Latest News

പിണറായിക്കെതിരായ പ്രതിഷേധം; മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മംഗളൂരു: ശനിയാഴ്ച രാവിലെ നഗരത്തിലെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ തടയുമെന്ന സംഘപരിവാര്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.[www.malabarflash.com]

ശനിയാഴ്ച രാവിലെ ആറു മുതല്‍ ഞായര്‍ വൈകീട്ട് ആറു വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയെ നിരോധനാജ്ഞയുടെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വാര്‍ത്താഭാരതി കന്നഡ ദിനപത്രത്തിന്റെ പുതിയ ഓഫിസ് കോംപ്ലക്‌സ് നിര്‍മാണ ഉദ്ഘാടനം, സിപിഎം സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ റാലി (ഐക്യതാറാലി) എന്നിവയില്‍ പങ്കെടുക്കുന്നതിനായാണു പിണറായി മംഗളൂരുവില്‍ എത്തുന്നത്.

മംഗളൂരു നെഹ്‌റു മൈതാനിയില്‍ ശനിയാഴ്ച വൈകീട്ട് നാലിനാണ് മതസൗഹാര്‍ദ റാലി. റാലിയില്‍ പ്രസംഗിക്കാന്‍ പിണറായി വിജയനെ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ സംഘടനകള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

പിണറായിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് മംഗളൂരുവില്‍ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തും ബജ്‌റങ്ദളും മംഗളൂരു കോര്‍പറേഷന്‍ പരിധിയിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

പിണറായി വിജയന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതു തടയുക മാത്രമാണു ലക്ഷ്യമെന്നും പരിപാടികള്‍ നടത്തുന്നതില്‍ പ്രതിഷേധമില്ലെന്നും വിഎച്ച്പി–ബജ്‌റങ്ദള്‍ നേതാക്കള്‍ വ്യക്തമാക്കി. നേരത്തെ, പിണറായി വിജയന്‍ ദക്ഷിണ കന്നഡ ജില്ലയില്‍ പ്രവേശിക്കുന്നതു വിലക്കണമെന്നു വിഎച്ച്പി ഡിവിഷനല്‍ വര്‍ക്കിങ് പ്രസിഡന്റ് എം.ബി. പുരാണിക് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.

കേരളം ഭരിക്കുന്ന ഏകാധിപതിയാണ് അദ്ദേഹം. പിണറായി വിജയനെതിരെ കേസുകളും റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിപിഎമ്മിന്റെ നേതാവാണ് അദ്ദേഹം. സ്വന്തം സംസ്ഥാനത്തു ക്രമസമാധാനം പരിപാലിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയെ മറ്റു സംസ്ഥാനങ്ങളില്‍ മതസൗഹാര്‍ദ റാലികളില്‍ പ്രസംഗിക്കാന്‍ അനുവദിക്കരുത് പുരാണിക് ആവശ്യപ്പെട്ടു.


Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.