Latest News

വിഷ്ണു വധം: 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകനായിരുന്ന വിവി വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ടജീവപര്യന്തം. ഒരു പ്രതിക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു.[www.malabarflash.com]

തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ടികെ മിനിമോള്‍ ആണ് ശിക്ഷ വിധിച്ചത്. കുറ്റവാളികളെ രക്ഷപ്പെടാന്‍ സഹായിച്ച പ്രതിക്ക് മൂന്ന് വര്‍ഷം കഠിനതടവും 50000 രൂപ പിഴയും വിധിച്ചു. കൂടാതെ പ്രതികള്‍ മൂന്ന് ലക്ഷം രൂപ വിഷ്ണുവിന്റെ കുടുംബത്തിന് നല്‍കണം.

കേസില്‍ 13 ആര്‍എസ്എസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഒരു പ്രതിയെ വെറുതെ വിട്ടിരുന്നു. ആര്‍എസ്എസ് കാര്യവാഹക്, മുക്ഷ്യശിക്ഷക്, ശാരീരിക് പ്രമുഖ് എന്നിവരടക്കം 16 പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ മൂന്നാംപ്രതി കൊല്ലപ്പെട്ടു. 14ാം പ്രതി ഒളിവിലാണ്. കൊലപാതകം, ഗൂഢാലോചന, അന്യായമായ സംഘംചേരല്‍, ഒളിത്താമസം ഒരുക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
വിഷ്ണു

ആര്‍എസ്എസ് പത്മനാഭ നഗര്‍ കാര്യവാഹക് കൈതമുക്ക് കോഴിയോട്ട് ലെയ്ന്‍ ഹനീഷാ ഹൗസില്‍ വിളയില്‍മുടുക്കില്‍ സന്തോഷ് (35), മുഖ്യശിക്ഷക് കേരളാദിത്യപുരം ചെറുവാക്കോട്ടുകോണം പുത്തന്‍വീട്ടില്‍ കക്കോട്ട് മനോജ് എന്ന മനോജ് (35), മുഖ്യശിക്ഷക് കേരളാദിത്യപുരം പാലന്തറയില്‍ കുട്ടന്‍ എന്ന ബിജുകുമാര്‍ (38), മണക്കാട് നഗര്‍ കാര്യവാഹക് കുര്യാത്തി അനന്തപുരം റസിഡന്‍സ് രേവതി ഭവനില്‍ രഞ്ജിത്കുമാര്‍ (36), കേരളാദിത്യപുരം മലപ്പരിക്കോണം സുനില്‍ നിവാസില്‍ ബാലു മഹേന്ദ്രന്‍ എന്ന ബാലു (36), മുഖ്യശിക്ഷക് ആനയറ ഊളന്‍കുഴി കിഴക്കതില്‍ വീട്ടില്‍ ബബിന്‍ എന്ന വിപിന്‍ (35), ശംഖുംമുഖംനഗര്‍ കാര്യവാഹക് ആനയറ കുടവൂര്‍ പാട്ടുവിളാകത്തു വീട്ടില്‍ സതീഷ് (40), പേട്ട റെയില്‍വേ ഗേറ്റിന് സമീപം പാണക്കുഴി വീട്ടില്‍ ബോസ് (31), വട്ടിയൂര്‍ക്കാവ് മണ്ണറക്കോണം അഗസ്ത്യാര്‍മഠം ലെയ്‌നില്‍ വെണ്‍മണല്‍ മുംതാസ് മഹലില്‍ മണികണ്ഠന്‍ എന്ന സതീഷ് (30), കേരളാദിത്യപുരം മൈലപ്പള്ളി ദേവീക്ഷേത്രത്തിനു സമീപം സൌെഹൃദ നഗറില്‍ കുഞ്ചു മൈലാപ്പള്ളി വീട്ടില്‍ ചക്കു എന്ന ഹരിലാല്‍ (47), മുഖ്യശിക്ഷക് നാലാഞ്ചിറ ചെഞ്ചേരി ലക്ഷംവീട് കോളനിയില്‍ ചെഞ്ചേരി വീട്ടില്‍ വിനോദ് എന്ന വിനോദ്കുമാര്‍ (45), ശാരീരിക് പ്രമുഖ് ശ്രീകാര്യം ചെക്കാലമുക്ക് പുത്തന്‍കോട് ലെയ്‌നില്‍ കൊടിയില്‍ വീട്ടില്‍ സുഭാഷ്‌കുമാര്‍ (36), ആര്‍എസ്എസ് കഴക്കൂട്ടം മണ്ഡല്‍ വൈസ് പ്രസിഡന്റ് കരിക്കകം പുന്നയ്ക്കാത്തോപ്പ് കൈലാസത്തില്‍ ശിവലാല്‍ (42) എന്നിവരെയാണ് ശിക്ഷിച്ചത്.

16ാം പ്രതി കേരളാദിത്യപുരം തച്ചന്‍പറമ്പില്‍ വീട്ടില്‍ ഷൈജു എന്ന അരുണ്‍കുമാറിനെയാണ് വെറുതെ വിട്ടത്. മൂന്നാം പ്രതി കേരളാദിത്യപുരം രഞ്ജിത്താണ് കൊല്ലപ്പെട്ടത്. 14ാം പ്രതി പേരൂര്‍ക്കട മണികണ്‌ഠേശ്വരം സ്വദേശി ആസാം അനി എന്ന അനിയാണ് ഒളിവിലുള്ളത്.

കെഎസ്ആര്‍ടിസിയില്‍ നിന്നു വിരമിച്ച വഞ്ചിയൂര്‍ വലിയവിളാകത്തു വീട്ടില്‍ വിശ്വനാഥന്റെയും ഇന്ദിരയുടെയും മകനും സിപിഎം കലക്ടറേറ്റ് ബ്രാഞ്ച് അംഗവുമായിരുന്ന വിവി വിഷ്ണുവിനെ 2008 ഏപ്രില്‍ ഒന്നിനാണ് കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫീസിനു മുന്നില്‍ വച്ച് ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.