Latest News

ദമ്പതികള്‍ വിഷം കഴിച്ചു; ഭര്‍ത്താവ്‌ മരിച്ചു; ഭാര്യ ഗുരുതര നിലയില്‍

ബദിയഡുക്ക: മകള്‍ക്കു വിഷം നല്‍കി കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണെന്നു പറയുന്നു. ദമ്പതികള്‍ വിഷം കഴിച്ചു. ഭര്‍ത്താവ്‌ മരിച്ചു. ഭാര്യ അതീവ ഗുരുതര നിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍.[www.malabarflash.com]

നീര്‍ച്ചാല്‍, ബേള, കാര്‍ഗിലിലെ ബാബു പാട്ടാളി (65)യാണ്‌ മരിച്ചത്‌. ഭാര്യ: ലീലാവതി (51)യാണ്‌ ഗുരുതരനിലയില്‍ കഴിയുന്നത്‌.ഞായാറാഴ്ച വൈകുന്നേരമാണ്‌ സംഭവം. 

ഇതേക്കുറിച്ച്‌ പോലീസും മകന്‍ ഹരീഷും വിശദീകരിക്കുന്നത്‌ ഇങ്ങനെ- കര്‍ണ്ണാടക, വിട്‌ള, അര്‍ളപദവ്‌, ഒഡിയയില്‍ നിന്നു മൂന്നു വര്‍ഷം മുമ്പാണ്‌ ബാബു പാട്ടാളിയും കുടുംബവും ബേളയിലേയ്‌ക്ക്‌ താമസം മാറിയെത്തിയത്‌. മാനസിക രോഗത്തിനു മകള്‍ നിര്‍മ്മല ചികിത്സയിലായിരുന്നു. സ്ഥലം മാറിയാല്‍ രോഗശമനം ഉണ്ടാകുമെന്ന വിശ്വാസത്തെ തുടര്‍ന്നാണ്‌ ബേളയിലെത്തിയത്‌. വീടും കുറച്ചു സ്ഥലവും വാങ്ങി താമസിച്ചു വരികയായിരുന്നു. അയല്‍ക്കാരുമായി യാതൊരു തരത്തിലുള്ള ബന്ധവും ഉണ്ടായിരുന്നില്ല. എന്തെങ്കിലും ശബ്‌ദം കേട്ട്‌ അയല്‍ക്കാര്‍ വീട്ടിലേയ്‌ക്കു ശ്രദ്ധിക്കുന്നതു പോലും ബാബു പാട്ടാളിക്കും ഭാര്യ ലീലാവതിക്കും ഇഷ്‌ടമായിരുന്നില്ല. 
അത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടായാല്‍ ഇരുവരും പ്രകോപിതരാകുന്നതും പതിവായിരുന്നു. അതിനാല്‍ അയല്‍ക്കാര്‍ വീടുമായി ബന്ധപ്പെട്ടിരുന്നില്ല. 

ഇതിനിടയിലും മകളുടെ ചികിത്സ തുടര്‍ന്നുവെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതാണ്‌ മകളെ വിഷം നല്‍കി ജീവനൊടുക്കാന്‍ ദമ്പതികള്‍ തീരുമാനിച്ചത്‌. ഞായാറാഴ്ച വൈകുന്നേരം മൂന്നുമണിയോടെ വീട്ടില്‍ വച്ച്‌ മകള്‍ നിര്‍മ്മലയ്‌ക്കു വിഷം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ മകള്‍ കുതറിയോടുകയും അയല്‍പ്പക്കത്തെ വീട്ടില്‍ വിവരം പറയുകയും ചെയ്‌തു. ഇതിനിടയില്‍ ദമ്പതികള്‍ വിഷം കഴിച്ചിരുന്നു. അയല്‍ക്കാര്‍ ഓടിയെത്തി വീട്ടിനകത്തു അവശനിലയില്‍ കണ്ടെത്തിയ ബാബുപാട്ടാളിയെയും ഭാര്യയെയും കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേയ്‌ക്കും ഭര്‍ത്താവ്‌ മരിച്ചിരുന്നു. 

പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ഭാര്യ ലീലാവതിയെ മംഗ്‌ളൂരുവിലെ ആശുപത്രിയിലേയ്‌ക്കു മാറ്റി.
മറ്റൊരു മകള്‍ സുനിത വിവാഹിതയായി ഭര്‍തൃവീട്ടിലാണ്‌ താമസം. സംഭവത്തില്‍ കേസെടുത്ത്‌ അന്വേഷണം തുടങ്ങിയതായി ബദിയഡുക്ക പോലീസ്‌ അറിയിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.