Latest News

പുനെ ഇന്‍ഫോസിസ് ഓഫിസില്‍ കോഴിക്കോട് സ്വദേശിനി കൊല്ലപ്പെട്ട നിലയില്‍

പുനെ: മലയാളിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ ഇന്‍ഫോസിസ് പുനെ ഓഫിസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലം പയിമ്പ്ര ഒഴാംപൊയില്‍ രാജുവിന്റെ മകള്‍ കെ. രസീല രാജു (25) ആണ് മരിച്ചത്. സംഭവത്തില്‍ ഓഫിസിലെ സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.[www.malabarflash.com]

26കാരനും അസം സ്വദേശിയുമായ ബാബന്‍ സക്യയാണ് അറസ്റ്റിലായത്. അസമിലേക്ക് ട്രെയിന്‍ കാത്തിരിക്കെ മുംബൈ സി.എസ്.ടി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ബാബന്‍ സക്യ കുടുങ്ങിയത്. സ്ഥലത്തെ സുരക്ഷാ കാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് അസിസ്റ്റന്റ് കമീഷണര്‍ വൈശാലി ജാദവ് അറിയിച്ചു.

പുനെ ഹിങ്‌ഗേവാദിയിലെ രാജീവ് ഗാന്ധി ഇന്‍ഫോടെക് പാര്‍ക്കിലാണ് സംഭവം. കമ്പ്യൂട്ടന്റെ വയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് കൊലപാതകം നടന്നതെങ്കിലും എട്ടു മണിക്കാണ് വിവരം പോലീസിനെ അറിയിച്ചത്. വൈകീട്ട് അഞ്ചിനും ആറരക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പ്രാഥമിക നിഗമനം.

ഇന്‍ഫോസിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഒമ്പതാംനിലയില്‍ യുവതി ജോലി ചെയ്യുന്ന മുറിയുടെ തറയിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച അവധിയായിട്ടും ജോലികള്‍ ചെയ്തു തീര്‍ക്കാനാണ് യുവതി ഓഫിസിലെത്തിയതെന്ന് ഇന്‍ഫോസിസ് അധികൃതര്‍ അറിയിച്ചു. ഉച്ചക്ക് രണ്ടിന് ഓഫിസിലെത്തിയ രസീലക്ക് രാത്രി 11 മണിക്ക് ഡ്യൂട്ടി പൂര്‍ത്തിയാവുക.

ആറു മാസം മുമ്പാണ് ഇന്‍ഫോസിസിന്റെ ബംഗളൂരു കാമ്പസില്‍ നിന്ന് രസീല പുനെ കാമ്പസിലെത്തിയത്. ബംഗളൂരു ഓഫിസിലെ സഹപ്രവര്‍ത്തകരുമായി ഓണ്‍ലൈന്‍ വഴി ബന്ധപ്പെട്ടായിരുന്നു രസീല പ്രൊജക്റ്റ് ചെയ്തിരുന്നത്. വൈകീട്ട് അഞ്ചു മണിയോടെ രസീലയുമായി ബന്ധം നഷ്ടമായതോടെയാണ് സഹപ്രവര്‍ത്തകര്‍ വിവരം പുനെ കാമ്പസിലെ അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

കുന്ദമംഗലം പോലീസ് സ്‌റ്റേഷനിലെ ഹോം ഗാര്‍ഡ് ആണ് രാജു. മരണ വിവരമറിഞ്ഞ രാജുവും ബന്ധുവും പുനെയിലേക്ക് തിരിച്ചിട്ടുണ്ട്. രസീലക്ക് ഒരു സഹോദരനുണ്ട്.

പുനെയില്‍ വനിതാ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ കൊല്ലപ്പെടുന്ന
രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ഡിസംബറില്‍ പുനെക്ക് സമീപം കാഗ്മിനിയില്‍ 23കാരിയായ അനിത ദാസ് കുത്തേറ്റ് മരിച്ചിരുന്നു.

രസീലയുടെ മരണത്തില്‍ ഇന്‍ഫോസിസ് അനുശോചിച്ചു. രസീലയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. കേസ് അന്വേഷണത്തിന് എല്ലാ സഹായവും ചെയ്യുമെന്ന് അധികൃതര്‍ ട്വീറ്റ് ചെയ്തു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.