കാസര്‍കോട്: തളങ്കര സ്വദേശിയും വിദ്യാനഗര്‍ ചെട്ടുംകുഴിയില്‍ താമസക്കാരനുമായ മന്‍സൂര്‍ അലിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം പൊട്ടക്കിണറ്റില്‍ തള്ളിയ സംഭവത്തില്‍ ഒരാളെ പോലീസ് വലയിലാക്കി. ഇയാളെ ചോദ്യം ചെയ്തു വരുന്നു. കൊലയാളികള്‍ സഞ്ചരിച്ചുവെന്ന് സംശയിക്കുന്ന വാനും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതിനിടയില്‍ കൊലപാതകത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന ആള്‍ മൈസൂരിലേക്ക് രക്ഷപ്പെട്ടുവെന്നാണ് സൂചന. ഇയാളെ തേടി പോയ പോലീസ് സംഘം വെള്ളിയാഴ്ച ഉച്ചയോടെ തിരിച്ചെത്തി. തമിഴ്‌നാടുമായി ബന്ധമുള്ള ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
പണയപ്പെടുത്തിയ സ്വര്‍ണ്ണം വീണ്ടെടുത്തു വില്‍പ്പന നടത്തുകയും സ്വത്ത് ബ്രോക്കറുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു മന്‍സൂര്‍.
ബുധനാഴ്ച രാവിലെ 10 വരെ ഇദ്ദേഹം വീട്ടില്‍ ഉണ്ടായിരുന്നതായി പറയുന്നു. പിന്നീട് ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്നാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. ഉച്ചക്ക് ഊണ്‍ കഴിക്കാന്‍ വരുമെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് സ്‌കൂട്ടറിലാണ് പുറപ്പെട്ടത്. പിന്നീട് വിവരമൊന്നും ഉണ്ടായിരുന്നില്ല. രാത്രിയായിട്ടും കാണാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. രാത്രി വൈകിയാണ് മൃതദേഹം മന്‍സൂറിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് നടത്തിയ തെരച്ചലില്‍ മന്‍സൂറിന്റെ സ്‌കൂട്ടര്‍ കറന്തക്കാട്ട് നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. ഫോണ്‍ വന്നതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങിയ മന്‍സൂര്‍ ബസില്‍ കയറി ഉപ്പളയില്‍ എത്തുകയും അവിടെ നിന്നു ബായാറിലെത്തുകയും ചെയ്തതായി സംശയിക്കുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ വാനിലാണ് മന്‍സൂറിനെ കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ചതെന്നും വ്യക്തമായിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
No comments:
Post a Comment