ഷില്ലോങ്ങ്: വിവാദങ്ങളില്‍ നിറഞ്ഞ മേഘാലയ ഗവര്‍ണര്‍ വി.ഷണ്‍മുഖനാഥന്‍ രാജിവെച്ചു. രാജ്ഭവനെ ഗവര്‍ണര്‍ ഒരു ലേഡീസ് ക്ലബുപോലെയാക്കിയെന്നും അടിയന്തരമായി അദ്ദേഹത്തെ മാറ്റണമെന്നും ആവശ്യപ്പെട്ട് രാജ്ഭവന്‍ ജീവനക്കാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഷണ്‍മുഖനാഥന്‍ ചുമതലയേറ്റ ശേഷം രാജ്ഭവനിലേക്ക് പെണ്‍കുട്ടികള്‍ വന്നും പോയുമിരിക്കുകയാണെന്ന് കത്തില്‍ ജീവനക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു.
ഇക്കഴിഞ്ഞ ഡിസംബറില്‍ രാജ്ഭവനില്‍ പി.ആര്‍.ഓ പോസ്റ്റിലേക്ക് അഭിമുഖത്തിനെത്തിയ പെണ്‍കുട്ടിയോട് ഗവര്‍ണര്‍ അപമര്യാദയായി പെരുമാറിയതായും ആരോപണമുണ്ടായിരുന്നു. അഭിമുഖത്തിനെത്തിയ പെണ്‍കുട്ടിയെ ഗവര്‍ണര്‍ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തതായി ആക്ഷേപമുണ്ടായി.
എന്നാല്‍ രാജ്ഭവനിലെത്തുന്ന പെണ്‍കുട്ടികളെയെല്ലാം മകളേപ്പോലെയോ കൊച്ചുമകളേപ്പോലെയോ ആണ് താന്‍ കാണുന്നതെന്നാണ് ഷണ്‍മുഖനാഥന്‍ വിശദീകരിച്ചത്. ഗവര്‍ണറെ മാറ്റണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ തൊട്ട് പ്യൂണ്‍ വരെയുള്ള 80 ജീവനക്കാരാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
ഗവര്‍ണര്‍ ഷണ്‍മുഖനാഥന്റെ പ്രവൃത്തികള്‍ ജീവനക്കാരുടേയും രാജ്ഭവന്റെ തന്നെയും അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നുവെന്നാണ് പ്രധാനമന്ത്രിക്ക് നല്‍കിയ അഞ്ച് പേജ് വരുന്ന കത്തില്‍ പറയുന്നത്. കത്തിന്റെ പകര്‍പ്പ് രാഷ്ട്രപതി ഭവനും അയച്ചിരുന്നു. ഗവര്‍ണറുടെ പ്രവൃത്തികള്‍ ജീവനക്കാരെ മാനസികമായി തളര്‍ത്തുന്നു. രാജ്ഭവനെ ഒരു ലേഡീസ് ക്ലബുപോലെയാക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും കത്തില്‍ ആരോപിക്കുന്നു.
തമിഴ്‌നാട്ടില്‍ നിന്നുള്ള ഷണ്‍മുഖനാഥന്‍ 2015 മെയ് 20 നാണ് മേഘാലയയുടെ ഗവര്‍ണറായി സ്ഥാനമേറ്റത്. ജെ.പി.രാജ്‌ഖോവയെ നീക്കിയതിനെത്തുടര്‍ന്ന് 2016 സെപ്റ്റംബര്‍ 16ന് ഷണ്‍മുഖനാഥന് അരുണാചല്‍ പ്രദേശിന്റെ അധിക ചുമതലയും നല്‍കിയിരുന്നു.
No comments:
Post a Comment