Latest News

കള്ളം പറയുന്ന ചിലര്‍ക്കെങ്കിലും തലവേദനയാകും; നിങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി കണ്ടെത്തുന്ന വാട്‌സാപ്പ് ഫീച്ചര്‍ വരുന്നു


വാട്‌സാപ്പില്‍ ഇരുന്ന് ഞാന്‍ ഇവിടെ ഇല്ല; അങ്ങു ദൂരെയാണെന്നു കള്ളം പറയുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ ലൊക്കേഷന്‍ കൂടി കൃത്യമായി കണ്ടെത്തും വാട്‌സാപ്പ് ഫീച്ചര്‍ വരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും എവിടെ ഇരുന്നാണ് മെസേജ് അയക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്ന വാട്‌സാപ്പ് ഫീച്ചര്‍ ഉടന്‍ വരുമെന്നാണ് അറിയുന്നത്. [www.malabarflash.com]

ഗ്രൂപ്പുകളിലെ ഓരോ അംഗങ്ങളും എവിടെ ഇരുന്നാണ് വാട്‌സാപ്പ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഈ ഫീച്ചര്‍ സംബന്ധിച്ച വിവരങ്ങള്‍ ട്വിറ്റര്‍ വഴിയാണ് പുറത്തുവന്നിരിക്കുന്നത്. WABetaInfo ട്വിറ്റര്‍ പുറത്തുവിട്ട വിവരങ്ങള്‍ ശരിയാണെങ്കില്‍ പുതിയ ലൈവ് ലൊക്കേഷന്‍ ട്രാക്കിങ് ഫീച്ചര്‍ ആന്‍ഡ്രോയ്ഡ് 2.16.399 , ഐഒഎസ് 2.17.3.28 ബീറ്റാ വേര്‍ഷനുകളിലാണ് വരുന്നത്.

നിലവില്‍ വാട്‌സാപ്പില്‍ ഉപയോക്താക്കളുടെ ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. ഇതിന്റെ അടുത്ത പടിയായാണ് റിയല്‍ ടൈം ലൈവ് ലൊക്കേഷന്‍ ട്രാക്കിങ് എത്തുന്നത്. ലൈവ് ലൊക്കേഷന്‍ ട്രാക്കിങ് അഞ്ചു മിനിറ്റ്, രണ്ടു മിനിറ്റ്, ഒരു മിനിറ്റ് എന്നിങ്ങനെ ഒരു നിശ്ചിത സമയത്തേയ്ക്ക് പരിമിതപ്പെടുത്താനും എപ്പോഴും ഓപ്പണ്‍ ചെയ്തിടാനും ഓപ്ഷനുണ്ട്.

ആപ്പ് അപ്‌ഡേഷനില്‍ ഈ ഓപ്ഷന്‍ പ്രവര്‍ത്തന രഹിതമായിരിക്കും. സുരക്ഷാ കാരണങ്ങളാല്‍ ആപ്പ് സെറ്റിങ്‌സില്‍ കയറി ഉപയോക്താവ് തന്നെ ലൈവ് ലൊക്കേഷന്‍ ട്രാക്കിങ് ഓപ്ഷന്‍ പ്രവര്‍ത്തനക്ഷമമാക്കണം.

ജനപ്രിയ സോഷ്യല്‍മീഡിയ ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ പുതിയ ഫീച്ചറുകള്‍ വരുന്നതായി നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. അയച്ച മെസേജുകളും ഫയലുകളും തിരിച്ചുവിളിക്കുക, അല്ലെങ്കില്‍ അയച്ച മെസേജുകള്‍ എഡിറ്റ് ചെയ്യുക എന്നീ ഫീച്ചറുകള്‍ അടുത്ത പതിപ്പില്‍ വരുമെന്നാണ് കരുതുന്നത്. പലപ്പോഴും അയച്ച മെസേജില്‍ തെറ്റുകളുണ്ടെങ്കില്‍, അല്ലെങ്കില്‍ കിട്ടുന്നവരെ വേദനിപ്പിക്കുന്ന സന്ദേശങ്ങളാണെങ്കില്‍ പിന്‍വലിക്കാനും എഡിറ്റ് ചെയ്യാനും ആഗ്രഹിച്ചു പോകാറുണ്ട്. എന്നാല്‍ കൈവിട്ട വാട്‌സാപ്പ് മെസേജുകള്‍ നീക്കം ചെയ്യാനോ എഡിറ്റ് ചെയ്യാനോ നിലവില്‍ ഓപ്ഷന്‍ ഇല്ല.

അയച്ച വാട്‌സാപ്പ് മെസേജ് എഡിറ്റ് ചെയ്യുന്നതിന്റെ വിഡിയോ നേരത്തെ ട്വിറ്ററില്‍ വന്നിരുന്നു. വാട്‌സാപ്പിന്റെ ആന്‍ഡ്രോയ്ഡ് 2.17.25, 2.17.26 ബീറ്റാ പതിപ്പുകളിലായി ഈ ഫീച്ചറുകള്‍ വരുന്നെന്നാണ് റിപ്പോര്‍ട്ട്. ഗ്രൂപ്പ് ചാറ്റിലും ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്താനാകും. വാട്‌സാപ്പില്‍ അവസാനം അയച്ച സന്ദേശങ്ങളാണ് എഡിറ്റ് ചെയ്യാന്‍ കഴിയുക. എന്നാല്‍ നേരത്തെ അയച്ചിട്ടുള്ള മെസേജുകള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കില്ല.

എന്നാല്‍ പുതിയ ഫീച്ചറുകള്‍ സംബന്ധിച്ച വിവരങ്ങളോട് വാട്‌സാപ്പ് അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ ഫീച്ചറുകള്‍ എന്നു വരുമെന്നത് സംബന്ധിച്ചും വ്യക്തതയില്ല. പുതിയ ഫീച്ചറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചിലര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മാത്രമാണ് അറിയുന്നത്. ഇതിനു പുറമെ മറ്റുചില ഫീച്ചറുകളും പ്രതീക്ഷിക്കുന്നുണ്ട്.




Keywords: Technology News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.