Latest News

ചെമ്പിരിക്ക ഖാസിയുടെ ദുരൂഹമരണത്തിന് ഏഴാണ്ട്‌

കാസര്‍കോട്‌: ചെമ്പിരിക്ക- മംഗലാപുരം ഖാസിയും സമസ്‌ത സംസ്ഥാന ഉപാധ്യക്ഷനും പ്രമുഖ മത പണ്ഡിതനുമായിരുന്ന സി എം അബ്‌ദുല്ല മൗലവിയുടെ ദുരൂഹമരണത്തിനു  ഏഴാണ്ട്‌. [www.malabarflash.com]

മരണത്തില്‍ ദുരൂഹതയില്ലെന്ന്‌ കേസ്‌ ഒടുവില്‍ അന്വേഷിച്ച സി ബിഐയും കൊലപാതകമാണെന്നു വിവിധ സംഘടനകളും ആവര്‍ത്തിച്ചു വ്യക്തമാക്കുന്ന സാഹചര്യത്തിലാണ്‌ സമാദരണീയനായ ഖാസിയുടെ വിയോഗത്തിന്റെ ഏഴാം വാര്‍ഷികം നടക്കുന്നത്‌. 

2009 ഫെബ്രുവരി 15ന്‌ രാവിലെയാണ്‌ ഖാസിയുടെ മൃതദേഹം ചെമ്പിരിക്ക, കടുക്കക്കല്ല്‌ കടലില്‍ മൃതദേഹം കാണപ്പെട്ടത്‌. അജ്ഞാത മൃതദേഹമെന്ന നിലയിലാണ്‌ മൃതദേഹം കരയ്‌ക്കെത്തിച്ചത്‌. പിന്നീടാണ്‌ ഖാസിയുടെ മൃതദേഹമാണെന്നു വ്യക്തമായത്‌. നാട്ടുകാരും പോലീസും നടത്തിയ പരിശോധനയില്‍ ഖാസിയുടെ ഊന്നുവടിയും ചെരുപ്പും പാറക്കല്ലിനു മുകളില്‍ അടുക്കി വച്ച നിലയിലും കണ്ടെത്തി. 

കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന്‌ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലാണ്‌ പോസ്റ്റുമോര്‍ട്ടം ചെയ്‌തത്‌. പോസ്റ്റുമോര്‍ട്ടത്തില്‍ മൃതദേഹത്തില്‍ നിരവധി പരിക്കുള്ളതായും എല്ലുകള്‍ക്കു ക്ഷതം സംഭവിച്ചതായും കണ്ടെത്തി. 

മരണം വിവാദമായതിനെത്തുടര്‍ന്ന്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം എങ്ങും എത്താത്തതിനെ തുടര്‍ന്ന്‌ വിവിധ സംഘടനകളുടെ ആവശ്യപ്രകാരം കേസ്‌ സി ബി ഐയ്‌ക്കു വിടുകയായിരുന്നു.സി ബി ഐ ചെന്നൈ യൂണിറ്റിലെ ഇന്‍സ്‌പെക്‌ടര്‍ ലാസറിന്റെ നേതൃത്വത്തിലായിരുന്നു തുടക്കത്തിലെ അന്വേഷണം. 

കാസര്‍കോട്ട്‌ ക്യാമ്പു ചെയ്‌ത സി ബി ഐ സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനായ ലാസറിനെ മാറ്റി. ഇത്‌ പലതരത്തിലുമുള്ള സംശയത്തിനു ഇടയാക്കി. പിന്നീട്‌ അന്വേഷണം രാജ്‌ കുമാര്‍ എന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായി. അദ്ദേഹം അന്വേഷണ റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്‌തു. 

ഖാസിയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ടിന്റെ കാതല്‍. പിന്നീട്‌ കോടതി നിര്‍ദ്ദേശപ്രകാരം പുനഃരന്വേഷണം നടത്തിയെങ്കിലും മുന്‍ അന്വേഷണ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടു നല്‍കുകയും ചെയ്‌തു. എന്നാല്‍ ഈ റിപ്പോര്‍ട്ടും ശരിയല്ലെന്നാണ്‌ ഖാസിയുടെ അനുയായികളുടെയും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെയും പക്ഷം.
ആത്മഹത്യയെന്നു സി ബി ഐയുടെ വിവിധ സംഘങ്ങള്‍ എഴുതി തള്ളിയ സിസ്റ്റര്‍ അഭയ കേസ്‌ കൊലപാതകമാണെന്നു തെളിഞ്ഞത്‌ ഒടുവിലായിരുന്നുവെന്നും ഖാസിയുടെ മരണത്തെ കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്നുമാണ്‌ വിവിധ കേന്ദ്രങ്ങളില്‍ നിന്നുയരുന്ന ആവശ്യം.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.