Latest News

കേരളത്തിനില്ലെങ്കിലും മലയാളിക്ക് അഭിമാനമായി ഒഡിഷയില്‍നിന്ന് മലയാളി ഡിഐജി എസ് ഷൈനി; റിപബ്ലിക് ദിനത്തില്‍ രാഷ്ട്രപതി പുരസ്‌കാരം


ന്യൂഡല്‍ഹി: ഒഡിഷ കേഡര്‍ മലയാളി ഐപിഎസ് ഓഫീസര്‍ എസ് ഷൈനിക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി പുരസ്‌കാരം. ഒഡിഷയിലെ മാവോയിസ്റ്റ് സ്വാധീന മേഖലയായ സൗത്ത് വെസ്‌റ്റേണ്‍ റേഞ്ച് ഡിഐജിയാണ് ആലപ്പുഴ സ്വദേശിനി ഷൈനി. ഇത്തവണ കേരളത്തില്‍നിന്ന് ആര്‍ക്കും രാഷ്ട്രപതി പുരസ്‌കാരം ലഭിക്കാത്തപ്പോഴാണ് ഒഡിഷ കേഡറിലുള്ള മലയാളിക്ക് പുരസ്‌കാരം. [www.malabarflash.com]

ഇടയ്ക്കിടെ ഏറ്റുമുട്ടല്‍ നടക്കുന്ന മാവോയിസ്റ്റ് മേഖലയില്‍ ഷൈനിയുടെ നേതൃത്വത്തില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. പോലീസുമായി അകന്നു നിന്നിരുന്ന പ്രദേശത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളായിരുന്നു ജനസമ്പര്‍ക്ക പരിപാടികള്‍.

മാവോയിസ്റ്റുകളെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്ന നയം ഫലപ്രദമായി നടപ്പാക്കിയതും ഷൈനിയുടെ നേതൃത്വത്തിലാണ്. കോറാപുട് മേഖലയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി പേരാണ് മാവോയിസം ഉപേക്ഷിച്ച് ജനാധിപത്യരീതിയിലേക്ക് വന്നത്. 2008ല്‍ ഒഡിഷയിലെ ബൊലാങ്കീര്‍ ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷം നിയന്ത്രണ വിധേയമാക്കിയത് ഷൈനിയുടെ നേതൃത്വത്തിലായിരുന്നു. 2005ല്‍ മികച്ച സേവനത്തിനുള്ള ഒഡിഷ പോലീസ് ഡിജിപി പുരസ്‌കാരം, 2015ല്‍ ഗവര്‍ണര്‍ മെഡല്‍ എന്നിവയും ലഭിച്ചിട്ടുണ്ട്. രാഷ്ട്രപതി പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുന്ന സര്‍വീസ് കാലയളവ് പിന്നിട്ട ആദ്യ വര്‍ഷം തന്നെയാണ് ഷൈനിക്ക് പുരസ്‌കാരം ലഭിക്കുന്നത്.

ഐപിഎസ് 2001 ബാച്ചുകാരിയായ ഷൈനി നേരത്തെ നാലു വര്‍ഷം സിബിഐയില്‍ ജോലി ചെയ്തിട്ടുണ്ട്. കൊച്ചിയിലും കൊല്‍ക്കത്തയിലും സിബിഐ എസ്പിയായി പ്രവര്‍ത്തിച്ചു. കേരളത്തില്‍ ഏറെ പ്രമാദമായ പോള്‍ മുത്തൂറ്റ് വധ കേസിലെ സിബിഐ അന്വേഷണ മേല്‍നോട്ടം ഷൈനിക്കായിരുന്നു.
ഒഡിഷ കലിംഗ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി (കിറ്റ്) യൂണിവേഴ്‌സിറ്റിയില്‍ അഡ്മനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്‍ നിരൂപ് കുമാറാണ് ഭര്‍ത്താവ്. മകന്‍ നിഷാന്ത് ഭൈരവ്. ആലപ്പഴയിലെ പി ശിവാനന്ദന്റെയും പികെ ഇന്ദിരാദേവിയുടെയും മകളാണ് ഷൈനി.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.