തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്ക് കേരള വാഴ്‌സിറ്റി സിന്‍ഡിക്കറ്റ് അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. പരീക്ഷ ജോലികളില്‍നിന്നാണ് വിലക്കിയിരിക്കുന്നത്. ഇന്റേണല്‍ അസസ്‌മെന്റിലും പരീക്ഷ നടത്തിപ്പിലും ലക്ഷ്മി നായര്‍ക്ക് ഇടപെടാനാകില്ല. വനിതാ ഹോസ്റ്റലില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും സിന്‍ഡിക്കേറ്റ് നിര്‍ദേശിച്ചു. [www.malabarflash.com]
വിദ്യാര്‍ഥികളില്‍ നിന്നും കോളജ് അധികൃതരില്‍ നിന്നും ശേഖരിച്ച രേഖകളും മൊഴികളും പരിശോധിച്ചാണ് ഉപസമിതി കോളജ് നേതൃത്വത്തിനു വീഴ്ച പറ്റിയതായി കണ്ടെത്തിയത്. ഇന്റേണല്‍ മാര്‍ക്ക്, ഹാജര്‍ എന്നിവയില്‍ തിരിമറി നടന്നിട്ടുണ്ടെന്നും വിദ്യാര്‍ഥികളോടു പ്രിന്‍സിപ്പല്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും ഒന്‍പതംഗ സമിതി വിലയിരുത്തിയിരുന്നു. എന്നാല്‍, പ്രിന്‍സിപ്പല്‍ രാജിവയ്ക്കുന്നത് വരെ സമരം തുടരുമെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്.
ഇന്റേണല്‍ മാര്‍ക്ക് നല്‍കിയത് പരിശോധിക്കണമെന്നും ശുപാര്‍ശയുണ്ടായിരുന്നു. ആവശ്യമായ ഹാജര്‍ ഇല്ലാതിരുന്നിട്ടും 20ല്‍ 19 മാര്‍ക്ക് ലഭിച്ച ഭാവി മരുമകളായ അനുരാധയെ ഇയര്‍ ഔട്ട് ആക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു ഉപസമിതിയുടെ കണ്ടെത്തല്‍.
അതിനിടെ, ലക്ഷ്മി നായര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്യുന്ന പ്രമേയം കേരള വാഴ്‌സിറ്റി സിന്‍ഡിക്കറ്റില്‍ പാസായി. ഉചിതമായ നടപടി വേണമെന്ന പ്രമേയത്തെ ഒന്‍പതു പേര്‍ അനുകൂലിച്ചു. എട്ട് സിപിഎം അംഗങ്ങളും ഒരു സിപിഐ അംഗവും അനുകൂലിച്ചു. ലക്ഷ്മി നായര്‍ക്കെതിരെ എന്തു നടപടി വേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം.
ലക്ഷ്മി നായര്‍ക്കെതിരായ നടപടിയുമായി ബന്ധപ്പെട്ട് സിന്‍ഡിക്കറ്റ് യോഗത്തില്‍ രൂക്ഷമായ തര്‍ക്കമുണ്ടായത്. രാജി ആവശ്യപ്പെടുന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായരെ നീക്കണമെന്ന് യുഡിഎഫ് നിലപാടെടുത്തു. എന്നാല്‍, നടപടിക്ക് ശുപാര്‍ശ ചെയ്താല്‍ മതിയെന്നാണ് സിപിഎം നിലപാടെടുത്തത്.
കോളജിന്റെ ഭൂമി, അഫിലിയേഷന്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങളിലും തര്‍ക്കമുണ്ടായി. കാരണം കാണിക്കല്‍ നോട്ടിസ് നല്‍കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. കോളജിന്റെ അഫിലിയേഷന്‍ സംബന്ധിച്ചും സിന്‍ഡിക്കറ്റില്‍ തര്‍ക്കമുണ്ടായി. കോളജിന്റെ അഫിലിയേഷന്‍ രേഖകള്‍ സര്‍വകലാശാലയില്‍ കാണാനില്ല എന്നകാര്യം വൈസ്ചാന്‍സിലര്‍ അറിയിച്ചിരുന്നു. ഇത് പരിശോധിക്കാന്‍ അഫിലേഷന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment