Latest News

മദ്രസാധ്യാപകനെ കൊലപ്പെടുത്തിയ കേസ്‌: ഐ ജിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷണം തുടങ്ങി

കാസര്‍കോട്‌: പഴയ ചൂരിയില്‍ മദ്രസ അധ്യാപകനെ കൊലപ്പെടുത്തിയ കേസില്‍ ഐ ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.[www.malabarflash.com] 
കണ്ണൂര്‍ ഐ ജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘത്തില്‍ കണ്ണൂര്‍ ക്രൈം ബ്രാഞ്ച്‌ എസ്‌ പി ഡോ. എ ശ്രീനിവാസ്‌, വയനാട്‌ ജോയന്റ്‌ എസ്‌ പി ജെ ജയദേവ്‌, മലപ്പുറം ഡി സി ആര്‍ ബി ഡി വൈ എസ്‌ പി എം പി മോഹന ചന്ദ്രന്‍ നായര്‍, തളിപ്പറമ്പ്‌ സി ഐ പി കെ സുധാകരന്‍ എന്നിവരാണ്‌ അംഗങ്ങള്‍.

അന്വേഷണത്തിന്റെ ഭാഗമായി ഡോ. ശ്രീനിവാസും സംഘവും ബുധനാഴ്ച രാവിലെ പഴയചൂരിയിലെത്തി റിയാസ് മുസ്‌ല്യാരെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട താമസസ്ഥലത്ത്‌ പരിശോധന നടത്തി കൊലയാളികള്‍ എത്താനും രക്ഷപ്പെടാനും ഉപയോഗിച്ചതെന്നു കരുതുന്ന വഴികള്‍, പോലീസ്‌ നായ മണം പിടിച്ച വഴികള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക പരിശോധന നടത്തി.
കേസിലെ പരാതിക്കാരനായ അസൈനാറിന്റെ വീട്ടിലും സംഘമെത്തി. സ്റ്റേറ്റ്‌ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ ഡി വൈ എസ്‌ പി പി ബാലകൃഷ്‌ണന്‍ നായര്‍, ജില്ലാ പോലീസ്‌ രഹസ്യാന്വേഷണ വിഭാഗം ഡി വൈ എസ്‌ പി പി അസൈനാര്‍, കാസര്‍കോട്‌ ഡി വൈ എസ്‌ പി എം വി സുകുമാരന്‍, സി ഐ അബ്‌ദുല്‍ റഹീം എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

നാടിനെ നടുക്കിയ കൊലപാതകകേസില്‍ പഴുതടച്ചുള്ള അന്വേഷണത്തിനാണ്‌ മുഖ്യമന്ത്രി പിണറായി വിജയനും ഡി ജി പി ലോക്‌നാഥ്‌ ബെഹ്‌റയും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്‌. കൊലപാതകികളെ കണ്ടെത്തുന്നതിനു എല്ലാ സാധ്യതകളും അന്വേഷിക്കാനാണ്‌ അന്വേഷണ സംഘത്തിന്റെ തീരുമാനം. 

സൈബര്‍സെല്‍, ഫോറന്‍സിക്‌ വിദഗ്‌ദ്ധര്‍ എന്നിവയുടെ സഹായത്തോടെ പരിശോധനകള്‍ തുടരുകയാണ്‌. 

കൊലപാതകം നടന്ന സ്ഥലത്തും സമീപത്തുമായി എവിടെയെങ്കിലും സ്ഥാപിച്ചിട്ടുള്ള സി സി ടി വികളില്‍ കേസ്‌ അന്വേഷണത്തിനു നിര്‍ണ്ണായകമായ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കാമെന്നാണ്‌ അന്വേഷണ സംഘത്തിന്റെ കണക്കു കൂട്ടല്‍.

അന്വേഷണ വിഷയങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും ഉദ്യോഗസ്ഥരുടെ യോഗം ഉച്ചയോടെ ജില്ലാ പോലീസ്‌ ആസ്ഥാനത്തു നടന്നു. കൊലപാതകത്തിന്റെ സാധ്യതകള്‍ യോഗം ചര്‍ച്ച ചെയ്‌തു. സംശയത്തിനു ഒരു തരത്തിലും ഇടനല്‍കാത്ത വിധമുള്ള അന്വേഷണം നടത്താനാണ്‌ യോഗത്തിന്റെ തീരുമാനം.

തിങ്കളാഴ്‌ച അര്‍ധരാത്രിയിലാണ്‌ മടിക്കേരി, കുടക് ജില്ലയിലെ കൊട്ടമുടി ആസാദ് നഗർ സ്വദേശിയും ചൂരി ഇസത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകനുമായ റിയാസ് മുസ്‌ല്യാര്‍ കൊല്ലപ്പെട്ടത്‌. പള്ളിയോട്‌ ചേര്‍ന്നുള്ള കിടപ്പുമുറിയിലാണ്‌ കൊലപാതകം നടന്നത്‌.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.