Latest News

മൂക്കിന് വേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ മൂക്കില്‍നിന്ന് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പാറ്റയെ നീക്കം ചെയ്തു (വീഡിയോ)


ചെന്നൈ: മൂക്കുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ മൂക്കില്‍നിന്ന് പൂര്‍ണ വളര്‍ച്ചയെത്തിയ പാറ്റയെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. ശെല്‍വി (42) എന്ന ചെന്നൈ ഇഞ്ഞമ്പക്കം സ്വദേശിയായ യുവതിയാണ് മൂക്കുവേദനയും ശ്വാസതടസവുമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. [www.malabarflash.com]

എന്നാല്‍ എന്താണ് വേദനയുടെ കാരണമെന്ന് കണ്ടെത്താനാവാത്തതിനെത്തുടര്‍ന്ന് യുവതിക്ക് താല്‍ക്കാലികാശ്വാസത്തിനുള്ള മരുന്നുകൊടുത്തു വിട്ടയച്ചു.

വേദന കുറയാതിരുന്ന ശെല്‍വി വീണ്ടും മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ പിന്നെയും നിരാശയായിരുന്നു ഫലം. വെള്ളം ചീറ്റിച്ച് മൂക്കു വൃത്തിയാക്കിയെങ്കിലും എന്താണ് രോഗിയുടെ ബുദ്ധിമുട്ടിന്റെ കാരണം എന്നു മനസിലാക്കാന്‍ അവര്‍ക്കും സാധിച്ചില്ല. മൂന്നാമതും മറ്റൊരാശുപത്രിയില്‍ ശെല്‍വി സേവനം തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്.

ശ്വാസ തടസവും വേദനയുമുണ്ടാക്കിയ വസ്തു ചലിക്കുന്നതാണെന്ന് യുവതിക്ക് മനസിലായി. പുറത്തുനിന്നുള്ള വസ്തുവാണ് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് മനസിലായ ഉടനെ ശെല്‍വി നേരെ പോയത് ചെന്നൈയിലെ സ്റ്റാന്‍ലി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്കാണ്. അവിടെ മൂക്കില്‍ എന്‍ഡോസ്‌കോപ്പ് വഴി പരിശോധിച്ച് ഡോക്ടര്‍മാര്‍ വേദനയുടെ യതാര്‍ത്ഥ കാരണം കണ്ടെത്തി. മൂക്കിന്റെ ഏറ്റവും ഉള്ളില്‍ തലയോട്ടിയോട് ചേര്‍ന്ന് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു പാറ്റ സസുഖം കഴിയുന്നുണ്ടായിരുന്നു!

ഇതോടെ പാറ്റയെ നീക്കം ചെയ്യാനുള്ള ശ്രമത്തിലായി ഡോക്ടര്‍മാര്‍. പാറ്റ പല തവണ പിടിയില്‍നിന്നു വഴുതി. ദീര്‍ഘ സമയത്തെ പരിശ്രമത്തിനു ശേഷം എന്‍ഡോസ്‌കോപ്പിന്റെ സഹായത്തോടെ പാറ്റയെ നീക്കം ചെയ്തു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.