Latest News

പി.സി.ജോര്‍ജ് എംഎല്‍എയുടെ പുതിയ സംഘടന 'കേരള ജനപക്ഷം' പിറവിയെടുത്തു

തിരുവനന്തപുരം: 'നാടിനൊപ്പം, നേരിനൊപ്പം' മുദ്രാവാക്യവുമായി പി.സി.ജോര്‍ജ് എംഎല്‍എയുടെ പുതിയ സംഘടന 'കേരള ജനപക്ഷം' പിറവിയെടുത്തു. ഇതൊരു സംഘടനയാണെന്നും ഭാവിയില്‍ രാഷ്ട്രീയപ്പാര്‍ട്ടിയാകുമെന്നും ജോര്‍ജ് പ്രഖ്യാപിച്ചു.[www,malabarflash.com]

ഒരു മുന്നണിയുമായും ബന്ധമില്ല. നാലാം ശക്തിയാക്കുകയാണു ലക്ഷ്യം. ഭാവിയിലെ കാര്യം ഇപ്പോള്‍ പറയാനാകില്ല. ജോര്‍ജ് സ്വതന്ത്രനായാണു നിയമസഭയിലേക്കു ജയിച്ചത് എന്നതിനാല്‍ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഭാഗമായാല്‍ അയോഗ്യതയ്ക്കു വഴിവയ്ക്കും. അതിനാലാണ് ഇപ്പോള്‍ 'ജനപക്ഷ'ത്തെ രാഷ്ട്രീയപ്പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യാത്തത്.

''അങ്ങനെ വന്നാല്‍ എനിക്ക് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടിവരും. അത് എന്നെ തിരഞ്ഞെടുത്ത പൂഞ്ഞാറിലെ ജനങ്ങളോടുള്ള വഞ്ചനയായിരിക്കും''– ജോര്‍ജ് വ്യക്തമാക്കി. 

നിയമസഭാ മന്ദിരത്തിനു മുന്നിലെ മഹാത്മാഗാന്ധി പ്രതിമയെ സാക്ഷിയാക്കി രൂപം കൊണ്ട സംഘടനയുടെ ലക്ഷ്യം അഴിമതി തുടച്ചുനീക്കലാണെന്നു ജോര്‍ജ് അവകാശപ്പെട്ടു. പരിസ്ഥിതി, സംസ്‌കാരം, ഭാഷ എന്നിവ സംരക്ഷിച്ചുകൊണ്ട് അഴിമതിരഹിത വികസിത കേരളം സാക്ഷാല്‍ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോര്‍ജ് ചെയര്‍മാനായ സംഘടനയുടെ സെക്രട്ടേറിയറ്റ് അംഗങ്ങളെയും ജില്ലാ, സഹസംഘടന, പ്രവാസി കണ്‍വീനര്‍മാരെയും പ്രഖ്യാപിച്ചു.

വിഎസ്ഡിപി പോലുള്ളവയുടെ സഹകരണമുണ്ടാകും. 36 പട്ടികജാതി സംഘടനകളും ബന്ധപ്പെട്ടു. വെബ്‌സൈറ്റ് വഴിയും മൊബൈല്‍ഫോണ്‍ വഴിയും അംഗങ്ങളാകാം. കെ.രാമന്‍പിള്ളയുടെ നേതൃത്വത്തിലുള്ള ജനപക്ഷം പിരിച്ചുവിട്ടെന്നും അദ്ദേഹത്തിന്റെ അനുമതിയോടെയാണ് ആ പേരു സമ്പാദിച്ചതെന്നും ജോര്‍ജ് അറിയിച്ചു. പാര്‍ട്ടി പ്രഖ്യാപനശേഷം വാര്‍ത്താസമ്മേളനത്തില്‍ ജോര്‍ജ് പതിവുശൈലിയിലെത്തി. പ്രസക്തഭാഗങ്ങള്‍:

''യുഡിഎഫും എല്‍ഡിഎഫും മടുത്തു. ഞാന്‍ ചുമ്മാ ഇരുകൂട്ടരുടെയും പിന്നാലെ നേതാക്കള്‍ പറയുന്നതനുസരിച്ചു നടന്നു. ഇപ്പോള്‍ മാറിനിന്ന് എട്ടുമാസം പഠിച്ചപ്പോള്‍ തന്നെ 'കേരള ജനപക്ഷമായി'. അപ്പോള്‍ അഞ്ചു വര്‍ഷം കിട്ടിയാലോ? ഇരുമുന്നണികളും ഒരു സാരിത്തുമ്പിലാകുന്നതു നമ്മള്‍ കണ്ടില്ലേ? കെഎഎസ് പോലെയുള്ള കാര്യങ്ങളില്‍ പിണറായി സര്‍ക്കാര്‍ കൊള്ളാം. പക്ഷേ പിടിച്ചുപറിയും അക്രമവും വര്‍ധിച്ചുവരുന്നു. മോദിയുടെ നോട്ട് പിന്‍വലിക്കല്‍ നടപടി പിന്തുണച്ചയാളാണു ഞാന്‍. പക്ഷേ സ്വന്തം കാശ് ബാങ്കില്‍നിന്ന് എടുത്തു ചെലവാക്കാന്‍ എനിക്ക് അവകാശമില്ലെന്നു പറഞ്ഞ മോദിയെ ക്രിമിനല്‍ കേസില്‍ പെടുത്തുകയാണു വേണ്ടത്''.പി.സി.ജോര്‍ജ് പറഞ്ഞു. 



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.