Latest News

ഊരിപ്പിടിച്ച കത്തിക്കിടയിലൂടെ നടന്നുപോയിട്ടുണ്ട്, ആ വിരട്ടല്‍ ഇങ്ങോട്ട് വേണ്ട -പിണറായി വിജയന്‍


മംഗളൂരു: ഹിറ്റ്‌ലറെ സ്വീകരിച്ചതും പുകഴ്ത്തിയതും ആര്‍.എസ്.എസ് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മംഗളൂരു മതസൗഹാര്‍ദ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിറ്റ്‌ലറുടെ ന്യൂനപക്ഷ വിരുദ്ധ നയങ്ങള്‍ ആര്‍.എസ്.എസിനെ ആവേശഭരിതരാക്കി. ഗോഡ്‌സെ അവരുടെ കയ്യിലെ ആയുധം മാത്രമായിരുന്നു. രാജ്യത്തെ എല്ലാ വര്‍ഗീയ കലാപങ്ങള്‍ക്കും നേതൃത്വങ്ങള്‍ക്കും നല്‍കിയത് ആര്‍.എസ്.എസ്. ആണ്. ഇന്ത്യന്‍ സ്വാതന്ത്യ സമരത്തില്‍ അവര്‍ ഒരു പങ്കും വഹിച്ചിട്ടില്ല. [malabarflash.com]

ബ്രിട്ടീഷ് അനുകൂല നയമാണ് അവര്‍ അന്ന് സ്വീകരിച്ചത്. സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ച പാരമ്പര്യമാണ് അവര്‍ക്കുള്ളത്. വര്‍ഗീയത പടര്‍ത്തുന്നതിന് വേണ്ടിയാണ് അവര്‍ എല്ലാ കാലത്തും പ്രവര്‍ത്തിച്ചത്. മത സൗഹാര്‍ദത്തിന് അപകടമുണ്ടാക്കുന്ന ഒട്ടേറെ നീക്കങ്ങളാണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. ഈ രാജ്യം എല്ലാവരുടേതുമാണ്. തങ്ങളുടേതായ അഭിപ്രായം രേഖപ്പെടുത്താത്ത എല്ലാവരെയും അവര്‍ കൊന്ന് തള്ളുന്നു. അസഹിഷ്ണുതയുടെ പൂര്‍ത്തീകരണമായി അവര്‍ മാറി. ഗാന്ധിജിയെ കൊന്നതുപോലെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ട അനേകം ആളുകളെ സംഘ്പരിവാര്‍ കൊലപ്പെടുത്തുന്നു.

കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാബോല്‍കര്‍ തുടങ്ങിയവര്‍ കൊല്ലപ്പെട്ടപ്പോള്‍ രാജ്യത്തെ മതനിരപേക്ഷ മനസ് അങ്ങേയറ്റം വേദനിച്ചു. ആര്‍.എസ്.എസിനെ നേരിടുന്നതില്‍ കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ നിലപാട് അഭിനന്ദനാര്‍ഹമാണ്. ബി.ജെ.പിയും ആര്‍.എസ്.എസും കേരളത്തിന് പുറത്ത് എന്നെ കാല് കുത്താന്‍ അനുവദിക്കില്ലെന്ന് വീരവാദം മുഴക്കി. പിണറായി വിജയനെന്ന ഞാന്‍ ഏതെങ്കിലും ഒരു ദിവസം ആകാശത്ത് നിന്ന് പൊട്ടിമുളച്ച് വന്നതല്ല. ആര്‍.എസ്.എസിനെ കണ്ടുകൊണ്ടും അറിഞ്ഞുകൊണ്ടും തന്നെയാണ് എന്റെ ഇതുവരെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം.

ബ്രണ്ണന്‍ കോളജില്‍ പഠിക്കുമ്പോള്‍ ആര്‍.എസ്.എസ്. ഉയര്‍ത്തിപ്പിടിച്ച കത്തിയുടെയും വടിവാളുകള്‍ക്കും നടുവിലൂടെ തന്നെ ഞാന്‍ കടന്ന് പോയിട്ടുണ്ട്. മധ്യപ്രദേശില്‍ എന്നെ തടഞ്ഞതിനെ കുറിച്ച് സംഘ്പരിവാര്‍ പറയുന്നു, ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ ഒരു സംസ്ഥാനത്ത് ചെല്ലുമ്പോള്‍ അവിടുത്തെ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുകയെന്നത് മര്യാദയാണ്. മുഖ്യമന്ത്രിയല്ലാത്ത പിണറായി വിജയനാണ് അവിടേക്ക് പോയതെങ്കില്‍ എന്നെ അവര്‍ക്ക് തടയാനാവില്ലായിരുന്നു എന്നും പിണറായി പറഞ്ഞു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.