Latest News

ആയിഷയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ സ്‌നേഹ വീടൊരുക്കാന്‍ മനുഷ്യസ്‌നേഹികള്‍ കൈകോര്‍ക്കുന്നു

കാസര്‍കോട്‌:പിറന്നു വീണു ഏറെ കഴിയും മുമ്പെ നിലത്തെ തണുപ്പേറ്റു മരിക്കുകയും മൃതദേഹം ഉറുമ്പരിക്കുകയും ചെയ്‌ത ആയിഷയുടെ മാതാവിനും ഇരട്ടസഹോദരിക്കും സ്‌നേഹവീടൊരുക്കുന്നു.[www.malabarflash.com]

ചൈല്‍ഡ്‌ പ്രൊട്ടക്‌ട്‌ ടീമാണ്‌ ഇതിനു നേതൃത്വം നല്‍കുന്നത്‌. ഈ മാസം 18,19 തീയ്യതികളില്‍ നടത്തുന്ന സേവന പ്രവൃത്തിയിലൂടെയാണ്‌ വീട്‌ താമസയോഗ്യമാക്കുന്നതെന്നു ഭാരവാഹികളായ സി.കെ.നാസര്‍, മഹമൂദ്‌ അബ്‌ദുള്ള, ഉമ്മര്‍ പാടലടുക്കം, സഫറുള്ള ഹാജി, ആമു നെല്ലിക്കട്ട എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ചെങ്കള പഞ്ചായത്ത്‌ മൂന്നാം വാര്‍ഡിലെ നെല്ലിക്കട്ടയില്‍ താമസിക്കുന്ന ആമു-നസീമ ദമ്പതികളുടെ മകള്‍ ആയിഷ ഈ മാസം മൂന്നിനാണ്‌ മരണപ്പെട്ടത്‌. ആമുവിന്റെ ഒന്‍പതു മക്കളില്‍ ഒരാളായിരുന്നു ആയിഷ. ആയിഷയ്‌ക്കും അഫ്‌സത്തിനും മാതാവ്‌ ഒരൊറ്റ പ്രസവത്തിലാണ്‌ ജന്മം നല്‍കിയത്‌. 

അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്തതാണ്‌ നസീമയും ഭര്‍ത്താവും മറ്റു എട്ടുകുട്ടികളും താമസിക്കുന്ന വീട്‌. ആവശ്യത്തിനു വെള്ളം ഇല്ലാത്തതിനാല്‍ കുട്ടികള്‍ കുളിക്കാറുപോലുമില്ലായിരുന്നു. വിവരമറിഞ്ഞ്‌ ചൈല്‍ഡ്‌ പ്രൊട്ടക്‌ട്‌ ടീം ജില്ലാ കലക്‌ടറെ ബന്ധപ്പെടുകയും ദുരിതം നേരില്‍ കാണിക്കുകയും ചെയ്‌തിരുന്നു. താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ നസീമയെയും നവജാതശിശുവായ അഫ്‌സത്തിനെയും സംഘടനയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. 

നാലു കുട്ടികള്‍ക്കു കാഞ്ഞങ്ങാട്ടെ യത്തീംഖാനയില്‍ പ്രവേശനവും നേടികൊടുത്തു. ചികിത്സയ്‌ക്കു ശേഷം നവജാതശിശുവും തിരിച്ചെത്തേണ്ടത്‌ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാത്ത വീട്ടിലേയ്‌ക്കാണ്‌ . ഇതു വീണ്ടും വലിയ ദുരിതത്തിനു ഇടയാക്കുമെന്നതിനാലാണ്‌ ജനകീയ പങ്കാളിത്തത്തോടെ വീട്‌ നവീകരിക്കുന്നതെന്നു ഭാരവാഹികള്‍ വ്യക്തമാക്കി.
വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍, ഉദാരമായി സംഭാവന ചെയ്യാന്‍ കഴിവുള്ളവര്‍, മനുഷ്യസ്‌നേഹികള്‍ എന്നിവര്‍ കണ്ണുതുറന്നാല്‍, ആയിഷയുടെ ഇരട്ട സഹോദരിയായ അഫ്‌സത്തിനും കുടുംബത്തിനും ദുരിത ജീവിതത്തില്‍ നിന്നു കരകയറാന്‍ കഴിയും. കൂട്ടായ ശ്രമത്തിലൂടെ ആയിഷയുടെ ഓര്‍മ്മകള്‍ അന്തിയുറങ്ങുന്ന വീടിനെ സ്‌നേഹവീടാക്കി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ ഭാരവാഹികള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.