Latest News

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട്‌ സ്‌ത്രീകളെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്ന യുവാവ്‌ അറസ്‌റ്റില്‍

നിലമ്പൂര്‍: യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണം തട്ടിയെടുത്ത കേസില്‍ യുവാവ്‌ അറസ്‌റ്റില്‍. വഴിക്കടവ്‌ മാമാങ്കര സാളിഗ്രാമത്ത്‌ ജിതിനെ (24) ആണ്‌ നിലമ്പൂര്‍ എസ്‌.ഐ മനോജ്‌ പറയറ്റയും സംഘവും അറസ്‌റ്റ്‌ ചെയ്‌തത്‌.[www.malabarflash..com] 

നിലമ്പൂര്‍ കാട്ടുമുണ്ടയിലെ ഭര്‍തൃമതിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ്‌ അറസ്‌റ്റ്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുന്ന യുവതികളുമായി മാന്യമായി മാത്രം ചാറ്റു ചെയ്‌ത് സൗഹൃദം സ്‌ഥാപിക്കുകയും ഫോണ്‍ ചെയ്‌ത് ബന്ധം സുദൃഡമാക്കുകയും ചെയ്‌ത ശേഷം സ്‌ത്രീകളുടെ വിഷമങ്ങളിലും മറ്റും ആശ്വാസ വചനവുമായെത്തി വീട്ടിലെ രഹസ്യങ്ങള്‍ മനസ്സിലാക്കുകയും ഈ കാര്യങ്ങള്‍ ഭര്‍ത്താവിനോടും വീട്ടുകാരോടും പറഞ്ഞ്‌ ഡൈവോഴ്‌സ് ചെയ്യിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കുക എന്നതാണ്‌ പ്രതിയുടെ രീതി.

അഭിമാനക്ഷയം ഭയന്ന്‌ ഇരകളാവുന്ന സ്‌ത്രീകള്‍ പലപ്പോഴും ഇയാള്‍ക്കെതിരെ പരാതിപ്പെടാന്‍ തയ്യാറാവാറില്ല. ചില സ്‌ത്രീകളുടെ ഫോട്ടോയും മറ്റും ഇപ്രകാരം സാമൂഹ്യ മാധ്യമങ്ങളിലൂടെ വാങ്ങി പിന്നീട്‌ അതും ഇയാള്‍ ഭീഷണിപ്പെടുത്താന്‍ ഉപയോഗപ്പെടുത്താറുണ്ട്‌. 

ചെയ്‌ത ഫോണ്‍ കോളുകളും അയച്ച ടെക്‌സ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും എടുത്തു സൂക്ഷിച്ച്‌ അതുപയോഗിച്ച്‌ ഭീഷണിപ്പെടുത്തുന്നതും ഇയാളുടെ രീതിയാണ്‌. സ്വഭാവത്തില്‍ മാറ്റം കാണുമ്പോള്‍ പ്രതികരിക്കുന്ന സ്‌ത്രീകളെ തന്റെ കുറ്റകൃത്യങ്ങളുടെ പശ്‌ചാത്തലം പറഞ്ഞും ഫോണ്‍ റെക്കോര്‍ഡുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തുമെന്നു പറഞ്ഞും തനിക്ക്‌ ഒന്നും നഷ്‌ടപ്പെടാനില്ലെന്നു പറഞ്ഞും ഇയാള്‍ ഭീഷണിപ്പെടുത്താറാണ്‌ പതിവ്‌. ഇങ്ങനെ ഭീഷണിക്കു വഴങ്ങുന്ന ഇരകളെ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്യാറുളളതായും പരാതിയുണ്ട്‌.

കാട്ടുമുണ്ട പ്രദേശത്തെ ഭര്‍തൃമതിയായ യുവതിയുടെ പരാതിയിലാണ്‌ പോലീസ്‌ പ്രതിക്കെതിരെ കേസെടുത്തത്‌. ഫോണിലൂടെ പരിചയപ്പെട്ട്‌ സൗഹൃദം സ്‌ഥാപിക്കുകയും പിന്നീട്‌ ഇയാള്‍ വിളിക്കുമ്പോള്‍ ഫോണ്‍ എന്‍ഗേജായതിനെ തുടര്‍ന്ന്‌ നിനക്ക്‌ മറ്റൊരാളുമായി ബന്ധമുണ്ടെന്നും അത്‌ ഭര്‍ത്താവിനോട്‌ പറഞ്ഞ്‌ കുടുംബം തകര്‍ക്കുമെന്നും പറഞ്ഞ്‌ യുവതിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന്‌ ഈ മാസം രണ്ടിന്‌ യുവതിയുടെ വീടിനു സമീപത്തെത്തി ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ കൈ ചെയിന്‍ പ്രതി കൈക്കലാക്കാന്‍ ശ്രമം നടത്തി. പ്രതിയുടെ പെരുമാറ്റം കണ്ട്‌ പേടിച്ചരണ്ട യുവതി ഇയാള്‍ കാണ്‍കെ തന്നെ കൈ ചെയിന്‍ വഴിയിലിട്ടു കൊടുക്കുകയായിരുന്നു. തുടര്‍ന്ന്‌ ജിതിന്‍ സ്വര്‍ണാഭരണമെടുത്ത്‌ മഞ്ചേരിയിലെ പണയ സ്വര്‍ണം സ്വീകരിക്കുന്ന ഒരു കടയില്‍ 19200 രൂപക്ക്‌ വില്‍പന നടത്തുകയായിരുന്നു. പ്രതിയുമൊന്നിച്ച്‌ കടയിലെത്തി പോലീസ്‌ കൈ ചെയിന്‍ കണ്ടെടുത്തു.

നിരവധി കളവു കേസുകളില്‍ പ്രതിയാണ്‌ ജിതിനെന്ന്‌ പോലിസ്‌ പറഞ്ഞു. വഴിക്കടവ്‌, നിലമ്പൂര്‍, എടക്കര, പോത്തുകല്‍, ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്‌.

എസ്‌.ഐക്കു പുറെമ അഡീഷണല്‍ എസ്‌.ഐ രാധാകൃഷ്‌ണന്‍, എ.എസ്‌.ഐ ശശിധരന്‍, സി.പി.ഒ മാരായ ഷാഫി, അരുണ്‍, ഡ്രൈവര്‍ ഗോപാലന്‍ എന്നിവരും അനേ്വഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ്‌ ചെയ്‌തു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.