് മൂന്നാര്‍ സ്റ്റേഷനിലേക്ക് ഒരു ഫോണ്‍കോള്‍ വന്നു. ഡല്‍ഹിയില്‍നിന്നു വരുന്ന ഐ.പി.എസ്. ട്രെയിനിക്ക് താമസസൗകര്യവും വാഹനസൗകര്യവും നല്‍കണമെന്നായിരുന്നു സന്ദേശം. ഇതനുസരിച്ച്, പോലീസ്, പഴയ മൂന്നാറിലെ ക്ലബ്ബില്‍ മുറി ഏര്‍പ്പാടുചെയ്തിരുന്നു.

ഞായറാഴ്ച രാവിലെ ടാക്‌സിവാഹനത്തില്‍ സ്റ്റേഷനിലെത്തിയ ഇയാളെ എസ്.ഐ. സ്വീകരിച്ചു. സംസാരിച്ചപ്പോള്‍, തിരിച്ചറിയല്‍രേഖ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ നല്‍കിയില്ല. തുടര്‍ന്ന്, എസ്.ഐ. ഇയാളെ വാഹനത്തില്‍ മൂന്നാര്‍ ഡിവൈ.എസ്.പി.ക്കുമുന്നില്‍ എത്തിച്ചു.

ഒരു കേസന്വേഷണത്തിന്റെ ഭാഗമായി, തിരുവനന്തപുരത്തുനിന്ന്, ഡി.ജി.പി.തലത്തിലുള്ള ഉദ്യോഗസ്ഥനാണ് തന്നെ ഇങ്ങോട്ടയച്ചതെന്നുംമറ്റും, യാതൊരു സംശയത്തിനും ഇടനല്‍കാത്തവിധത്തില്‍ ഇയാള്‍ ഡിവൈ.എസ്.പി.യോടു പറഞ്ഞു. തുടര്‍ന്ന് പോലീസ്വാഹനത്തില്‍ സ്റ്റേഷനില്‍ മടങ്ങിയെത്തിയ ഇയാളെ നിരീക്ഷിക്കാന്‍, സംശയം തോന്നിയ ഡിവൈ.എസ്.പി. പോലീസിനു നിര്‍ദേശം നല്‍കി.

സ്റ്റേഷനില്‍ മടങ്ങിയെത്തിയ ഇയാള്‍, സ്വന്തം ഫോണില്‍നിന്ന് ജില്ലാ പോലീസ് മേധാവിയുമായി ദീര്‍ഘനേരം സംസാരിച്ചു. സംസാരത്തിനിടയില്‍ സ്റ്റേഷന്‍പരിസരത്തുകൂടി നടന്ന ഇയാള്‍ പുകവലിക്കുകയും എത്തിയ വാഹനത്തിന്റെ ഡ്രൈവറെ വിളിച്ച്, മദ്യം എടുത്തുകൊണ്ടുവരാന്‍ പറയുകയും ചെയ്തു.

ഡ്രൈവര്‍ കൊണ്ടുവന്ന മദ്യം സ്റ്റേഷനുപിറകില്‍വച്ചു കഴിച്ചുകൊണ്ടിരിക്കെ, പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പിന്നീടു നടത്തിയ ചോദ്യംചെയ്യലിലാണ്, ഇയാള്‍ വ്യാജനാണെന്നു തെളിഞ്ഞത്. താന്‍ മൂന്നുതവണ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയെന്നും എന്നാല്‍, ഐ.പി.എസ്. ലഭിച്ചില്ലെന്നും ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ മകളെയാണു വിവാഹം കഴിച്ചതെന്നും ഭാര്യ പിന്നീടു പിണങ്ങിപ്പോയെന്നും ഇയാള്‍ പറഞ്ഞു.

പോലീസ് ഇയാളുടെ പഴയമൂന്നാറിലെ താമസസ്ഥലത്തു നടത്തിയ പരിശോധനയില്‍, പോലീസ് യൂണിഫോം, ഐ.പി.എസ്. ബാഡ്ജ്, തൊപ്പി, പിസ്റ്റള്‍ സൂക്ഷിക്കുന്ന ഉറ എന്നിവ കണ്ടെടുത്തു. പോലീസ് ഇയാളെ ചോദ്യംചെയ്തുവരികയാണ്.

ജൂലായില്‍ ചങ്ങനാശ്ശേരി സ്റ്റേഷനിലെ എ.എസ്.ഐ. ജോസഫിനെ വാഹനമിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ ഒന്നാംപ്രതിയാണ് മുഹമ്മദ് ഷാമോന്‍. ഈ കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.