Latest News

കശ്മീരില്‍ ഹിമപാതത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 10 ആയി


ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ ഹിമപാതം മൂലം മരിച്ച സൈനികരുടെ എണ്ണം 10 ആയി. കശ്മീരിലെ ബന്ദിപ്പൂര്‍ ജില്ലയിലുള്ള ഗുരെസ് സെക്ടറിലാണ് മഞ്ഞുമല ഇടിഞ്ഞുവീണ് 10 സൈനികര്‍ മരിച്ചത്. നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള സ്ഥലമാണിത്. ഏതാനുംപേരെ കാണാതായെന്നും സൂചനയുണ്ട്. ബുധനാഴ്ച രാത്രിയോടെയാണ് രണ്ടുതവണയായി ഹിമപാതമുണ്ടായത്. അപകടത്തിനു പിന്നാലെ സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഒരു ജൂനിയര്‍ ഓഫിസര്‍ ഉള്‍പ്പെടെ ഏഴു സൈനികരെ രക്ഷപ്പെടുത്തി. മൂന്നു പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തു. [www.malabaarflashcom]

കശ്മീര്‍ താഴ്‌വരയില്‍ ഹിമപാതം മൂലം കരസേനാ ഓഫിസര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ഇന്നലെ മരിച്ചിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. മഞ്ഞുവീഴ്ച കഠിനമായതിനെ തുടര്‍ന്നു ശ്രീനഗര്‍–ജമ്മു ദേശീയപാത അടച്ചു. ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും ഇന്നലെ റദ്ദാക്കി. സൊനമാര്‍ഗിലെ ഹൈ ആള്‍ട്ടിട്യൂഡ് വാര്‍ഫെയര്‍ സ്‌കൂളിലെ മേജര്‍ അമിതാണു ഹിമപാതത്തില്‍പ്പെട്ടു മരിച്ച സൈനിക ഓഫിസര്‍. ഒരു പട്ടാളക്കാരന്‍ കൂടി മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

വീടിനു മുകളില്‍ മഞ്ഞുമല ഇടിഞ്ഞുവീണു ബഡൂഗാം ഗ്രാമത്തില്‍ ഒരു വീട്ടിലെ നാലുപേരും മരിച്ചു. ഗൃഹനാഥന്‍ മെഹ്‌റജ് ഉദ് ലോണ്‍ (55), ഭാര്യ അസിസി (55), മകന്‍ ഇര്‍ഫാന്‍ (22), മകള്‍ ഗുല്‍ഷന്‍ (19) എന്നിവരാണു കൊല്ലപ്പെട്ടതെന്നു പോലീസ് പറഞ്ഞു. മറ്റൊരു മകന്‍ റിയാസ് അഹമ്മദിനെ അധികൃതര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര–വ്യോമ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്നു താഴ്‌വരയില്‍ പാചകവാതകം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്കു ദൗര്‍ലഭ്യം അനുഭവപ്പെട്ടു തുടങ്ങി.




Keywords: National, National News, News, Death, Kashmir,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.