Latest News

കുറ്റിക്കോലില്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ രാജിവെച്ചു

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്. കോണ്‍ഗ്രസ് റിബല്‍ അംഗം സുനീഷ് ജോസഫ് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ നല്‍കിയ രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ചു.[www.malabarflash.com]

എല്‍.ഡി.എഫ്. ഭരിച്ചുവന്നിരുന്ന പഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ പ്രതിപക്ഷത്തെ യു.ഡി.എഫ്. വിമതര്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബി.ജെ.പി. അംഗങ്ങളും പിന്തുണച്ചതോടെയാണ് ഭരണമാറ്റം സംഭവിച്ചത്. ഡിസംബര്‍ ഒന്നിനാണ് അവിശ്വാസപ്രമേയം വിജയിച്ചത്. ജനുവരി ആറിന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസ് വിമത പി.ജെ.ലിസി പ്രസിഡന്റായി.

പി.ജെ.ലിസിക്ക് അനുകൂലമായി വോട്ടുചെയ്യുന്നതിന് ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ബി.ജെ.പി.ക്ക് വിട്ടുനല്‍കാമെന്നായിരുന്നു ധാരണ. എന്നാല്‍, ഇതില്‍വന്ന അവ്യക്തത ഭരണസമിതിയില്‍ പ്രതിസന്ധി സൃഷ്ടിച്ചു. കോണ്‍ഗ്രസ് വിമത ഷമീറ ഖാദറാണ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ. വിമതര്‍ക്കകത്തും ബി.ജെ.പി.യിലും ദിവസങ്ങളോളം ചര്‍ച്ചനടന്നെങ്കിലും പരിഹാരമായില്ല.

ഈ സമയത്താണ് പ്രതിസന്ധി പരിഹരിച്ചുകൊണ്ട് സുനീഷ് ജോസഫിന്റെ അപ്രതീക്ഷിത രാജി. പുതിയ ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സി.പി.എമ്മിലെ കെ.എന്‍.രാജന്‍, ബി.ജെ.പി.യിലെ കെ.ധര്‍മാവതി, ആര്‍.എസ്.പി.യിലെ രാജേഷ്, സുനീഷ് ജോസഫ് എന്നിവര്‍ക്കാണ് വോട്ട് ഉള്ളത്. അതിനാല്‍ കെ.ധര്‍മാവതിക്കാണ് സാധ്യത.
16 അംഗങ്ങളാണ് കുറ്റിക്കോല്‍ പഞ്ചായത്ത് ഭരണസമിതിയില്‍ ഉള്ളത്. ഏഴ് എല്‍.ഡി.എഫ്., ഒരു കോണ്‍ഗ്രസ് വിമതന്‍ ഉള്‍പ്പെടെ ആറ് യു.ഡി.എഫ്., മൂന്ന് ബി.ജെ.പി. എന്നിങ്ങനെയാണ് കക്ഷിനില. എന്നാല്‍, നിലവിലെ വൈസ് പ്രസിഡന്റ് ബി.ജെ.പി. അംഗം പി.ദാമോദരന്‍ തൊടുപനത്തെ തിരഞ്ഞെടുക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തതിന് ജോസ് പാറത്തട്ടേല്‍, ഷമീറ ഖാദര്‍, ശുഭ ലോഹിതാക്ഷന്‍, പി.ജെ.ലിസി എന്നിവരെ നേരത്തേ കോണ്‍ഗ്രസില്‍നിന്ന് ആറുവര്‍ഷത്തേക്ക് പുറത്താക്കിയിരുന്നു.
വിമതസ്ഥാനാര്‍ഥിയായി മത്സരിച്ചതിന് സുനീഷ് ജോസഫിനെതിരെയും നടപടി ഉണ്ടായിരുന്നു. മുന്നണിമര്യാദകള്‍ പാലിച്ചില്ലെന്നതിന്റെ പേരില്‍ ആര്‍.എസ്.പി. അംഗം എച്ച്.രാജേഷും നടപടിക്ക് വിധേയനായിരുന്നു.

സ്ഥാനങ്ങള്‍ വഹിക്കുന്നതിലല്ല, മറിച്ച് പഞ്ചായത്തില്‍ ഭരണപ്രതിസന്ധിയുണ്ടാക്കാതെ, മലയോരത്തിന്റെ വികസനത്തിലൂന്നിയ ഭരണം നടത്താന്‍ നിലവിലെ ഭരണസമിതിയെ നിലനിര്‍ത്തുന്നതിനായാണ് രാജിയെന്നും മറ്റു ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ലെന്നും സുനീഷ് ജോസഫ് പറഞ്ഞു. ഇനിയുള്ള കാലം ഒറ്റക്കെട്ടായി സ്വാതന്ത്രര്‍ ജനനന്മയിലൂന്നി ഭരിക്കുമെന്നും പ്രതിസന്ധികളൊന്നും ഇല്ലെന്നും വിമത അംഗം ജോസ് പാറത്തട്ടേല്‍ പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.