Latest News

ദേവകി വധം: ബേക്കല്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി

ഉദുമ: പനയാല്‍ കാട്ടിയടുക്കത്തെ ദേവകിയുടെ കൊലയാളികളെ കണ്ടെത്തെണമെന്നാവശ്യപ്പെട്ട് ബേക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ ജനകീയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.[www.malabarflash.com] 

വനിതകളും കുട്ടികളുമുള്‍പ്പെടെ നൂറുക്കണക്കിന് പേര്‍ അണിനിരന്ന മാര്‍ച്ച് കൊലയാളികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ പ്രതിഷേധം ആളിക്കത്തുമെന്ന് മുന്നറിയിപ്പ് നല്‍കി.
സി പി എം പനയാല്‍ ലോക്കല്‍ കമ്മിറ്റിയുടെയും മഹിളാ അസോസിയേഷന്റെയും നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഇ പത്മാവതി ഉദ്ഘാടനം ചെയ്തു.
ഒറ്റക്കൊരു വീട്ടില്‍ നിര്‍ഭയമായി താമസിക്കാന്‍ ആരെയും ഭയപ്പെടേണ്ടതില്ലാത്ത കാട്ടിയടുക്കം പോലുള്ള ഗ്രാമത്തിലെ വയോധിക നിഷ്‌ക്കരുണം കൊലചെയ്യപ്പെട്ട കേസിലെ പ്രതി സമൂഹത്തില്‍ വിഹരിക്കുകയാണെന്ന് പത്മാവതി ആരോപിച്ചു. കൊലയാളികളെ അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കാതെ നാട്ടിലെ ജനങ്ങളില്‍ ഭീതി പടര്‍ത്തുന്ന പോലീസിന്റെ നിലപാടിനെതിരെയുള്ള താക്കീതാണ് ഈ പൊരിയവെയിത്തു പോലും തടിച്ചു കൂടിയിരിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുളള ഗ്രാമവാസികളെന്നും പത്മാവതി പറഞ്ഞു.
കൃത്യം നടന്നിട്ട് ഒരുമാസം ആകാറായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തെളിവുകളുടെ അഭാവം കാണിച്ച് പോലീസ് കൈമലര്‍ത്തുന്നു. ആകെയുള്ള തെളിവ് പ്രതിയെന്ന് കരുതപ്പെടുന്ന ആളിന്റെ മുടിയാണെന്ന് പറയുന്നു.
ഇതിന്റെ ആധികാരിക രേഖ കെയ്യിലെത്തിയിട്ടില്ലെന്നാണ് അറസ്റ്റ് വൈകാന്‍ കാരണമായി പറയുന്നത്. പോലീസിന്റെ മെല്ലെപ്പോക്കു നയത്തിനെ തിരുത്താനാണ് പ്രക്ഷോഭമെന്നും പത്മാവതി മുന്നറിയിപ്പ് നല്‍കി.
ഇതുവരെ പോലീസിനോട് അപേക്ഷിക്കുകയാണ് ചെയ്തത് ഇന്ന് നീതി ആവശ്യപ്പെടുകയാണെന്ന് പത്മാവതി പറഞ്ഞു. ഇനിയും വെച്ചു നീട്ടാന്‍ അനുവദിക്കില്ല. പോലീസിന് കഴിയുന്നില്ലെങ്കില്‍ കേസ് ക്രൈംബ്രാഞ്ചിനു വിടണം. നീതിനിര്‍വ്വഹണത്തിനു കീര്‍ത്തി കേട്ട കേരള പോലീസിന് ഇത് ഭൂഷണമാണോ എന്ന് അവര്‍ സ്വയം പരിശോധിക്കണമെന്നും അവര്‍ പറഞ്ഞു.
സിപി എം പനയാല്‍ ലോക്കല്‍ കമ്മറ്റി അംഗം അജയന്‍ പനയാല്‍ സ്വാഗതം പറഞ്ഞു. ജനകീയ കമ്മിറ്റി ചെയര്‍മാന്‍ ടി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.
ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍, സിപിഎം ഏരിയാ സെക്രട്ടറി ടി നാരായണന്‍, ഏരിയാ കമ്മറ്റി അംഗം എം. കുമാരന്‍, ലോക്കല്‍ കമ്മറ്റി അംഗം കൃഷ്ണന്‍ കൂട്ടപ്പുന്ന, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗൗരിക്കുട്ടി, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര, കര്‍ഷക സംഘം ഏരിയാ സെക്രട്ടറി കെ കുഞ്ഞിരാമന്‍, ഏരിയാ പ്രസിഡണ്ട് കെവി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നുറുക്കണക്കിനു പ്രക്ഷോഭകരാണ് പാലക്കുന്ന് കേന്ദ്രീകരിച്ച് ബേക്കല്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.