Latest News

ഷാര്‍ജ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം

ഷാര്‍ജ:[www.malabarflash.com] അല്‍ താവൂന്‍ ഭാഗത്തെ ബഹുനിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഷാര്‍ജദുബൈ ഹൈവേയായ അല്‍ ഇത്തിഹാദ് റോഡില്‍ സഫീര്‍ മാളിന് എതിര്‍ ഭാഗത്തുള്ള 20 നിലകളുള്ള അല്‍ ബന്ദരി ട്വിന്‍ ടവറിന്റെ ബി ബ്‌ളോക്കിലെ 13ാം നിലയിലാണ് ആദ്യം തീപിടിച്ചത്. ഇത് വളരെ പെട്ടെന്ന് മുകളിലെ എട്ട് ഫ്‌ളാറ്റുകളിലേക്ക് വ്യാപിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

വ്യാഴാഴ്ച ഉച്ചക്ക് 12നായിരുന്നു അപകടം. അപകട കാരണംഅറിവായിട്ടില്ല. ആളപായമില്ല എന്ന് അധികൃതര്‍ പറഞ്ഞു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

പുകശ്വസിച്ച് ചിലര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും പാരമെഡിക്കല്‍ വിഭാഗം ഇവരുടെ രക്ഷക്കത്തെി. അവധി ദിവസമായതിനാല്‍ നിരവധി പേര്‍ കെട്ടിടങ്ങളിലുണ്ടായിരുന്നു. തീപടരുന്നത് കണ്ടവര്‍ ഉടനെ തന്നെ വിവരം മറ്റുള്ളവരെ അറിയിച്ചതാണ് വന്‍ ദുരന്തം വഴി മാറ്റിയത്. 

കെട്ടിടത്തിലുണ്ടായിരുന്നവര്‍ ഗോവണി വഴിയാണ് പുറത്തെത്തിയത്. എന്നാല്‍ വയോധികര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇത്തരത്തില്‍ പുറത്തിറങ്ങാന്‍ പ്രയാസം നേരിട്ടു. കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങാന്‍ പ്രയാസപ്പെട്ടവരെ സിവില്‍ഡിഫന്‍സും പൊലീസും ചേര്‍ന്നാണ് പുറത്തത്തെിച്ചത്. 

കത്തിയ ഫ്‌ളാറ്റുകളെല്ലാം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഇതില്‍ മിക്കതും അറബ് രാജ്യത്ത് നിന്നുള്ളവരുടേതാണ്. ഒന്ന് മലയാളിയുടെതാണെന്ന് സംശയിക്കുന്നു.

തീപിടിത്തത്തെ തുടര്‍ന്ന് അല്‍ ഇത്തിഹാദ് റോഡിലെ ഷാര്‍ജ ദുബൈ ദിശയിലെ റോഡ് താല്‍ക്കാലികമായി അടച്ചത് വന്‍ ഗതാഗത കുരുക്കിന് കാരണമായി. വാഹനങ്ങള്‍ അല്‍ഖാന്‍ റോഡ് വഴി ദുബൈയിലേക്ക് തിരിഞ്ഞപ്പോള്‍ അല്‍ നഹ്ദ ഭാഗത്തും വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. 

കത്തിയ ഫ്‌ളാറ്റുകളിലുണ്ടായിരുന്നവര്‍ ഉടുതുണിക്ക് മറുതുണി ഇല്ലാത്ത അവസ്ഥയിലാണ്. പലരും സ്വന്തം വാഹനങ്ങളില്‍ ഇരുന്ന് സങ്കടപ്പെടുന്നത് കാണാമായിരുന്നു. വിലപിടിപ്പുള്ള രേഖകളും മറ്റും കത്തി ചാമ്പലയതായി സിറിയന്‍ സ്വദേശി പറഞ്ഞു. തന്റെ ഫ്‌ളാറ്റില്‍ ഒന്നും അവശേഷിച്ചിട്ടില്ലെന്ന് ഇറാഖ് സ്വദേശി സങ്കടപ്പെട്ടു.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.