Latest News

ലൈസന്‍സ് അപേക്ഷകളില്‍ ശിരോവസ്ത്രം ധരിച്ച ഫോട്ടോകള്‍ക്ക് വിലക്കില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണറേറ്റ്

കൊച്ചി: ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകളില്‍ മഫ്ത (ശിരോവസ്ത്രം) ധരിച്ചെടുത്ത ഫോട്ടോകള്‍ക്ക് വിലക്കില്ലെന്ന് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമീഷണറേറ്റ്. എറണാകുളം പാനായിക്കുളം സ്വദേശിനി പി.എസ്. സുഫൈറ നല്‍കിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് ട്രാന്‍സ്പോര്‍ട്ട് കമീഷണറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.[www.malabarflash.com]

ലൈസന്‍സിന് അപേക്ഷിച്ചപ്പോള്‍ തനിക്കുണ്ടായ ദുരനുഭവം മൂലമാണ് വിവരാവകാശ പോരാട്ടത്തിന് ഒരുങ്ങിയതെന്ന് സുഫൈറ പറയുന്നു. വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കിയിട്ടുണ്ടെന്നും ജി.ഐ.ഒ മുന്‍ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി കൂടിയായ സുഫൈറ പറയുന്നു. ലൈസന്‍സ് എടുക്കാന്‍ വേണ്ടി ഡ്രൈവിംഗ് സ്കൂളുകാരെ സമീപിച്ചപ്പോഴും സമാാനമായ അനുഭവമാണ് ഉണ്ടായതെന്ന് സുഫൈറ ഐഇ മലയാളത്തോട് പ്രതികരിച്ചു.

ചെവി പുറത്ത് കാണുന്നില്ളെന്ന കാരണം പറഞ്ഞ്, ശിരോവസ്ത്രം ധരിച്ച് എടുത്ത ഫേട്ടോ പതിച്ച ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകള്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നിരസിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. അപേക്ഷകയുടെ ചെവി പുറത്ത് കാണും വിധമുള്ള ഫോട്ടോ മാത്രമേ പരിഗണിക്കൂ എന്നാണ് പല ജില്ലകളിലെയും ആര്‍.ടി.ഒമാരുടെയും എം.വി.ഐമാരുടെയും നിലപാട്.

മുസ്ലിം സ്ത്രീകളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലാണ് വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാടെന്ന് വിമര്‍ശമുയര്‍ന്നിരുന്നു. എന്നാല്‍, ലൈസന്‍സ് അപേക്ഷകളിലെ ഫോട്ടോ സംബന്ധിച്ച് ഇത്തരം ഒരു നിര്‍ദേശവും ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കുന്നു. മോട്ടോര്‍ വാഹന നിയമങ്ങളിലോ ചട്ടങ്ങളിലോ ലൈസന്‍സ് അപേക്ഷകളില്‍ ശിരോവസ്ത്രം ധരിച്ച ഫോട്ടോ പരിഗണിക്കില്ലെന്ന് പറയുന്നില്ല.

ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഉത്തരവാദിത്തം അതത് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരിക്കുമെന്നും കമീഷണറേറ്റ് വ്യക്തമാക്കുന്നു. മുസ്ലിം സ്ത്രീകള്‍ക്ക് പാസ്പോര്‍ട്ട് എടുക്കാന്‍ പോലും ചെവി കാണിച്ച് ഫോട്ടോ എടുക്കല്‍ നിര്‍ബന്ധമില്ളെന്നിരിക്കെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തോന്നിയ പോലെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്.

പാസ്പോര്‍ട്ട് അപേക്ഷകളില്‍ പതിക്കുന്ന ഫോട്ടോ സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സ്വീകാര്യമായ ഫോട്ടോ സംബന്ധിച്ച് സചിത്ര വിശദീകരണം ഇതിലുണ്ട്. വിശ്വാസപരമായ കാരണങ്ങളാല്‍ ശിരോവസ്ത്രം ധരിച്ചെടുത്ത ഫോട്ടോകള്‍ പാസ്പോര്‍ട്ട് അപേക്ഷകളില്‍ സ്വീകാര്യമാണെന്ന് കൃത്യമായി പറയുന്നുമുണ്ട്. എന്നാല്‍, ഗതാഗത വകുപ്പ് ഇത്തരം മാര്‍ഗനിര്‍ദേശം ഇതുവരെ പുറത്തിറക്കിയിട്ടില്ല.

ഇക്കാരണത്താല്‍ ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് തോന്നിയ വിധം നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയാണ്. അപേക്ഷയിലെ തുടര്‍ നടപടികള്‍ സങ്കീര്‍ണമാക്കുമെന്ന് ഭയന്ന് പലരും ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്യാറില്ല. ചെവി കാണിച്ചുള്ള ഫോട്ടോ എടുക്കാന്‍ വീണ്ടും സ്റ്റുഡിയേയിലേക്ക് പോകലാണ് പതിവ്.
(കടപ്പാട്: iemalayalam.com)


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.