Latest News

കാസര്‍കോട് നഗരസഭയില്‍ ലീഗ്-ബി.ജെ.പി അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും


കാസര്‍കോട്: ഭവന നിര്‍മ്മാണ പദ്ധതിയില്‍ അഴിമതി ആരോപണ വിധേയയായ മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നൈമുന്നീസ രാജി വയ്ക്കണമെന്ന ബി.ജെ.പി ആവശ്യം തിങ്കളാഴ്ച നാടകീയ സംഭവങ്ങള്‍ക്കും സംഘര്‍ഷത്തിനും ഇടയാക്കി. [www.malabarflash.com]

ലീഗ്-ബി.ജെ.പി അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും നടക്കുന്നതിനിടയില്‍ സ്ഥലത്തു കുഴഞ്ഞുവീണ ബി.ജെ.പി കൗണ്‍സിലര്‍ സവിത ടീച്ചറെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയ്ക്കു അയവുണ്ടായത്.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന അഴിമതി സംബന്ധിച്ച് വിജിലന്‍സ് കേസെടുത്തിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്റെ നേതൃത്വത്തിലാണ് അഴിമതി നടത്തിയതെന്നും അവര്‍ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് ഏതാനും ദിവസങ്ങളിലായി ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധത്തിലും സമരത്തിലുമാണ്. ഇതിനിടയിലാണ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായ നൈമുന്നീസ രാവിലെ തന്റെ ചേംബറിലെത്തി യോഗം ചേര്‍ന്നത്. ഈ വിവരമറിഞ്ഞ് പ്രതിപക്ഷനേതാവ് ബി.ജെ.പിയിലെ പി. രമേശന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ ചേംബറിനു മുന്നിലെത്തി മുദ്രാവാക്യം വിളിക്കുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.

ഇതിനിടയില്‍ മുസ്ലീംലീഗ് കൗണ്‍സിലര്‍മാര്‍ സ്ഥലത്തെത്തി. ഇതോടെ വാക്കേറ്റവും ഉന്തും തള്ളും നടന്നു. പോലീസെത്തി ഇരുകൂട്ടരെയും അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു വിഭാഗം ലീഗ് കൗണ്‍സിലര്‍മാര്‍ നൈമുന്നീസയെ ബലമായി പുറത്തേയ്ക്കു കടത്തുന്നതിനിടെ ബി.ജെ.പി അംഗം സവിത ടീച്ചറുടെ ദേഹത്ത് തട്ടുകയും അവര്‍ കുഴഞ്ഞു വീഴുകയും ചെയ്തു. ഇവരെ ഉടന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഘര്‍ഷാവസ്ഥ തുടരുന്നതിനിടയില്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം സ്ഥലത്തെത്തുകയും ചെയ്തു. ഇതോടെ ബി.ജെ.പി അംഗങ്ങള്‍ ചെയര്‍പേഴ്‌സന്റെ ക്യാബിനു മുന്നിലെത്തി. ഇതോടെ അധ്യക്ഷ വാതില്‍ അകത്തു നിന്നു പൂട്ടി. രഹസ്യമായി യോഗം ചേരാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെച്ചു. പിന്നീട് സെക്രട്ടറിയെത്തിയ ശേഷമാണ് അധ്യക്ഷ വാതില്‍ തുറന്നത്.
രാജിയെന്ന ആവശ്യത്തില്‍ ബി.ജെ.പിയും ഇല്ലെന്ന നിലപാടില്‍ ലീഗും തുടരുന്നത് നഗരസഭാ ഭരണം സ്തംഭനാവസ്ഥയിലാക്കിയിരിക്കുകയാണ്.





Keywords: Kasaragod, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.