കശ്മീര്‍: ചുമലില്‍ അമ്മയുടെ ചേതനയറ്റ ശരീരവും വഹിച്ചു കൊണ്ടാണ് ആ പട്ടാളക്കാരന്‍ വീട്ടിലേക്ക് മടങ്ങിയത്. സ്വന്തം അമ്മയുടെ മൃതശരീരത്തെ വാഹനത്തില്‍ വീട്ടിലെത്തിക്കന്‍ 4 ദിവസത്തോളം ഈ പട്ടാളക്കാരന്‍ കാത്തു. [www.malabarflash.com]
എന്നാല്‍ മഞ്ഞില്‍ പുതഞ്ഞ വഴികളും മഞ്ഞു മറച്ച മലനിരകളുമെല്ലാം ആ കാത്തിരിപ്പ് വൃഥാവിലാക്കുകയായിരുന്നു. കൊടും ശൈത്യം നാല് ദിവസം കൊണ്ട് ആ അമ്മയുടെ മൃതദേഹത്തെ അതിനോടകം തന്നെ വികൃതാവസ്ഥയിലാക്കിയിരുന്നു.
കശ്മീരിലെ കുപ്വാരാ ജില്ലയിലാണ് സംഭവം. ശക്തമായ മഞ്ഞു വീഴ്ച്ചയെത്തുടര്‍ന്ന് സ്വന്തം അമ്മയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ സ്വന്തമായി വഴി തന്നെ വെട്ടിത്തെളിക്കേണ്ടി വന്നു മുഹമ്മദ് അബ്ബാസിന്. കാല്‍ നടയായി ഈ സൈനികന്‍ താണ്ടുന്നത് 50 കിലോമീറ്ററാണ്. സൈനികനോടൊപ്പം കുടുംബവുമുണ്ട് പത്ത് മണിക്കൂര്‍ നീണ്ട ഈ ദീര്‍ഘമായ കാല്‍നട യാത്രയ്ക്ക്. ഈ പാത ഒരു പ്രധാന ഹൈവേയാണ്. പക്ഷെ ആറടിയില്‍ മഞ്ഞ് മൂടിയതിനാല്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള യാത്ര അസാധ്യമാകുന്നു. ഇതിനാലാണ് മുഹമ്മദ് അബ്ബാസിന് പാത വീണ്ടും യാത്രായോഗ്യമാക്കി യാത്രചെയ്യേണ്ടി വരുന്നത്.
20 സൈനികരാണ് കഴിഞ്ഞ ദിവസങ്ങളിലായുള്ള കനത്ത മഞ്ഞുവീഴ്ച്ചയില്‍ കാശ്മീരില്‍ കൊല്ലപ്പെട്ടത്. വൈദ്യുതി ബന്ധവും വാര്‍ത്താവിനിമയ ബന്ധവും മേഖലയില്‍ താറുമാറായി കിടക്കുകയാണ്.
പഠാന്‍കോട്ടിലാണ് അബ്ബാസ് സൈനിക സേവനം ചെയ്യുന്നത്. അമ്മ സക്കീന ബീഗം അബ്ബാസിനോടൊപ്പമാണ് താമസം. 5 ദിവസം മുമ്പാണ് സക്കീന മരിച്ചത്. കശ്മീരിലെ സ്വന്തം വീട്ടിലേക്ക പോകാന്‍ ഹെലികോപ്ടര്‍ സൗകര്യം ചെയ്തു കൊടുക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും അത് നടപ്പിലായില്ലെന്ന് അബ്ബാസ് പരാതിപ്പെടുന്നു.
ഈ സംഭവം എന്നെ അപമാനിതനാക്കുന്നു. പെറ്റമ്മയ്ക്ക് അവരര്‍ഹിക്കുന്ന രീതിയില്‍ ഖബറടക്കം പോലും നടത്താന്‍ തനിക്ക് കഴിയുന്നില്ലെന്ന് സൈനികന്‍ പറയുന്നു. തങ്ങള്‍ നടത്തുന്നത് വളരെ അപകടം പിടിച്ച യാത്രയാണെന്നും ഈ ഹിമപാത സാധ്യത കൂടുതലുള്ള മേഖലയാണെന്നും സൈനികന്‍ പറയുന്നു.
അതേസമയം, സൈനികന് വേണ്ടി ഹെലികോപ്ടര്‍ സൗകര്യം തങ്ങള്‍ ഒരുക്കിയിരുന്നെന്നും മോശം കാലാവസ്ഥയില്‍ ഹെലികോപ്ടര്‍ പറത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് കുടുംബം ഹെലികോപ്ടര്‍ സൗകര്യം നിരസിക്കുകയായിരുന്നുവെന്നുമാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍ സര്‍ക്കാര്‍ വാദങ്ങള്‍ സൈനികന്‍ നിഷേധിച്ചു. നാല് ദിവസം തങ്ങള്‍ സര്‍ക്കാര്‍ സഹായത്തിനായി കാത്തു നിന്നെന്നും കുപ്വാരയിലെ അധികൃതര്‍ തങ്ങളുടെ ഫോണ്‍ സ്വീകരിക്കാന്‍ പോലും മടിച്ചെന്നും സൈനികന്‍ പറയുന്നു. കഴിഞ്ഞ നാല് ദിവസവും സൈന്യമാണ് തങ്ങള്‍ക്ക് ഭക്ഷണവും താമസവും നല്‍കിയതെന്നും സൈനികന്‍ പറയുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment