കോട്ടയം: അമിത അളവില്‍ മരുന്നുകള്‍ ഉള്ളില്‍ ചെന്ന നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഒന്‍പതു വയസ്സുകാരി മരിച്ചു. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞിരപ്പള്ളി പാറത്തോട് ഊരയ്ക്കനാട് ചാമക്കാലായില്‍ ജിഷ സി. മാനുവല്‍–ടിയ കുര്യാക്കോസ് ദമ്പതികളുടെ മകള്‍ റോസ് മേരിയാണ് (പൊന്നു) മരിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു. തോട്ടയ്ക്കാട് ഗവ. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. [www.malabarflash.com]
സംസ്‌കാരം വ്യാഴാഴ്ച 10ന് മുണ്ടക്കയം പറത്താനം വ്യാകുലമാതാ പള്ളിയില്‍. കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായ നിലയില്‍ മരുന്നുകളുടെ സാന്നിധ്യം ഡോക്ടര്‍മാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തി. രക്തത്തിന്റെയും മൂത്രത്തിന്റെയും സാംപിളുകളും ആന്തരിക അവയവങ്ങളും വിശദപരിശോധനയ്ക്കായി തിരുവനന്തപുരത്തെ സര്‍ക്കാര്‍ സെന്‍ട്രല്‍ ലബോറട്ടറിയിലേക്ക് അയച്ചു. 11ന് രാവിലെയാണ് റോസ് മേരിയെ അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അന്നു മുതല്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന റോസ് മേരിക്ക് ബോധം തിരിച്ചുകിട്ടിയില്ല. ഹൃദയം മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. രോഗകാരണം കണ്ടെത്താനുള്ള ഡോക്ടര്‍മാരുടെ ശ്രമം ഫലംകണ്ടില്ല. മൂത്രം കൊച്ചിയിലെ അമൃത ആശുപത്രി ലബോറട്ടറിയില്‍ പരിശോധിച്ചപ്പോള്‍ അപസ്മാരത്തിനും മനോദൗര്‍ബല്യത്തിനും കഴിക്കുന്ന വീര്യമേറിയ മരുന്നുകളുടെ സാന്നിധ്യം അമിത അളവില്‍ കണ്ടെത്തി. മാതാപിതാക്കളോടു ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ ഇത്തരം മരുന്നുകളൊന്നും വീട്ടില്‍ ഇല്ലെന്നും കുട്ടിയുടെ ഉള്ളില്‍ എത്താനുള്ള സാധ്യതയില്ലെന്നും അവര്‍ ഉറപ്പിച്ചുപറഞ്ഞു.
ഇതോടെ ഡോക്ടര്‍മാരും ആശയക്കുഴപ്പത്തിലായി. മാരകമായ അളവില്‍ മരുന്നുകള്‍ എങ്ങനെ ഉള്ളിലെത്തിയെന്ന് കണ്ടെത്താനായി പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് കുട്ടിയുടെ മരണശേഷം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 11ന് പുലര്‍ച്ചെ ഉണര്‍ന്ന റോസ് മേരി സംസാരിക്കുന്നതിനിടെ തൊണ്ട വേദനിക്കുന്നതായി പറഞ്ഞെന്നും മിനിറ്റുകള്‍ക്കുള്ളില്‍ തളര്‍ന്നുവീണ് പിച്ചും പേയും പറഞ്ഞെന്നും പിതാവ് പറയുന്നു. ആദ്യം തോട്ടയ്ക്കാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കുട്ടികളുടെ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ടാപ്പിങ് തൊഴിലാളിയാണ് പിതാവ്. ഈ ദമ്പതികള്‍ക്ക് നാലര വയസ്സുള്ള മകനുമുണ്ട്.
No comments:
Post a Comment