Latest News

തലസ്ഥാനത്ത് അമ്മയെ മകന്‍ കുത്തി പരിക്കേല്‍പ്പിച്ചു


തിരുവനന്തപുരം: തലസ്ഥാനത്ത് അമ്മയെ മകന്‍ കുത്തി പരിക്കേല്‍പ്പിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലാണ് ജനങ്ങളെയാകെ ഞെട്ടിച്ച സംഭവം. ഗീത(40)യാണ് മകന്റെ ആക്രമണത്തിനിരയായത്.

തമ്പാനൂരേക്കുള്ള ബസ് സ്റ്റാന്‍ഡിന്റെ ഭാഗത്തേക്ക് നടന്നുവരികയായിരുന്നു ഇരുവരും. സംസാരിക്കുന്നതിനിടെ പെട്ടന്നുണ്ടായ പ്രകോപനത്തില്‍ മകന്‍ കൈയിലുണ്ടായിരുന്ന കോംപസെടുത്ത് ഗീതയുടെ കഴുത്തില്‍ കുത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവം കണ്ടയുടന്‍ സമീപത്ത് നിന്നിരുന്നവര്‍ ഈ യുവാവിനെ പിടിച്ചുമാറ്റുകയായിരുന്നു.

എന്നാല്‍ യുവാവ് വീണ്ടും അമ്മയെ കുത്താനൊരുങ്ങിയപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇതേസമയം കെ.എസ്.യുവിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിനോടനുബന്ധിച്ച് സ്ഥലത്തെത്തിയിരുന്ന പോലീസ് സംഭവസ്ഥലത്തെത്തുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സാരമായി പരിക്കേറ്റ ഗീതയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കന്റോണ്‍മെന്റ് പോലീസിന്റെ കസ്റ്റഡിയിലാണ് യുവാവ്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ലഹരിക്കടിമയായിരുന്നു ഇയാളെന്നാണ് പ്രാഥമിക വിവരം. വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാവൂ.

തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഗീതയെന്നാണ് പോലീസ് പറയുന്നത്. പേയാട് സ്വദേശികളായ ഇവര്‍ പേരൂര്‍ക്കടയിലാണ് താമസിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.