Latest News

ദേശീയ–സംസ്‌ഥാന പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചുപൂട്ടണമെന്നു സുപ്രീം കോടതി

ന്യൂഡൽഹി: ദേശീയ– സംസ്‌ഥാന പാതകളുടെ 500 മീറ്റർ പരിധിയിലുള്ള എല്ലാ മദ്യശാലകളും അടച്ചുപൂട്ടണമെന്നു സുപ്രീം കോടതി. ആ ദൂരപരിധിയിൽ നിലവിലുള്ള എല്ലാ മദ്യവില്പന ശാലകളും മാർച്ച് 31നകം അടച്ചുപൂട്ടണമെന്നും ഉത്തരവ് പാലിക്കാത്ത മദ്യശാലകൾക്ക് ഏപ്രിൽ ഒന്നു മുതൽ ലൈസൻസ് പുതുക്കി നൽകരുതെന്നും പരമോന്നത കോടതി ഉത്തരവിട്ടു. മദ്യശാലകളുടെ പരസ്യങ്ങളും ബോർഡുകളും പാതയോരങ്ങളിൽ നിന്നു മാറ്റണം.

മദ്യവില്പന ശാലകൾ പ്രവർത്തിക്കുന്ന സ്‌ഥലങ്ങളിലും, മദ്യപിച്ച് വാഹനമോടിക്കുന്നതു മൂലവും ഉണ്ടാകുന്ന അപകടങ്ങൾ ക്രമാതീതമായി വർധിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കുർ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

മദ്യശാലകളും അവയുടെ പരസ്യങ്ങളും ബോർഡുകളും കാണുമ്പോൾ യാത്രക്കാർ അതു ശ്രദ്ധിക്കുന്നത് അപകടങ്ങൾ വർധിക്കുന്നതിനു കാരണമാകുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹൈവേയിലൂടെ സ്‌ഥിരം യാത്രചെയ്യുന്നവർക്കു പോലും അപകടമുണ്ടാകുന്നുണ്ടെന്നും മദ്യവില്പന ശാലകൾ മൂലം മറ്റ് യാത്രക്കാർക്ക് അപകടമുണ്ടാകാതെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഇക്കാര്യത്തിൽ ദേശീയപാതകളുടെ പരിസരത്തു നിന്ന് മദ്യവില്പനശാലകൾ നീക്കണമെന്നു സംസ്‌ഥാന സർക്കാരുകൾക്ക് കേന്ദ്രം നിർദേശം നൽകിയിരുന്നതായും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, സംസ്‌ഥാന സർക്കാരുകൾ അവയൊന്നും പാലിച്ചിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി.

കേന്ദ്രത്തിന്റെ നിർദേശങ്ങൾ വേണ്ടവിധത്തിൽ പരിഗണിക്കാതെയാണ് 2007 മുതൽ ഹൈവേകളിൽ മദ്യശാലകൾക്ക് സംസ്‌ഥാന സർക്കാരുകൾ വ്യാപകമായി ലൈസൻസ് നൽകിയത്. ദേശീയ പാതകളുടെ മാത്രമല്ല, സംസ്‌ഥാന പാതകളുടെ പരിസരത്തു നിന്നും മദ്യവില്പന ശാലകളുടെ പരസ്യങ്ങളും അടയാള ബോർഡുകളും നീക്കം ചെയ്യണമെന്നു കേന്ദ്രം നിർദേശിച്ചിരുന്നു. ഇവ നടപ്പിലായിട്ടില്ലെന്നു വ്യക്‌തമാക്കിയ കോടതി, ഈ പരസ്യ ബോർഡുകൾ എത്രയും വേഗം നീക്കം ചെയ്യണമെന്നു ഹൈവേ അഥോറിറ്റികളോടു നിർദേശിച്ചു. 

ഹൈവേകളിൽ കാഴ്ചയ്ക്കാണ് പ്രാധാന്യം നല്കേണ്ടതെന്നു വ്യക്‌തമാക്കിയ കോടതി, കാഴ്ചയ്ക്ക് തടസമുണ്ടാക്കുന്നവ ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.