Latest News

റിയാസ് മുസ്‌ല്യാരുടെ കൊല: അന്വേഷണം മുന്‍ കൊലക്കേസ് പ്രതിയെ ചുറ്റിപ്പറ്റി

കാസര്‍കോട്: കാസര്‍കോട്: പഴയ ചൂരി മുഹ്‌യുദ്ദീന്‍ ജുമമസ്ജിദിനോട് ചേര്‍ന്ന മുറിയില്‍ മദ്രസാധ്യാപകന്‍ റിയാസ് മുസ്‌ല്യരെ കുത്തിക്കൊന്ന കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് എസ്.പി. ഡോ. എ. ശ്രീനിവാസന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം നേതൃത്വത്തിലുളള അന്വേഷണ സംഘം ഊര്‍ജിതമാക്കി.[www.malabarflash.com]

റിയാസ് മുസ്‌ല്യാരുടെ കൊലയുടെ കാരണമെന്തെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുകയും നന്നായി സംസാരിക്കുകയും ചെയ്യുന്ന റിയാസ് മുസ്‌ല്യാര്‍ക്ക് ശത്രുക്കള്‍ ഉള്ളതായി വിവരമില്ല. 

ബലി പെരുന്നാളിനോടനുബന്ധിച്ച് റിയാസ് മുസ്‌ല്യാരുമായി ചില യുവാക്കള്‍ തര്‍ക്കത്തിലേര്‍പ്പെട്ടതായി സമൂഹ മാധ്യമങ്ങളില്‍ ചൊവ്വാഴ്ച പ്രചരിച്ചിരുന്നു. ഇക്കാര്യം അറിയില്ലെന്നും അങ്ങനെയൊരു വിഷയമുണ്ടെങ്കില്‍ തങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുമായിരുന്നുവെന്നും പള്ളി കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു. 

മൗലൂദിനും മറ്റുമായി തൊട്ടടുത്ത പ്രദേശങ്ങളിലെല്ലാം റിയാസ് മുസ്‌ല്യാര്‍ പോകാറുണ്ട്. അതിനാല്‍ തന്നെ അങ്ങനെയൊരു തര്‍ക്കം ഉണ്ടായിട്ടുണ്ടെങ്കില്‍ ആരുമായിട്ടെന്ന് പോലീസ് അന്വേഷിക്കുന്നു. 

ആയുധവുമായി ഏതാനും ദിവസം മുമ്പ് ചിലര്‍ കറങ്ങുന്നത് കണ്ടുവെന്ന പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പോലീസ് നടത്തിയ പട്രോളിംഗിനിടയില്‍ ഒരു തവണ ഒരു ഇരുമ്പ് ദണ്ഡ് കണ്ടെത്തിയതല്ലാതെ കത്തി പോലുള്ള ആയുധങ്ങള്‍ കിട്ടിയിട്ടില്ല. 

സാമൂദായിക സംഘര്‍ഷമുണ്ടാക്കുക എന്ന ലക്ഷ്യം വെച്ചുള്ള കൊലയാണോ എന്ന രീതിയിലാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. അതു കൂടാതെ റിയാസ് മൗലവിക്ക് നാട്ടില്‍ ശത്രുക്കളുണ്ടോ എന്ന രീതിയിലുള്ള അന്വേഷണവും നടക്കുന്നുണ്ട്. അന്വേഷണ സംഘത്തില്‍ പെട്ട ചില പോലീസുകാര്‍ മടിക്കേരിയിലേക്ക് പോയതായാണ് വിവരം.
അതേ സമയം റിയാസ് മുസ്‌ല്യാരുടെ ശരീരത്തിലുള്ള മുഴുവന്‍ കുത്തുകളും ഒരറ്റം മാത്രം മൂര്‍ച്ഛയുള്ള ചെറിയ കത്തി കൊണ്ടാണെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ പോലീസിന് നല്‍കിയ പ്രാഥമിക വിവരം. ഇതില്‍ നെഞ്ചത്തേറ്റ ഒരു കുത്തിന് ഒരു സെന്റീമീറ്റര്‍ വീതിയും രണ്ടര സെന്റീമീറ്റര്‍ ആഴവുമുണ്ട്. ശ്വാസകോശത്തില്‍ മുറിവുണ്ടായതിനാല്‍ ഇതാവാം മരണകാരണമെന്നാണ് നിഗമനം. 

തലയുടെ ഇടത് ഭാഗത്ത് ട്യൂമറിന്റെ ശസ്ത്രക്രിയ നടന്നിരുന്നു. അവിടെയാണ് രണ്ടര സെന്റീമീറ്റര്‍ ആഴമുള്ള രണ്ടാമതൊരു കുത്തേറ്റത്. വയറിലും ഇടത് കൈമുട്ടിലും സമാനരീതിയിലുള്ള കുത്തുണ്ട്. ബാക്കിയുള്ള മുറിവുകളെല്ലാം ചെറുതാണ്. കഴുത്തിലും ചെറിയ പോറല്‍ മാത്രമേയുള്ളു. ചെറുത്ത് നില്‍പ്പിനിടയിലാണ് ദേഹമാസകലം മറ്റു കുത്തുകളേറ്റതെന്ന് കരുതുന്നത്.

നേരത്തെ കൊലക്കേസില്‍ പ്രതികളായ ചിലരെ ചുറ്റിപ്പറ്റിയാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്‌. രണ്ട് കൊലക്കേസില്‍ പ്രതിയായ ഒരു യുവാവിനെയായിരുന്നു ആദ്യം സംശയം. എന്നാല്‍ വാറണ്ടില്‍ അടുത്തിടെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായാണ് വിവരം. അതിനാല്‍ രണ്ട് കൊലക്കേസുകളില്‍ പ്രതിയായ മറ്റൊരു യുവാവിനെ ചുറ്റിപ്പറ്റി ഇപ്പോള്‍ അന്വേഷണം നടക്കുന്നു. ഇരുപതിലധികം പേര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുളളതായാണ് വിവരം . ഇവരില്‍ നിന്ന് കൊലയാളികളിലേക്ക് എത്താനുള്ള സൂചനകള്‍ വല്ലതും ലഭിക്കുമോ എന്നറിയാനാണ് ചോദ്യം ചെയ്യുന്നത്.
കൊല നടന്ന രാത്രി കാസര്‍കോട്, ചൂരി പ്രദേശങ്ങളിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുളള അന്വേഷണവും നടക്കുന്നുണ്ട്. കൊല നടന്നത് അര്‍ധരാത്രി സമയമായതിനാല്‍ ആ സമയത്ത് മൊബൈല്‍ ഫോണ്‍ വിളികളെ ചുറ്റിപ്പറ്റിയാണ് അന്വേഷിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സംശയിക്കുന്ന ചിലര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരല്ല. അതിനാല്‍ തന്നെ ശാസ്ത്രീയമായ മറ്റു തെളിവുകളും ശേഖരിക്കുന്നുണ്ട്. 

നഗരത്തിലെ മുഴുവന്‍ ക്യാമറകളും പരിശോധിച്ച് വരികയാണ്. ഇതില്‍ പലതും പ്രവര്‍ത്തിക്കുന്നില്ലെന്നത് പോലീസിനെ കുഴക്കുന്നു. അര്‍ധരാത്രി ബൈക്കില്‍ കറങ്ങിയ ചിലര്‍ നിരീക്ഷണത്തിലാണ്. ചൂരിയില്‍ സ്ഥാപിച്ച ക്യാമറ പരിശോധിച്ചെങ്കിലും അസ്വാഭാവികമായി യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് വിവരം. കൊലയാളികളെ എത്രയുംപെട്ടെന്ന് കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.